മമ്മൂട്ടിയുടെ സിനിമാ ജീവിതം മാറ്റിമറിച്ച അനശ്വര സിനിമകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം
1 min read

മമ്മൂട്ടിയുടെ സിനിമാ ജീവിതം മാറ്റിമറിച്ച അനശ്വര സിനിമകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം

സിനിമയില്‍ നാല് പതിറ്റാണ്ടായി അഭിനയജീവിതം തുടരുന്ന മമ്മൂട്ടി നമുക്കെന്നും ഒരു വിസ്മയമാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ പുതുക്കുന്ന നടനാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തിയെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. 20-ാം വയസ്സിലാണ് ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന സിനിമകള്‍ എന്നും മലയാൡളുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. ഇതില്‍ പ്രധാനമായി മമ്മൂട്ടിയിലെ നടനും താരത്തിനും ഉപകാരപ്രദമായ ചില സിനിമകള്‍ നമുക്ക് പരിജയപ്പെടാം.

ഇതില്‍ ആദ്യം വരുന്ന ചിത്രമാണ് തൃഷ്ണ. തന്റേതായ ശൈലിയിലും സംവിധാന രീതിയിലും സിനിമകളെടുത്ത് മലയാള സിനിമാ ചരിത്രത്തില്‍ വേറിട്ട് നിന്ന സംവിധായകന്‍ ഐവി ശശി 1981ല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തൃഷ്ണ. റോസമ്മ ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ധനികനും സ്വഭാവദൂഷ്യമുള്ള ചെറുപ്പക്കാരനുമായ ദാസ് എന്ന കഥാപാത്രമാണ് മമ്മൂട്ടി ചെയ്തത്. ടി. ദാമോദരന്‍തിരക്കഥഎഴുതി ഐ വി ശശി സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആവനാഴി. ഇതിലെ മുഖ്യകഥാപാത്രമായ ഇന്‍സ്‌പെക്റ്റര്‍ ബലറാമിനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഗീത, നളിനി,സുകുമാരി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു.

മെഗാസ്റ്റാര്‍ പദവിയിലേക്ക് മമ്മൂട്ടിയെ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത 1987ല്‍ ന്യൂഡെല്‍ഹി. ഒരേ പോലെ നാല് ഭാഷയിലേക്ക് റീമെയ്ക്ക് ചെയ്ത ചിത്രം തമിഴ്‌നാട്ടിലും 100 ദിവസം ഓടി ചരിത്രം സൃഷ്ടിച്ചിരുന്നു. സുമലത, ഉര്‍വശി, ത്യാഗരാജന്‍, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ ജോസ്, ദേവന്‍, സുരേഷ് ഗോപി, പ്രതാപ് ചന്ദ്രന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വാണിജ്യപരമായി വന്‍ നേട്ടം കൈവരിച്ച ചിത്രമായിരുന്നു ഇത്. വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി, ബാലന്‍ കെ. നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1989-ല്‍ ആണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രദര്‍ശന വിജയം കൈവരിച്ച ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ തന്നെ വലിയ ഹിറ്റുകളില്‍ ഒന്നായാണ് കണക്കാക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയാണ് അടുത്ത ചിത്രം. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ എന്ന കേന്ദ്രകഥാപാത്രമായാണ് മമ്മൂട്ടി അഭിനയിച്ചിത്. കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ മറ്റ് സിനിമകളാണ് ജാഗ്രത (1989), സേതുരാമയ്യര്‍ സി.ബി.ഐ. (2004), നേരറിയാന്‍ സി.ബി.ഐ. (2005) പിന്നെ അണിയറിയില്‍ ഒരുങ്ങുന്ന സിബിഐ5 ദ ബ്രയിന്‍ എന്നിവയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ 1989-ല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് മതിലുകള്‍. മമ്മൂട്ടി, മുരളി, കെ.പി.എ.സി. ലളിത എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1990-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധനേടിയ ചിത്രം കൂടിയാണ് മതിലുകള്‍. മികച്ച അഭിനയം, സംവിധാനം എന്നിവ ഉള്‍പ്പെടെ ആ വര്‍ഷത്തെ നാല് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളും മതിലുകള്‍ എന്ന ചിത്രം നേടുകയുണ്ടായി. മമ്മൂട്ടിയാണ് ബഷീറായി അഭിനയിക്കുന്നത്. ജയിലിലെത്തുന്ന ബഷീര്‍ മതിലിനപ്പുറത്തെ പെണ്‍ജയിലിലെ തടവുകാരിയായ നാരായണിയുമായി ചങ്ങാത്തത്തിലാവുന്നു. ഇരുവരും നടത്തുന്ന സംഭാഷണങ്ങളെല്ലാം തന്നെ ഇന്നും ഏറെ ശ്രദ്ധനേടുന്ന ഒന്നാണ്.

സക്കറിയയുടെ ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിധേയന്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 1993-ലെ കേരള സര്‍ക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉള്‍പ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടി 1994-ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരത്തിനും അര്‍ഹനാവുകയുണ്ടായി. കര്‍ണാടകയിലെ നെല്ലാടിയില്‍ സക്കറിയ കൃഷിയുമായി ജീവിക്കുമ്പോള്‍ അവിടുത്തെ മലയാളികള്‍ പറഞ്ഞുകൊടുത്ത കഥകള്‍ വെച്ചാണ് ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ ജനിക്കുന്നത്. ഡോ.ബാബ സാഹിബ് അംബേദ്ക്കര്‍ എന്ന ചിത്രമാണ് മമ്മൂട്ടി അംബരപ്പിക്കുന്ന അഭിനയം കാഴ്ച്ചവെച്ച മറ്റൊരു സിനിമ. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള ഫീച്ചര്‍ ഫിലിംമാണ് ഈ ചിത്രം. അംബേദ്ക്കറായി അഭിനയിച്ച മമ്മൂട്ടിയുടെ അസാമാന്യ അഭിനയപ്രകടനം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

രാജമാണിക്യമാണ് അടുത്ത മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് സിനിമകളില്‍ ഒന്ന്.
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, സായി കുമാര്‍, മനോജ് കെ. ജയന്‍, പത്മപ്രിയ, സിന്ധു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2005-ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് രാജമാണിക്യം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്. ഈ ചലച്ചിത്രത്തില്‍, മമ്മൂട്ടിയുടെ തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണ രീതി ശ്രദ്ധേയമായിരുന്നു. ഭീഷ്മപര്‍വ്വമാണ് ഒടുവില്‍ മമ്മൂട്ടി അഭിനയിച്ച് ഹിറ്റായിരിക്കുന്ന ചിത്രം. മമ്മൂട്ടിയെനായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വം 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രമാണ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കൊവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററില്‍ ഏറ്റവും വലിയ വിജയം നേടി മുന്നേറിയ ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. മമ്മൂട്ടി എന്ന നടന്റെ അഭിനയമികവുകള്‍ അടയാളപ്പെടുത്തു മറ്റനേകം സിനിമകള്‍ ഉണ്ട്. സുകൃതം, തനിയാവര്‍ത്തനം, ദ കിംങ്, മൃഗയ, ധ്രുവം, യവനിക, വല്യേട്ടന്‍, കാഴ്ച്ച, പാലേരിമാണിക്യം, പഴശ്ശിരാജ എന്നിങ്ങനെ നിരവധി ചിത്രങ്ങളുണ്ട്.