വെളുത്ത മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച് മമ്മൂട്ടി ; നിഗൂഢത ഉണര്‍ത്തുന്ന’റോഷാക്ക്’ പോസ്റ്റര്‍ ചര്‍ച്ചയാവുന്നു
1 min read

വെളുത്ത മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച് മമ്മൂട്ടി ; നിഗൂഢത ഉണര്‍ത്തുന്ന’റോഷാക്ക്’ പോസ്റ്റര്‍ ചര്‍ച്ചയാവുന്നു

ലയാളികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ല അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടംപിടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. വെളുത്ത മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച് തനിച്ചിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍ ഉള്ളത്. വ്യത്യസ്ത ഭാവത്തിലുള്ള മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിരവധി പേരാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്യുന്നത്. റോഷാക്കിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടപ്പോള്‍ വൈറ്റ് റൂം ടോര്‍ചറിന്റെ ചര്‍ച്ചയായിരുന്നു. ഈ സൂചനയാണ് പോസ്റ്ററും നല്‍കുന്നത്. റോഷാക്കിന്റെ ട്രെയിലറിന്റെ അവസാന ഭാഗത്ത് വെള്ള പ്രതലത്താല്‍ ചുറ്റിയ മുറിയില്‍ ഇരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍, വൈറ്റ് റൂം ടോര്‍ച്ചര്‍ എന്ന പേരുകളില്‍ അറിയപ്പെടുന്നത്. വൈറ്റ് റൂം ടോര്‍ച്ചര്‍ ഒറ്റപ്പെടലിലേക്കും ഇന്ദ്രിയങ്ങള്‍ നശിക്കുന്നതിലേക്കും വഴിവെക്കുമെന്ന് മനശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ മുറിയില്‍ അടക്കുന്ന കുറ്റവാളി പിന്നീട് കടന്നുപോകുന്നതെല്ലാം വെള്ള നിറത്താല്‍ ചുറ്റപ്പെട്ട വസ്തുക്കളിലൂടെയാകും.

റോഷാക്കിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.