പല വേഷങ്ങള്‍… പല ഭാവങ്ങള്‍…! 2022 മൊത്തത്തില്‍ തൂക്കി മെഗാസ്റ്റാര്‍
1 min read

പല വേഷങ്ങള്‍… പല ഭാവങ്ങള്‍…! 2022 മൊത്തത്തില്‍ തൂക്കി മെഗാസ്റ്റാര്‍

മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി അമ്പത് വര്‍ഷത്തോളമായി മലയാള സിനിമയുടെ നിറ സാന്നിദ്യമാണ്. ഈ മഹാനടന്‍ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ലുക്കിലാണുള്ളത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. പ്രായമെന്നത് അദ്ദേഹത്തിന് വെറുമൊരു സംഖ്യ മാത്രമാണ്. അമ്പത് വര്‍ഷത്തിലധികമായി ആവേശത്തോടെ ഇന്നും സിനിമയെ സമീപിക്കുന്ന ഒരു നടനാണ് മമ്മൂട്ടി. 2022 മമ്മൂട്ടിയുടെ വര്‍ഷമാണെന്ന് നിശംസയം പറയാം. അതുപോലെ വ്യത്യസ്തവും പുതുമയും നിറഞ്ഞതായിരുന്നു റിലീസായ ഓരോ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നതും.

2022 ല്‍ റിലീസായ ഓരോ സിനിമയിലും അപ്പിയറന്‍സു കൊണ്ടും അഭിനയം കൊണ്ടും വിസ്മയം ലോകം തന്നെ സൃഷ്ടിക്കുകയയായിരുന്നു മമ്മൂട്ടി. മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക് ഇത്രമാത്രം അവസരം നല്‍കിയ മറ്റൊരു നടനുമില്ല. ജിയോ ബേബി ഒരുക്കുന്ന കാതല്‍ ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ‘ഇങ്ങനെയുണ്ടോ ഒരു നടന്‍, നിങ്ങളിത് എന്ത് ഭാവിച്ചാണെന്നെല്ലാമാണ്’ മമ്മൂട്ടിയെക്കുറിച്ച് ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമയോടും അഭിനയത്തോടുമുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനിവേശത്തേയും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തേയും അഭിനന്ദിച്ചുകൊണ്ടാണ് പലരും കാതലിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

ഈ വര്‍ഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പുഴു, റോഷാക്ക്, ഭീഷ്മപര്‍വ്വം, സിബിഐ ദ ബ്രെയ്ന്‍ എന്നീ സിനിമകളും വരാനിരിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കവും ചൂണ്ടിക്കാട്ടിയും നിരവധിപേരാണ് അഭിനന്ദനപ്രവാഹവുമായി എത്തുന്നത്. ഭീഷ്മയിലെ മൈക്കളപ്പയും പുഴുവിലെ കുട്ടനും റോഷാക്കിലെ ലൂക്ക് ആന്റണിയുമെല്ലാം അഞ്ചു ദശകങ്ങളുടെ അഭിനയ സാമ്രാട്ടിനു പുതിയ സാധ്യതകളെ സൃഷ്ടിച്ചപ്പോള്‍ സിബിഐ 5 എന്ന ചിത്രത്തിലൂടെ ഒരേ അണിയറ പ്രവര്‍ത്തകര്‍ ഒന്നിച്ച സിനിമയുടെ അഞ്ചാം പതിപ്പ് എന്ന പുതിയ കാഴ്ചാനുഭവവും കൗതുകവുമാണ് പകര്‍ന്നുതന്നത്.

2022ല്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മൈക്കിളപ്പന്‍ തിയേറ്ററില്‍ നിറഞ്ഞാടിയ ഭീഷ്മപര്‍വ്വമാണ് തിയേറ്റര്‍ കളക്ഷനില്‍ ഈവര്‍ഷം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇപ്പോള്‍ തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുന്നത് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ആണ്. ലൂക്ക് ആന്റണിയായി മമ്മൂട്ടി ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. സിനിമ മൂന്നാം വാരത്തിലേക്ക് കടന്നപ്പോള്‍ പുതിയ പോസ്റ്ററും മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരുന്നു.
വാണിജ്യ ഘടകങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ മൗലികമായ സിനിമകള്‍ ഒരുക്കാനാണ് മമ്മൂട്ടി കമ്പനി ശ്രമിക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറും അമല്‍ നീരദിന്റെ ബിലാലും ജിയോ ബേബിയുടെ കാതലും ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന നന്‍ പകല്‍ നേരത്ത് മയക്കവും എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം കഡുഗണ്ണാവ – ഒരു യാത്രാക്കുറിപ്പും തെലുങ്കു ചിത്രം ഏജന്റുമെല്ലാം മമ്മൂട്ടിയുടെ സുവര്‍ണ്ണ കാലഘട്ടമാക്കുമെന്നതിന്റെ സാക്ഷ്യപത്രങ്ങളാകും.