‘തിരോന്തോരം മുതൽ കാസ്രോഡ് വരെ’; വ്യത്യസ്ത ഭാഷാശൈലികളെ അമ്മാനമാടി മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ
1 min read

‘തിരോന്തോരം മുതൽ കാസ്രോഡ് വരെ’; വ്യത്യസ്ത ഭാഷാശൈലികളെ അമ്മാനമാടി മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ

മലയാളഭാഷയിലെ വൈവിധ്യങ്ങളെ അതേപടി ഒപ്പിയെടുത്ത് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന മഹാനടനാണ് മമ്മൂട്ടി. മലയാളം ഒന്നേയുള്ളൂ. എന്നാൽ മലയാള ഭാഷയുടെ മൊഴികളിൽ ഒട്ടനവധി വൈവിധ്യങ്ങളുണ്ട്. ഓരോ ദേശത്തിനും അതിന്റേതായ ഭാഷ ശൈലികളും രീതികളുമുണ്ട്. ഇവയെല്ലാം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ കഥാപാത്രവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന വ്യക്തിയിൽ നിന്നും ഒരു കഥാപാത്രമായി മാറുമ്പോൾ ആ കഥാപാത്രത്തിന് ഉണ്ടാകുന്ന ഭാഷാ വ്യത്യാസങ്ങൾ പോലും വളരെ ശ്രമകരമായയാണ് ഇദ്ദേഹം ചെയ്യുന്നത്. ഓരോ ഭാഷയെയും ഓരോ ദേശത്തെയും അവിടുത്തെ ജീവിത രീതികളെയും അതേപടി പകർത്തി ആ കഥാപാത്രത്തെ മമ്മൂട്ടി പാകപ്പെടുത്തിയെടുക്കുന്നു. അതുകൊണ്ടുതന്നെയാണ് ഓരോ നാടിനും മമ്മൂട്ടി എന്ന മഹാനടൻ അവരുടെ സ്വന്തം നാട്ടുകാരനായി മാറുന്നതും. ഇദ്ദേഹം അഭിനയിച്ച 17 വ്യത്യസ്ത കഥാപാത്രങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

1. 1921

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ടീ. ദാമോദരന്റെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് 1921. ഏറനാട്ടുകാരനായ ഖാദർ എന്ന മുസ്ലിം കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഏറനാടിന്റെ ഭാഷാശൈലി അതേപടി കഥാപാത്രത്തിൽ കൊണ്ടുവരാൻ മമ്മൂട്ടിക്ക് സാധിച്ചു.

2. ഒരു വടക്കൻ വീരഗാഥ

എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. ചന്തു എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. “ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻകാരം കൊണ്ട് ചുരിക വിളയ്ക്കാൻ കൊല്ലന് പതിനാറു പണം കൊടുത്തവൻ ചന്തു… മാറ്റങ്കചുരിക ചോദിച്ചപ്പോൾ മറന്നു പോയെന്ന് കളവു പറഞ്ഞവൻ ചന്തു…”. അക്കാലത്ത് പ്രേക്ഷകരിൽ ആവേശം കൊള്ളിച്ച വികാര തീവ്രമായ സിനിമയിലെ സംഭാഷണങ്ങളാണിത്. ഇവയെല്ലാം സ്ഫുടമായി പറയാൻ മലയാളത്തിൽ മമ്മൂട്ടിയെ കൊണ്ടേ സാധിക്കൂ. അതിനാലാണ് ഈ കഥാപാത്രത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ ലഭിച്ചത്.

3. കോട്ടയം കുഞ്ഞച്ചൻ

‘മുട്ടത്ത് വർക്കി’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഡെന്നീസ് ജോസഫ് എഴുതി ടി. എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് കോട്ടയം കുഞ്ഞച്ചൻ. ചട്ടമ്പി ആയ കോട്ടയം അച്ചായന്റെ റൂളാണ് മമ്മൂട്ടിൽ ഇതിൽ ചെയ്തിരിക്കുന്നത്. ചട്ടമ്പിയായ കോട്ടയം അച്ചായന്റെ ഉള്ളിലെ നന്മയും ചിത്രത്തിൽ തുറന്നു കാട്ടുന്നുണ്ട്. “അയ്യോ… ഇവനാണോ പരിഷ്കാരി…” സിനിമയിൽ മമ്മൂട്ടി പറയുന്ന ഈ രസകരമായ ഡയലോഗ് മലയാളികൾക്കാർക്കും മറക്കാൻ കഴിയില്ല. കോട്ടയംകാരെ പോലും വെല്ലുന്ന തനി അച്ചായനെയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്.

4. അമരം

ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത വികാരഭരിതമായ സിനിമയാണ് അമരം. അരയന്റെ സങ്കടങ്ങളും ജീവിതവും അച്ചൂട്ടി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷക മനസ്സുകളിലേക്ക് ഒരു നൊമ്പരമായി അവതരിപ്പിച്ചു. അച്ചൂട്ടിയുടെ സങ്കടം ഉള്ളിൽ നീറുമ്പോഴും ആലപ്പുഴയിലെ കടപ്പുറം ഭാഷയുടെ ഭാവം മമ്മൂട്ടി കൈവിടാതെ മുറുകെപ്പിടിച്ചിരുന്നു.

5. വാത്സല്യം

ലോഹിതദാസിന്റെ രചനയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത സിനിമയാണ് വാത്സല്യം. മേലേടത്ത് രാഘവൻ നായർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്നേഹവും കരുതലും നൊമ്പരങ്ങളും ഉള്ളിൽ ഒതുക്കിയ രാഘവൻ നായർ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി വള്ളുവനാടൻ മലയാളമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇത് മമ്മൂട്ടിയെ മികച്ച നടനുള്ള സംസ്ഥാന അവാർഡിനു വരെ അർഹനാക്കി.

6. വിധേയൻ

പോൾ സക്കറിയയുടെ “ഭാസ്കരപട്ടേലരും എന്റെ ജീവിതവും” എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ. മമ്മൂട്ടി ഈ സിനിമയിൽ ഭാസ്കരപട്ടേലർ എന്ന കഥാപാത്രമാണ് ചെയ്തത്. തുളു കലർന്ന മലയാളമാണ് മമ്മൂട്ടി കഥാപാത്രത്തിലൂടെ സംസാരിച്ചത്.

7. ഡാനി

ടി.വി. ചന്ദ്രൻ തന്നെ തിരക്കഥയും സംവിധാനവും ചെയ്ത സിനിമയാണ് ഡാനി. ജിഭാഷ പറയുന്ന ഡാനി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഫോർട്ടുകൊച്ചി ഭാഷയിലേക്ക് പരകായ പ്രവേശം നടത്താൻ ഈ സിനിമയിലൂടെ മമ്മൂട്ടിക്ക് കഴിഞ്ഞു.

 8. കാഴ്ച

ബ്ലെസ്സി തന്നെ രചനയും സംവിധാനവും ചെയ്ത ചിത്രമാണ് കാഴ്ച. സിനിമ ഓപ്പറേറ്റർ ആയ മാധവൻ എന്ന കുട്ടനാട്ടുകാരന്റെ നൊമ്പരമായ കഥയാണിത്. കുട്ടനാടൻ ഭാഷ ശൈലിയിലുള്ള മമ്മൂട്ടി കഥാപാത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ നേടിക്കൊടുത്തു.

 9. രാജമാണിക്യം

ടി. എ. ഷാഹിദിന്റെ രചനയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രമാണ് രാജമാണിക്യം. ബെല്ലാരിരാജ എന്ന രാജമാണിക്യമായി തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയിൽ എത്തിയത്. “യെവൻ ആള് പുലിയാണ് കെട്ടാ…” ഈ ഡയലോഗ് പറയാത്ത മലയാളികൾ കുറവാണ്. പ്രേക്ഷകരെ ആവേശം കൊള്ളിച്ച അടിപൊളി ചിത്രമാണ് രാജമാണിക്യം. കഥാപാത്രത്തിന്റെ ഭാഷയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ബോക്സ് ഓഫീസിന്റെ ചരിത്രം പോലും ഈ സിനിമ മാറ്റി എഴുതി.

10. ബസ് കണ്ടക്ടർ

ടി. എ. റസാക്കിന്റെ തിരക്കഥയിൽ വി. എം. വിനു സംവിധാനം ചെയ്ത ചിത്രമാണിത്. തനി മലപ്പുറംകാരനായ കുഞ്ഞാക്ക എന്ന റോളാണ് മമ്മൂട്ടി ഈ സിനിമയിൽ കാഴ്ചവച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിലൂടെ മമ്മൂട്ടി മലപ്പുറത്തെ മുസ്ലിം ഭാഷയെ കൂടുതൽ ഇമ്പമുള്ളതാക്കി മാറ്റി.

11. കറുത്ത പക്ഷികൾ

കമലിന്റെ രചനയിലും സംവിധാനത്തിനും പുറത്തിറങ്ങിയ ചിത്രമാണ് കറുത്ത പക്ഷികൾ. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ വന്ന വസ്ത്രം തേപ്പുകാരൻ മുരുകന്റെ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. തമിഴ് കലർന്ന മലയാളത്തിലാണ് കഥാപാത്രം സംസാരിക്കുന്നത്. ഇത് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തെ കൂടി മനസ്സിലാക്കിത്തരുന്നു.

12. ലൗഡ് സ്പീക്കർ

ജയരാജിന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ ചിത്രമാണ് ലൗഡ് സ്പീക്കർ. ഫിലിപ്പോസ് എന്ന മൈക്കിന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഉറക്കെ വർത്തമാനം പറയുന്ന നിഷ്കളങ്കനായ തോപ്രാംകുടിക്കാരനായിരുന്നു സിനിമയിൽ മമ്മൂട്ടി ചെയ്തത്. ഇടുക്കിയിലെ മലയോര ജീവിതം പ്രേക്ഷകർക്ക് ഈ സിനിമയിലൂടെ സമ്മാനിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു.

13. ചട്ടമ്പിനാട്

ബെന്നി പി. നായരമ്പരത്തിന്റെ രചനയിൽ ഷാഫി സംവിധാനം ചെയ്ത സിനിമയാണ് ചട്ടമ്പിനാട്. വീരേന്ദ്രമല്ലയ എന്ന കന്നട കലർന്ന മലയാള ഭാഷ സംസാരിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടി ഈ സിനിമയിൽ തകർത്തഭിനയിച്ചത്. സിനിമയിലെ സംഭാഷണങ്ങളും ഹാസ്യവും ആക്ഷനും എല്ലാം മല്ലിയ്യ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി മികവുറ്റതാക്കി.

14. പാലേരി മാണിക്യം

“പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്നാൽ ടി. പി. രാജീവന്റെ നോവലിനെ അടിസ്ഥാനമാക്കി രഞ്ജിത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ ചിത്രമാണ് പാലേരി മാണിക്യം. മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടെത്. കോഴിക്കോടിന്റെ ഉൾനാടൻ ഭാഷയെ ഇത്ര കൃത്യമായി അവതരിപ്പിക്കാൻ മലയാളത്തിൽ മറ്റാർക്കും കഴിയില്ല.

15. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്

രഞ്ജിത്തിന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ ചിത്രമാണ് പ്രാഞ്ചിയേട്ടൻ. ചിറമ്മൽ ഈനാശു ഫ്രാൻസിസ് എന്ന പ്രാഞ്ചിയേട്ടനായാണ് മമ്മൂട്ടിയുടെ കഥാപാത്രം. തൃശ്ശൂർക്കാരൻ ആയ പ്രാഞ്ചിയേട്ടൻ ആയി മമ്മൂട്ടി എത്തിയപ്പോൾ മലയാളം കണ്ട മികച്ച ചിത്രമായി ഇത് മാറി.

16. കമ്മത്ത് & കമ്മത്ത്

ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരുടെ രചനയിൽ തോംസൺ കെ തോമസ് സംവിധാനം ചെയ്ത മനോഹരമായ ചിത്രമാണ് കമ്മത്ത് & കമ്മത്ത്. മമ്മൂട്ടിയും ജനപ്രിയ നടൻ ദിലീപും കമ്മത്ത് സഹോദരന്മാരായി പ്രധാന വേഷങ്ങൾ എത്തിയ സിനിമയാണിത്. ചിത്രത്തിന്റെ പ്രധാന ആകർഷണം കൊങ്കിണി മലയാളമായിരുന്നു.

17. പുത്തൻ പണം

രഞ്ജിത്തിന്റെയും പി. വി. ഷാജി കുമാറിന്റെയും രചനയിൽ രഞ്ജിത്ത് തന്നെ സംവിധാനവും ചെയ്ത സിനിമയാണ് പുത്തൻ പണം. കാസർഗോഡ് ജില്ലയിലെ വടക്കേ അറ്റത്തെ കാസർഗോഡൻ മലയാളം സംസാരിക്കുന്ന നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്. കാസർഗോഡൻ ഭാഷയുടെ വാമൊഴി വഴക്കങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞു.

ആറു മലയാളിക്ക് നൂറു മലയാളമുള്ള നാടിന്റെ തെക്കുമുതൽ വടക്ക് വരെയുള്ള ഭാഷ വൈവിധ്യങ്ങളെ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി മലയാളത്തിന് സമ്മാനിച്ചു. ഓരോ നാടിന്റെയും ഭാഷാശൈലിയിൽ മാത്രമല്ല ശബ്ദത്തിലും മെയ്‌വഴക്കത്തിലും വരെ ഇദ്ദേഹം അനായാസം മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതുതന്നെയാണ് ഈ മഹാനടന്റെ വിജയവും.