പോലീസ് ഓഫീസറായി മമ്മൂട്ടിയുടെ പരകായ പ്രവേശം കണ്ട് ആവേശഭരിതരായി അണിയറ പ്രവർത്തകർ; വീഡിയോ വൈറൽ
1 min read

പോലീസ് ഓഫീസറായി മമ്മൂട്ടിയുടെ പരകായ പ്രവേശം കണ്ട് ആവേശഭരിതരായി അണിയറ പ്രവർത്തകർ; വീഡിയോ വൈറൽ

ഈ വർഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ അനവധിയാണ്. അവയുടെ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അത്തരത്തിൽ പ്രേക്ഷ ശ്രദ്ധ നേടിയ ഒന്നാണ് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ജൂലൈ 10 – ന് എറണാകുളത്ത് വെച്ചായിരുന്നു നടത്തിയത്. ഇതൊരു ത്രില്ലർ ചിത്രമാണ്. ഒരു പോലീസ് ഓഫീസറുടെ കഥാപാത്രമാണ് മെഗാസ്റ്റാർ അവതരിപ്പിക്കുന്നത്.

 

എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പിന്നീട് പൂയംകുട്ടിയിലേക്ക് മാറ്റിയിരുന്നു. വണ്ടിപ്പെരിയാറും ഈ സിനിമയുടെ ലൊക്കേഷൻ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ആണ് മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചിത്രത്തിന്റെ സെറ്റിൽ നിന്നും അണിയറ പ്രവർത്തകർ പങ്കുവെച്ച ഈ വീഡിയോ ആരാധകരിൽ വലിയ ആവേശമാണ് ഉണർത്തുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഗെറ്റപ്പും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. അതിനാൽ ഈ ത്രില്ലർ ചിത്രം ആരാധകരിലും വലിയ ത്രില്ലടിപ്പിക്കുകയാണ്.

 

 

ചിത്രത്തിൽ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി, എന്നിങ്ങനെ മൂന്ന് നായികമാരാണുള്ളത്. പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായാണ് വില്ലൻ വേഷം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണിത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിങ്ങനെ അനവധി താരനിരകളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2010 – ൽ പുറത്തിറങ്ങിയ ‘പ്രമാണി’ക്ക് ശേഷം മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. മോഹൻലാൽ നായകനായെത്തിയ ‘ആറാട്ടിനു’ ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

ആർ. ഡി. ഇല്ലുമിനേഷൻസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചായഗ്രഹണം ‘ഓപ്പറേഷൻ ജാവ’യുടെ ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖാണ്. ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിംഗ് മനോജും കലാസംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീൺ വർമ്മയും ചമയം ജിതേഷ് പൊയ്യയുമാണ് നിർവഹിക്കുന്നത്. നിർമ്മാണ നിർവഹണം ചെയ്യുന്നത് ആരോമ മോഹനാണ്. പോലീസ് വേഷങ്ങളിലുള്ള മമ്മൂക്കയുടെ മറ്റു കഥാപാത്രങ്ങളെപോലെത്തന്നെ ഈ ത്രില്ലർ കഥാപാത്രവും സൂപ്പർ ഹിറ്റാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അതിനായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.