“So Called Born Actor അല്ല ഞാൻ.. എന്നിലെ നടനെ തേച്ചാൽ ഇനിയും മിനുങ്ങും..” : മനസുതുറന്ന് മമ്മൂട്ടി
1 min read

“So Called Born Actor അല്ല ഞാൻ.. എന്നിലെ നടനെ തേച്ചാൽ ഇനിയും മിനുങ്ങും..” : മനസുതുറന്ന് മമ്മൂട്ടി

20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ താരമാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. ഒരു ഡയലോഗ് പോലുമില്ലാതെ 1971 ഓഗസ്റ്റ് ആറിന് ആദ്യമായി അഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍. 73-ല്‍ കാലചക്രം എന്ന സിനിമയില്‍ ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. പിന്നീട് നായക നിരയിലേക്ക് പ്രവേശിച്ചു.

തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ മമ്മൂട്ടി നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. സോ കോള്‍ഡ് ബോണ്‍ ആക്ടര്‍ അല്ല ഞാന്‍ എന്നാണ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. തേച്ച് തേച്ച് മിനുക്കിയെടുത്തതാണ് എന്നിലെ നടനെ, ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങുമെന്നും അദ്ദേഹം പറയുന്നു. സെറ്റിലേക്ക് ചെല്ലുമ്പോള്‍ നമുക്ക് രാവിലെയുള്ള അന്തരീക്ഷത്തില്‍ നിന്നും ഒന്നും കിട്ടുകയില്ല. ആ സെറ്റിലും ആ അറ്റമോസ്ഫിയറിലും കോസ്റ്റിയൂം എല്ലാമിട്ട് നമ്മളൊരു രൂപമായി കഴിഞ്ഞാല്‍ നമുക്ക് കണ്ണാടിയില്‍ നോക്കിയാല്‍ അറിയാം ഇത് ഞാനല്ല മറ്റെയാളാണെന്ന് മമ്മൂട്ടി പറയുന്നു.

ഞാന്‍ ഈ പറഞ്ഞ പോലെ ബോണ്‍ അക്ടറല്ലല്ലോ. സോ കോള്‍ഡ് ബോണ്‍ ആക്ടറല്ല ഞാന്‍. ഞാന്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച് ആഗ്രഹിച്ച് അങ്ങനെ നന്നായി നന്നായി വന്നയാളാണ്. ഞാന്‍ ഒരിക്കല്‍ പറഞ്ഞപോലെ തേച്ച് തേച്ച് മിനുക്കിയെടുത്തതാണ് ഞാന്‍. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും എന്നുള്ളതാണ്. അതില്‍ എന്തെങ്കിലും തിരിച്ചടി വന്നാല്‍ കൂടുതല്‍ മിനുക്കാം. അഴുക്ക് പിടിക്കുന്നതെല്ലാം മിനുക്കാമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഈ പ്രായമെന്ന് പറയുന്നത് നമ്മുടെ ശരീരത്തിനാണ്. നമ്മുടെ ചിന്തകള്‍ക്കൊന്നും ഒരു പൈസയുടെ പ്രായമാവുന്നില്ല. നമ്മള്‍ അനുവദിക്കില്ല. അങ്ങനെ പ്രായമാവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നേയില്ല. നമുക്ക് ഫിസിക്കലി ചിലത് പറ്റില്ലെന്നറിയാം. അതല്ലാതെ നമ്മുടെ ധാരണകള്‍ക്കോ ചിന്തകള്‍ക്കോ അറിവിനോ എല്ലാത്തിനും ഒരു പരിധി ഉണ്ടെങ്കില്‍പോലും ആഗ്രഹങ്ങള്‍ക്കൊന്നും ഒരു കുറവുമില്ല. കാഴ്ച്ചകള്‍ക്കും ഒരു കുറവുമുണ്ടാവില്ലെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.

മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് സിബിഐ5 ദ ബ്രെയിന്‍. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുകയാണ്. നാളുകള്‍ക്ക് ശേഷമായി ജഗതി ശ്രീകുമാര്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രമേഷ് പിഷാരടി, രണ്‍ജി പണിക്കര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റതീന പിടി സംവിധാനം ചെയ്യുന്ന സിനിമ പുഴു മെയ് 13ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് ഷേഡുള്ള വേഷമാണ് മമ്മൂട്ടിയുടേത്.