പുത്തന്‍പണത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു ; എംടിയുടെ തിരക്കഥയില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’
1 min read

പുത്തന്‍പണത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു ; എംടിയുടെ തിരക്കഥയില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’

മ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാംവെച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകരില്‍ ഓരാളാണ് രഞ്ജിത്ത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയും രഞ്ജിത്ത് ശ്രദ്ധേയനായി. രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമകളെല്ലാം ജനപ്രീതി സ്വന്തമാക്കിയവയായിരുന്നു. പ്രാഞ്ചിയേട്ടന്‍, കയ്യൊപ്പ്, പാലേരിമാണിക്യം അടക്കമുള്ള സിനിമകള്‍ എല്ലാ കാലവും പ്രേക്ഷകരുടെ മനസിലുള്ളതാണ്. 2017ല്‍ രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുത്തന്‍പണം എന്ന സിനിമയായിരുന്നു ഏറ്റവും ഒടുവില്‍ ഇരുവരും ചെയ്തത്.

ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി സിനിമാസീരീസില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. എം.ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണ് കടുഗണ്ണാവ. മമ്മൂട്ടിയാണ് പി.കെ. വേണുഗോപാല്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുക. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ.

ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് ‘കടുഗണ്ണാവ’ എന്ന ചെറുകഥയില്‍ എം.ടി എഴുതിയിരിക്കുന്നത്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവന്ന വേണുഗോപാല്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന രീതില്‍ എം.ടി. എഴുതിയ ചെറുകഥയാണ് ‘കടുഗണ്ണാവ’. എന്തായാലും പ്രേക്ഷകരെല്ലാം വളരെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. മമ്മൂട്ടിയും രഞ്ജിത്തും പിന്നെ എംടിയുടെ കഥയുമായതിനാല്‍ സിനമ ഹിറ്റായിരിക്കുമെന്നാണ് ആരാധകരും പ്രേക്ഷകരും പറയുന്നത്.

എം.ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെര്‍ലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റുചിത്രങ്ങള്‍. ഇതില്‍ ഓളവും തീരവും പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായകനായെത്തുന്ന മോഹന്‍ലാല്‍ ആണ്. എം.ടിയുടെ മകള്‍ അശ്വതി, സന്തോഷ് ശിവന്‍, ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണന്‍ തുടങ്ങിയവരാണ് മറ്റ് കഥകള്‍ സംവിധാനം ചെയ്യുന്നത്.