’66 വയസായ കേരളത്തിന് ആശംസകളോടെ 72 വയസുള്ള യുവാവ്’; മമ്മൂക്കയുടെ പുതിയ ഫോട്ടോ വൈറല്‍
1 min read

’66 വയസായ കേരളത്തിന് ആശംസകളോടെ 72 വയസുള്ള യുവാവ്’; മമ്മൂക്കയുടെ പുതിയ ഫോട്ടോ വൈറല്‍

ലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്ലായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. പ്രായം കൂടുംതോറും സൗന്ദര്യം കൂടിവരുന്ന അത്ഭുതമാണ് മമ്മൂട്ടി. താരത്തിന്റെ പുത്തന്‍ ചിത്രങ്ങളും ഗെറ്റപ്പുകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. പ്രായത്തെ വെല്ലുന്ന സൗന്ദര്യമെന്നൊക്കെയുള്ള വിശേഷണങ്ങള്‍ പറഞ്ഞു പഴകിയെങ്കിലും അതുതന്നെ ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടിയെ എന്നും കാണാനാകുക. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കേരളപ്പിറവി ആശംസകളും നേര്‍ന്നാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. നിരവധിപേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ ചെയ്തിരിക്കുന്നത്. ’66 വയസായ കേരളത്തിന് ആശംസകളോടെ 72 വയസുള്ള യുവാവ്’, ‘കേരളക്കരയുടെ അഭിനയകുലപതി,’ ‘കേരളം പിറവി എടുക്കുന്നതിനു 5വര്‍ഷം മുന്‍പ് പിറവി എടുത്തവന്‍ മമ്മുക്ക’, ചുള്ളന്‍, ബ്രോ’ എന്നെല്ലാമാണ് കമന്റുകള്‍ വന്നിരിക്കുന്നത്.

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് റോഷാക്ക്. സൈക്കോളജിക്കല്‍ ത്രില്ലറായ റോഷാക്ക് ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് 25 ദിവസം പിന്നിടുകയാണ്. ആദ്യ ദിനം തന്നെ ‘റോഷാക്കി’ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്ജു ശിവ്‌റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി നായകനായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന’ക്രിസ്റ്റഫറാ’ണ്.