ക്രിസ്റ്റഫറിനു പിന്നാലെ മറ്റൊരു പോലീസ് വേഷവുമായി മമ്മൂട്ടി ; റോബി വര്‍ഗീസ് ചിത്രം ഡിസംബറില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
1 min read

ക്രിസ്റ്റഫറിനു പിന്നാലെ മറ്റൊരു പോലീസ് വേഷവുമായി മമ്മൂട്ടി ; റോബി വര്‍ഗീസ് ചിത്രം ഡിസംബറില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

ലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ.1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. പിന്നീടങ്ങോട്ട് നിരവധി പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തു. നെടുനീളന്‍ ഡയലോഗും ആക്ഷന്‍ രംഗങ്ങളുമൊക്കെയായി കാലങ്ങളായി മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

മമ്മൂട്ടിയുടെ പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ പോലീസ് കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ത്രില്ലര്‍ പശ്ചാത്തലമാണ് ഇത്തവണയും ഉദയകൃഷ്ണ ഒരുക്കിയിരിക്കുന്നത്. ഇതിനു മുമ്പ് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടി പോലീസായി എത്തിയത് മാസ്റ്റര്‍ പീസിലാണ്. ചിത്രത്തില്‍ ആന്റോ ആന്റണി ഐപിഎസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത മമ്മൂട്ടി മറ്റൊരു ചിത്രത്തില്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്നുവെന്നതാണ്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് ആദ്യയമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ വന്നിരുന്നു. മമ്മൂട്ടി-നയന്‍താര ചിത്രം ‘പുതിയ നിയമ’ത്തിലൂടെയാണ് റോബി വര്‍ഗീസ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. തുടര്‍ന്ന് ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന മമ്മൂട്ടി ചിത്രത്തിനായും അദ്ദേഹം ക്യാമറ ചലിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഡിസംബറില്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഡിസംബര്‍ രണ്ടാം വാരമായിരിക്കും സിനിമയുടെ ഷൂട്ട് ആരംഭിക്കുക എന്നും ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുകയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും ഇതുവരെ പേരിടാത്ത ഈ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, നിസാം ബഷീറിന്റെ ‘റോഷാക്ക്’, ജോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍’ എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ളത്. എന്തായാലും പുതിയ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമാ പ്രേമികളും ആരാധകരും വളരെ ആകാംഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റ്‌സിനായി കാത്തിരിക്കുന്നത്.