ഉള്ളിലെ ദേശസ്‌നേഹം പ്രകടിപ്പിച്ച് മമ്മൂട്ടി ; രാജ്യത്തോടുള്ള അഭിമാനവും ആദരവും പകര്‍ന്ന് വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മാതൃകകാട്ടി
1 min read

ഉള്ളിലെ ദേശസ്‌നേഹം പ്രകടിപ്പിച്ച് മമ്മൂട്ടി ; രാജ്യത്തോടുള്ള അഭിമാനവും ആദരവും പകര്‍ന്ന് വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മാതൃകകാട്ടി

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘ഹര്‍ ഘര്‍ തിരംഗ’. ഈ ക്യാംപെയ്ന്‍ ഏറ്റെടുത്ത് മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെ ഇപ്പോഴിതാ മമ്മൂട്ടിയും തന്റെ കൊച്ചിയിലെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്.

20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീട്ടിലുയര്‍ത്തിയ പതാകയുമൊത്ത് സെല്‍ഫിയെടുത്ത ശേഷം ‘ഹര്‍ ഘര്‍ തിരംഗ’ എന്ന വെബ്സൈറ്റില്‍ ഇത് അപ്ലോഡും ചെയ്യാം. ഇതിനോടകം ഒരു കോടിയിലധികം പേര്‍ അവരുടെ വീട്ടില്‍ പതാക ഉയര്‍ത്തിയ ഫോട്ടോ വെബ്സൈറ്റില്‍ പോസ്റ്റ്ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക. ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തി. വീടുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഇടങ്ങളിലും പതിനഞ്ചാം തിയതിവരെ ഹര്‍ ഘര്‍ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും. കഴിഞ്ഞ ദിവസം മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, ഗിന്നസ് പക്രു, വിവേക് ഗോപന്‍, തുടങ്ങിയ സിനിമാ താരങ്ങള്‍ സോഷ്യല്‍ മീഡിയ ഡിപി ദേശീയ പതാകയുടെ ചിത്രമാക്കുകയും ചെയ്തിരുന്നു.

സംവിധായകരായ വിജി തമ്പി, രാമസിംഹന്‍ അബൂബക്കര്‍ എന്നിവരും ഗായകരായ കെ.എസ് ചിത്രം, അനൂപ് ശങ്കര്‍, വിജയ് മാധവ് എന്നിങ്ങനെ മലയാള സിനിമാ താരങ്ങളും ഡിപി ദോശീയ പതാകയുടെ ചിത്രമാക്കിയിട്ടുണ്ട്. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതല്‍ 15 വരെ ജനങ്ങളോട് ത്രിവര്‍ണ്ണ പതാക പ്രൊഫൈല്‍ ചിത്രമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിരവധിപേര്‍ ദേശീയ പതാക ഡിപി ആക്കി പിന്തുണച്ചത്.