മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സിനിമ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തും ; മേക്കിംഗ് വീഡിയോ ട്രെന്‍ഡിംങ്
1 min read

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സിനിമ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തും ; മേക്കിംഗ് വീഡിയോ ട്രെന്‍ഡിംങ്

മ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ‘റോഷാക്കി’നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്ററും സെക്കന്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വൈറലായിരുന്നു. ഈ അടുത്തായിരുന്നു ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ആദ്യ പോസ്റ്റര്‍ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്നതായിരുന്നു രണ്ടാമത്തെ പോസ്റ്ററും.

ഇപ്പോഴിതാ ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരില്‍ ആകാംക്ഷ ഉളവാക്കിയ റോഷാക്ക് ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ദുരൂഹതയും ആകാംക്ഷയും നിറച്ച ചിത്രത്തിന്റെ മേക്കിങ് വീഡിയോ മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. സിനിമയുടെ പോസ്റ്ററുകളിലെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് മേക്കിങ് വീഡിയോയുമെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് പുറത്തിറങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ചിത്ര സംയോജനം കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്സ് സേവ്യര്‍ & എസ്സ് ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍. വിതരണം വേ ഫെയര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടപ്പോള്‍ സിനിമ ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രം സൈക്കോ അല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥസന്ദര്‍ഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി വ്യക്തമാക്കുകയുണ്ടായി.