ലോക തൊഴിലാളി ദിനത്തിൽ ഞായറാഴ്ച്ച സേതുരാമയ്യർ CBI ലോകമെമ്പാടും റിലീസിനെത്തും
1 min read

ലോക തൊഴിലാളി ദിനത്തിൽ ഞായറാഴ്ച്ച സേതുരാമയ്യർ CBI ലോകമെമ്പാടും റിലീസിനെത്തും

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. മുന്‍പ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. വളരെ പ്രതീക്ഷിക്കാതെയാണ് ചിത്രത്തിന്റെ റിലീസ് തിയതി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇന്നലെ ചിത്രത്തിന്റെ സെന്‍സറിംങ് പൂര്‍ത്തിയായെന്നും ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിന് പിറകേ ആണ് സിബിഐ 5 ദ ബ്രെയിനിന്റെ റിലീസ് തിയതി പുറത്തുവിട്ടത്.

ചിത്രം മെയ് 1 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. പെരുന്നാള്‍ റിലീസായി ആണ് ചിത്രമെത്തുന്നത്, ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായിട്ടാണ് ഞായറാഴ്ച്ച സിനിമകള്‍ റിലീസ് ചെയ്യാറുള്ളത്. ആരാധകരും സിനിമാ പ്രേമികളെല്ലാം ആഘോഷത്തോടെയാണ് റിലീസ് തിയതി പുറത്തുവിട്ടപ്പോള്‍ മുതല്‍ കാത്തിരിക്കുന്നത്. ഇതിന് മുമ്പ് മമ്മൂട്ടി ചിത്രം മംഗ്ലീഷ് ആയിരുന്നു ഒരു ഞായറാഴ്ച്ച റിലീസ് ചെയ്തത്. സലാം ബാപ്പു സംവിധാനം ചെയ്ത് 2014 ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു മംഗ്ലീഷ്.

കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി സോതുരാമയ്യര്‍ ആയി സിബിഐ 5 ദ ബ്രെയിനില്‍ വരുമ്പോള്‍ എല്ലാവരും തന്നെ വന്‍ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കിക്കാണുന്നത്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. ‘സേതുരാമയ്യരായി’ മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്.

സേതുരാമയ്യരുടെ അഞ്ചാമത്തെ വരവെന്നത് കൂടാതെ, ജഗതി കാലങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനപകടത്തെത്തുടര്‍ന്ന് പൂര്‍ണമായും സിനിമകളില്‍ നിന്ന് വിട്ട് നിന്ന ജഗതി ഈ ചിത്രത്തിലൂടെ ശക്തമായ കഥാപാത്രമായ വിക്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് തിരിച്ചുവരുന്നത്. ഈ വര്‍ഷം ഫെബ്രുവരി 27 നാണ് ജഗതി ശ്രീകുമാര്‍ ചിത്രത്തിന് വേണ്ടിയുള്ള ഷൂട്ടിംഗ് ആരംഭിച്ചത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് വന്‍ സ്വീകരണമായിരുന്നു. സോതുരാമ്മയ്യരുടെ ശബ്ദത്തില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടീസറില്‍ കേട്ട ഡയലോഗ് പ്രേക്ഷകരില്‍ ഹരം കൊള്ളിച്ചിരുന്നു. ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കര്‍, സായ്കുമാര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി തുടങ്ങി നിരവധി പേരാണ് ഉള്ളത്. ആശാ ശരത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകന്‍ ഒരിക്കല്‍ പറയുകയുണ്ടായി.