‘ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് നിങ്ങളെ നമിക്കുന്നു’; ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍
1 min read

‘ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് നിങ്ങളെ നമിക്കുന്നു’; ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍

സ്‌കര്‍ അവാര്‍ഡില്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിന് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഏവരും. ഇന്ത്യയ്ക്ക് ഇത്തവണം രണ്ട് ഓസ്‌കാര്‍ പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടത് ദി എലിഫന്റ് വിസ്പറേഴ്‌സ് ആണ്. ഓസ്‌കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ കലാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി നിരവധിപേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ക്ക്
അഭിനന്ദനവുമായി മലയാളത്തിന്റെ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരിക്കുകയാണ്.

ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്റെ താളത്തിനൊപ്പം നൃത്തം ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം നിറഞ്ഞ് തുളുമ്പുന്നു. ഈ രാജ്യത്തിന്റെ അഭിമാനമായതിന് എം എം കീരവാണിക്കും ചന്ദ്രബോസിനും ഹൃദയം നിറഞ്ഞ ആശംസകള്‍. ഇന്ത്യന്‍ സിനിമയെ ലോകത്തിന്റെ നിറുകയില്‍ എത്തിച്ചതിന് എസ് എസ് രാജമൌലി, രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരെക്കുറിച്ചും അഭിമാനം. മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയത് ദി എലിഫന്റ് വിസ്പറേഴ്‌സ് ആണ്. കാര്‍ത്തികി ഗോണ്‍സാല്‍വസ്, ഗുണീത് മോംഗ, സിഖ്യ എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. ശരിക്കും ഗംഭീരമായ നേട്ടം, മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നാട്ടു നാട്ടു രണ്ടാമതും ചരിത്രം കുറിക്കുന്നു. ഇന്ത്യയെ വീണ്ടും ഒന്നാമതെത്തിച്ചതിന് എം എം കീരവാണി ഗാരു, ചന്ദ്രബോസ്, എസ് എസ് രാജമൌലി, കാല ഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ്, പ്രേം രക്ഷിത്, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, പിന്നെ മുഴുവന്‍ ആര്‍ആര്‍ആര്‍ സംഘത്തിനും അഭിനന്ദനങ്ങള്‍. ഈ രാജ്യം നിങ്ങളെ നമിക്കുന്നു. എലിഫന്റ് വിസ്പറേഴ്‌സിലൂടെ ഓസ്‌കര്‍ നേടിയ രണ്ട് വനിതകളെയും നമിക്കുന്നു. ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് കാര്‍ത്തികി ഗോണ്‍സാല്‍വസിനും ഗുണീത് മോംഗയ്ക്കും അഭിനന്ദനങ്ങള്‍, എന്നാണ് മോഹന്‍ലാലിന്റെ കുറിപ്പ്.

അതേസമയം രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‌കര്‍ പുരസ്‌ക്കാരം. ഇരുപത് ട്യൂണുകളില്‍ നിന്നും ‘ആര്‍ആര്‍ആര്‍’ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. യുക്രൈനിലായിരുന്നു ആ ഗാനം ചിത്രീകരിച്ചത്. കീവിലെ മാരിന്‍സ്‌കി കൊട്ടാരത്തിന് മുന്നിലാണ് (യുക്രൈന്‍ പ്രസിഡന്‍ഷ്യല്‍ പാലസ്) ചിത്രീകരണം നടന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം നേടിയിരുന്നു.