വിജയമാവര്‍ത്തിക്കാന്‍ മമ്മൂട്ടി… ; നന്‍പകല്‍ നേരത്ത് മയക്കം പുതിയ സ്റ്റില്‍ പുറത്തിറങ്ങി
1 min read

വിജയമാവര്‍ത്തിക്കാന്‍ മമ്മൂട്ടി… ; നന്‍പകല്‍ നേരത്ത് മയക്കം പുതിയ സ്റ്റില്‍ പുറത്തിറങ്ങി

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണം. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഒരു പുതിയ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തൊട്ടുമുന്‍പെത്തിയ റോഷാക്കില്‍ ബ്രിട്ടീഷ് പൌരത്വവും ദുബൈയില്‍ ബിസിനസുമുള്ള ലൂക്ക് ആന്റണി എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചതെങ്കില്‍ ലിജോ ചിത്രം തികഞ്ഞ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒന്നാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. തേനി ഈശ്വരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന മറ്റ് സ്റ്റില്ലുകളും ടീസറിനുമെല്ലാം വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

2021ല്‍ വര്‍ഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കത്തി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചോ ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചോ വിവരങ്ങളൊന്നും ലിജോ പുറത്തുവിട്ടിട്ടില്ല. എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍.

അതേസമയം മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് റോഷാക്ക്. സമീപകാല മലയാള സിനിമയില്‍ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ സിനിമകളുടെ കൂട്ടത്തില്‍ ഇരിപ്പുറപ്പിച്ച് കഴിഞ്ഞു മമ്മൂട്ടി ചിത്രം റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.