“അയാൾ എന്തും ചെയ്യും.. കാരണം അയാൾ മമ്മൂട്ടിയാണ്.. ആർത്തി കാശിനോടല്ല.. എന്നും നടിപ്പിനോട്” : മമ്മൂട്ടിയെ കുറിച്ച് പ്രേക്ഷകന്റെ വൈറൽ കുറിപ്പ്
1 min read

“അയാൾ എന്തും ചെയ്യും.. കാരണം അയാൾ മമ്മൂട്ടിയാണ്.. ആർത്തി കാശിനോടല്ല.. എന്നും നടിപ്പിനോട്” : മമ്മൂട്ടിയെ കുറിച്ച് പ്രേക്ഷകന്റെ വൈറൽ കുറിപ്പ്

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെന്ന അദ്ഭുത പ്രതിഭയെ വിശേഷിപ്പിക്കുന്നത്. സിനിമാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകര്‍ച്ചകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. സിനിമയെന്നാല്‍ മമ്മൂട്ടിക്ക് ഒരു വികാരം തന്നെയാണ്. അഭിനയത്തിനോടും സിനിമയോടുമുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയാണ് മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള രഹസ്യം. അഭിനയം കൊണ്ടും, ശബ്ദം കൊണ്ടും സൗന്ദര്യം കൊണ്ടും മറ്റ് ചിലപ്പോള്‍ വേഷ പകര്‍ച്ച കൊണ്ടും അദ്ദേഹം പ്രേക്ഷകരെ ഇപ്പോഴും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും എല്ലാം ആ നടന വിസ്മയത്തെ നാം നേരിട്ടറിയുകയായിരുന്നു.

1971ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകളിലൂടെ തുടങ്ങി ഇന്ന് സിബിഐ 5 ദ ബ്രെയിന്‍ എന്ന ചിത്രത്തിലെത്തി നില്‍ക്കുകയാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അയാള്‍ക്ക് എന്ത് മാജിക്കും പറ്റുമെന്ന് കുറിച്ചാണ് മിഥുന്‍ രാസിന്റെ കുറിപ്പ് തുടങ്ങുന്നത്. ഒരു ലോക്കല്‍ ഗുണ്ട ആകും, ലിജോ ജോസിന്റെ പടത്തില്‍ കള്ളനാന്ന് കേക്കുന്നു, ഒരു മുഖ്യ മന്ത്രി ആകും, ഒരു പ്രശ്‌നക്കാരനായ അച്ഛന്‍ ആകും, ഒരു പള്ളിയില്‍ അച്ഛന്‍ ആകും, ഒരു പാവം അച്ഛന്‍ ആകും, ഒരു ഗ്യാങ്സ്റ്റര്‍ ആകും, ഒരു സാധാ പോലീസ് ഓഫിസര്‍ ആകും, ഒരു അസാധാരണ പോലീസ് ഓഫീസര്‍ ആകും, ഒരു സിബിഐ ഓഫീസര്‍ ആകുമെന്നും കുറിപ്പില്‍ പറയുന്നു.

ഇപ്പോള്‍ ഇതാ ഒരു സൈക്കോ ക്രിമിനലിനെ പോലെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അയാള്‍ എന്തും ചെയ്യും കാരണം അയാള്‍ മമ്മൂട്ടി ആണ്. ആര്‍ത്തി ആണ്. പക്ഷെ പണത്തിനോടല്ല, നടിപ്പിനോട്. 90 കളിലെ ലാലേട്ടന്‍ ആരാധകര്‍ കൊതിച്ച കഥാപാത്രങ്ങള്‍ ആണ് ഇപ്പൊ മമ്മൂട്ടി എന്ന താരത്തിലൂടെ വരാന്‍ പോകുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. പുഴു, പേരന്‍പ്, നന്‍പകല്‍ നേരത്ത് മയക്കം, ഭീഷ്മപര്‍വ്വം, ഉണ്ട, സിബിഐ5, ദ പ്രീസ്റ്റ്, മധുരരാജ, വണ്‍, റോഷാക്ക് എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ കോര്‍ത്തിണക്കി ഒരു ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സിനിമാ പ്രേമികള്‍ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി പുറത്തുവിട്ടിരുന്നു. ‘റോഷാക്ക്’ എന്ന ചിത്രത്തിന്റെ പേര് മാത്രമല്ല, ഫസ്റ്റ്‌ലുക്ക് ഡിസൈനും ഏറെ പുതുമ പുലര്‍ത്തുന്നതായിരുന്നു. ഈ ത്രില്ലര്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് മമ്മൂട്ടിക്കമ്പനിയാണ്. മമ്മൂട്ടിയുടെ പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലെത്തിയ സിബിഐ 5 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.