Latest News

മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ; നായികയായെത്തുന്നത് തെന്നിന്ത്യന്‍ നടി ജ്യോതിക

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം ജ്യോതികയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജ്യോതികയുമായി ബന്ധപ്പെട്ടെന്നും താരം ഡേറ്റ് നല്‍കിയെന്നുമാണ് സൂചന. മമ്മൂട്ടി തന്നെയാണ് ജ്യോതികയെ മലയാളത്തിലേക്ക് വിളിക്കാന്‍ മുന്‍കൈ എടുത്തതെന്നും വിവരമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മമ്മൂട്ടി കമ്പനി’യാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബിയും നടനവൈഭവം മമ്മൂട്ടിയും ഒന്നിക്കുന്നത് പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് സൂചന. സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍സണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം. മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ പോകുന്നതിന്റെ സന്തോഷവും എക്സ്റ്റൈ്മെന്റും തനിക്കുണ്ടെന്ന് ജിയോ ബേബി മുന്നേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഈ കഥ വായിച്ചപ്പോള്‍ ആദ്യം മനസില്‍ മുഖം മമ്മൂക്കയുടേതാണ്. എങ്ങനെ അദ്ദേഹത്തിന്റെ അടുത്ത് എത്താം എന്നത് ഒരു വലിയ ചോദ്യമായിരുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട ശേഷം ആദ്യം മെസ്സേജ് അയച്ച വ്യക്തികളില്‍ ഒരാളാണ് മമ്മൂട്ടി. അദ്ദേഹം നമ്മള്‍ മനസില്‍ കണ്ടതിനപ്പുറം ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തിയാണ്. അദ്ദേഹം പറഞ്ഞ ചില നിര്‍ദേശങ്ങളില്‍ ഞങ്ങളിപ്പോള്‍ വര്‍ക്ക് ചെയ്യുകയാണെന്നും ജിയോ ബേബി പറയുകയുണ്ടായി. ‘ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്’എന്ന സിനിമയാണ് ജിയോ ബേബിയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം.ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്.

മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ ആറാട്ട് ചിത്രത്തിന്‌ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍, ചുരുളി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം, ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്നിവയാണ്. ക്രസ്റ്റഫര്‍ ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. റോഷാക്കില്‍ മമ്മൂട്ടി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമാണ് അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്‌ലറും പോസ്റ്ററുകളും തരുന്ന സൂചന.