കാത്തിരുപ്പുകള്‍ക്ക് വിരാമം, മെഗാസ്റ്റാറിന്റെ ‘ബിലാല്‍’ വരുന്നു ! ഫഹദ് ഫാസില്‍ എത്തുന്നത് വില്ലനായോ അനിയനായോ ?
1 min read

കാത്തിരുപ്പുകള്‍ക്ക് വിരാമം, മെഗാസ്റ്റാറിന്റെ ‘ബിലാല്‍’ വരുന്നു ! ഫഹദ് ഫാസില്‍ എത്തുന്നത് വില്ലനായോ അനിയനായോ ?

ലയാളത്തിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് ചിത്രമാണ് മമ്മൂട്ടിയുടെ ബിഗ് ബി. അതിലെ ഓരോ ഡയലോഗുകളും സിനിമാപ്രേമികളും ആരാധകര്‍ക്കും മന:പാഠമാണ്. 2007ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്. മലയാള സിനിമ കണ്ടുശീലിച്ച ആക്ഷന്‍ സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തതയോടെയായിരുന്നു ബിഗ് ബി ഒരുക്കിയത്. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ ഇന്നും യുവാക്കളുടെ ഹരമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സിനിമയുടെ അല്ലെങ്കില്‍ ഒരു കഥാപാത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ബിലാല്‍’ എന്ന കഥാപാത്രത്തിനായാണ്.

ബിലാല്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. കോവിഡ് പ്രതിസന്ധി കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് വൈകിപോയത്. ഇപ്പോഴിതാ ബിലാല്‍ സിനിമ ഒരുക്കാന്‍ തുടങ്ങി എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ബിലാല്‍ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നുവെന്ന് മുന്നേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഇതിനെ പറ്റിയുള്ള യാതൊരു ഔദ്യോഗിക സ്ഥിതികരണവും ഉണ്ടായിരുന്നില്ല. ഫഹദ് ഈ അടുത്തയിടെ നല്‍കിയ അഭിമുഖത്തില്‍ ബിലാലില്‍ ഫഹദുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ഇതായിരുന്നു. ചിരിച്ചു കൊണ്ട് അടുത്ത ചോദ്യം ചോദിക്കു എന്നാണ് ഫഹദ് പറഞ്ഞത്. എന്തായാലും ഒരു ചിരിയില്‍ മറുപടി ഒതുക്കിയ താരം ഒന്നും തന്നെ വിട്ട് പറയാന്‍ തയ്യാറായില്ല. ചിരിയില്‍ നിന്ന് ഫഹദ് ചിത്രത്തില്‍ ഉണ്ടാകും എന്ന് മനസിലാക്കാം എന്നാണ് ഈ വീഡിയോ കണ്ടതിന് ശേഷം ആരാധകര്‍ പറയുന്നത്.

ബിഗ് ബി എന്ന സിനിമയെക്കുറിച്ച് ഫഹദ് പല അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. ഓരോ കഥാപാത്രങ്ങളും കരയുന്നത് പല രീതിയിലായിരിക്കും എന്ന് ബിഗ് ബി കണ്ടപ്പോഴാണ് മനസിലായതെന്നും ബിലാലും മേരി ടീച്ചറും തമ്മിലുള്ള ബന്ധം പടം തുടങ്ങുന്നത് മുതല്‍ പറയുന്നുണ്ടെന്നും ബിലാല്‍ കരയുമോ എന്നത് എനിക്ക് ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണെന്നും ഫഹദ് ബിഹൈന്‍ഡ് ദി ക്യൂ സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അമല്‍ നീരദും ഫഹദും തമ്മില്‍ വളരെ നല്ല ബന്ധമാണ്. ഭീഷ്മപര്‍വ്വത്തിന്റെ ഫസ്റ്റ്ക്ലാപ്പ് അടിച്ചത് ഫഹദും നസ്രിയയും ചേര്‍ന്നായിരുന്നു. അമല്‍ നീരദിന്റെ ചിത്രങ്ങളില്‍ പലതിലും നായകനായി ഫഹദ് ആയിരുന്നു എത്തിയത്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ഫഹദ് ബിലാലില്‍ എത്തുമെന്ന് തന്നെയാണ് പ്രേക്ഷകര്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന താരമായ ഫഹദും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിച്ചാല്‍ സിനിമ സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.