‘തന്റെ എല്ലാമായിരുന്നു മുരളി, സിനിമയില്‍ താന്‍ ഇത്രയും ആഴത്തില്‍ സ്നേഹിച്ച മറ്റൊരു സുഹൃത്ത് ഇല്ലായിരുന്നു’ അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറം; മമ്മൂട്ടി
1 min read

‘തന്റെ എല്ലാമായിരുന്നു മുരളി, സിനിമയില്‍ താന്‍ ഇത്രയും ആഴത്തില്‍ സ്നേഹിച്ച മറ്റൊരു സുഹൃത്ത് ഇല്ലായിരുന്നു’ അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറം; മമ്മൂട്ടി

മലയാള സിനിമാരംഗത്തെ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായിരുന്നു നടന്‍ മുരളി. നടന്‍ മുരളിയുടെ വിയോഗം സിനിമാപ്രേമികളെ ഇന്നും കണ്ണീരിലാഴ്ത്തുകയാണ്. നാടകം, സീരിയല്‍ തുടങ്ങിയവയില്‍ അഭിനയിച്ച അദ്ദേഹം ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.

ഹരിഹരന്റെ പഞ്ചാഗ്‌നിയാണ് മുരളിയുടെ ആദ്യം റിലീസായ ചിത്രം. ഇതില്‍ വ്യത്യസ്തമായ ഒരു വില്ലന്‍ കഥാപാത്രത്തെയാണ് മുരളി അവതരിപ്പിച്ചത്. പിന്നീട് മലയാള സിനിമയിലെ കരുത്തനായ ജനപ്രിയ നടനാകാന്‍ മുരളിക്കു കഴിഞ്ഞു. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം,ആയിരം നാവുള്ള അനന്തന്‍, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, അച്ഛഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, തൂവല്‍ കൊട്ടാരം, വരവേല്പ്, കിരീടം, വെങ്കലം, നെയ്ത്തുകാരന്‍, കാരുണ്യം,CID മൂസ എന്നിവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

ഇപ്പോഴിതാ, മുന്‍പ് ഒരിക്കല്‍ മുരളിയെ കുറിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വ്യക്തി ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു മുരളിയും മമ്മൂട്ടിയും. മുരളി മരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ കാത്ത് സൂക്ഷിക്കുകയാണ് മമ്മൂട്ടി.

തന്റെ എല്ലാമായിരുന്നു മുരളിയെന്നും സിനിമയില്‍ താന്‍ ഇത്രയും ആഴത്തില്‍ സ്നേഹിച്ച മറ്റൊരു സുഹൃത്ത് ഇല്ലായിരുന്നുവെന്നുമാണ് മമ്മൂട്ടി മുരളിയെ കുറിച്ച് പറഞ്ഞത്. മുരളിയുടെ മകള്‍ കാര്‍ത്തിക തനിക്ക് മകളെ പോലെയാണെന്നും, താന്‍ കാര്‍ത്തികയുടെ വിവാഹത്തലേന്ന് പോയി അനുഗ്രഹിച്ചിരുന്നുവെന്നും വിവാഹം വളരെ സ്വകാര്യ ചടങ്ങായി നടത്തിയതിനാലാണ് അന്നേ ദിവസം താന്‍ പോവാതിരുന്നതെന്നും മമ്മൂട്ടി പറയുന്നു. അതുപോലെ, താന്‍ മദ്യം കഴിക്കാറില്ലെന്നും എന്നാല്‍ താന്‍ ജീവിതത്തില്‍ ആരെങ്കിലും മദ്യപിച്ചതിന്റെ ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റേയാണെന്നും, മുരളി തനിക്ക് അത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി.