“സത്യത്തിൽ ഏറ്റവും കൂടുതൽ സ്നേഹം എന്നോടുള്ളത് കൊച്ചുമക്കൾക്കാണ്”; കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് മല്ലിക സുകുമാരൻ
1 min read

“സത്യത്തിൽ ഏറ്റവും കൂടുതൽ സ്നേഹം എന്നോടുള്ളത് കൊച്ചുമക്കൾക്കാണ്”; കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് മല്ലിക സുകുമാരൻ

മലയാള പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഏവർക്കും സുപരിചിതരായ താരങ്ങളാണ്. ഒരുപാട് ആരാധകരുള്ള യുവ നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സിനിമ രംഗത്ത് പൂർണിമയുടെ സാന്നിദ്ധ്യം ഇപ്പോൾ കുറവാണെങ്കിലും ഒരുകാലത്ത് ഒട്ടനവധി നല്ല ചിത്രങ്ങൾ പൂർണമക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. സുപ്രിയയും സിനിമ നിർമ്മാണ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൊച്ചുമക്കളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ തരംഗമാവാറുള്ളതാണ്. ഇപ്പോഴിതാ മല്ലിക ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. വളരെ രസകരമായിട്ടാണ് കുടുംബ വിശേഷങ്ങൾ മല്ലിക പങ്കുവെക്കുന്നത്.സിനിമ ജീവിതത്തിലും സ്വകാര്യജീവിതത്തിലും ഒരുപാട് തിരക്കുകൾ ഉള്ള നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും.

മല്ലിക രണ്ട് മക്കളുമൊത്ത് ഒന്നിച്ചിരിക്കുന്ന സമയം കുറവാണ്. മരുമക്കളായ പൂർണിമയ്ക്കും സുപ്രിയയ്ക്കും അവരവരുടേതായ തിരക്കുകൾ ഉണ്ട്. പൃഥ്വിരാജിനെ തിരക്കുകളെല്ലാം മനസ്സിലാക്കി മാനേജ് ചെയ്യാൻ കഴിയുന്ന ഒരാളാണ് സുപ്രിയ എന്നും അതുപോലെ തന്നെയാണ് ഇന്ദ്രജിത്തും പൂർണിമയുമെന്നും മല്ലിക പറയുന്നു. അതിനാൽ അവർക്ക് തീരെ അറിവില്ലാത്ത പെൺപിള്ളേർ പറ്റില്ല എന്നും കുറച്ചൊക്കെ സ്മാർട്ട് ആയിരിക്കണമെന്നും മല്ലിക വ്യക്തമാക്കുന്നു. ഇഷ്ടം പുറമേ കാണിക്കില്ലെങ്കിലും ഉള്ളിൽ ഒരുപാട് സ്നേഹമുള്ള ആളാണ് പൃഥ്വിരാജ്. വരാനും കാണാനും ഒന്നും സമയമില്ലെങ്കിലും മല്ലിക ഒരു കാര്യം പറഞ്ഞാൽ പൃഥ്വിരാജ് അതുപോലെ ചെയ്തിരിക്കും. സുപ്രിയയും ഇതുപോലെ തന്നെയാണെന്നും നിർമ്മാണത്തിന്റെ തിരക്കുകളാണ് സുപ്രിയയ്ക്ക് എന്നും മല്ലിക വ്യക്തമാക്കുന്നു. എന്നാൽ എത്ര തിരക്കുകൾ ഉണ്ടെങ്കിലും ആരും ചെന്നില്ലെങ്കിൽ അമ്മയ്ക്ക് വിഷമമാകും എന്ന് മനസ്സിലാക്കി ഇടയ്ക്ക് ഓടിയെത്തുന്നത് പൂർണ്ണിമയാണെന്ന് മല്ലിക പറയുന്നു.കൊച്ചുമക്കളാണ് തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്.

 

“സത്യത്തിൽ ഏറ്റവും കൂടുതൽ സ്നേഹം എന്നോടുള്ളത് കൊച്ചുമക്കൾക്കാണ്. ഇന്നാളൊരു ദിവസം രാജു തമാശയ്ക്ക് എന്തോ പറഞ്ഞപ്പോൾ ‘ഡാഡാ ഡോണ്ട് ദാറ്റ്’ എന്ന് അവൾ പറഞ്ഞു. അച്ഛമ്മയെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് നക്ഷത്രയ്ക്കും അലങ്കൃതയ്ക്കും ഇഷ്ടമല്ല. പ്രാർത്ഥന ഇത്തിരികൂടി വലുതായതുകൊണ്ട് ഇന്ദ്രനെ പോലെ മര്യാദയോട്കൂടിയൊക്കെ സംസാരിക്കും. മറ്റു രണ്ടുപേരും അങ്ങനെയല്ല പച്ചക്ക് പറയും”. മല്ലിക പറയുന്നു. സുകുമാരൻ ഉണ്ടായിരുന്നെങ്കിൽ പലയിടത്തായുള്ള താമസം ഉണ്ടാകില്ലെന്ന് മല്ലിക വ്യക്തമാക്കുന്നു. “സുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ പോലെ പലയിടത്തുള്ള താമസമുണ്ടാകില്ല. എല്ലാവരും ഒരിടത്ത് താമസിക്കണമെന്നേ പറയുമായിരുന്നുള്ളൂ. മക്കൾ അച്ഛന്റെയും അമ്മയുടെയും കൂടെ ഉണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. ഉണ്ടായിരുന്നെങ്കിൽ എന്തിനാടാ ഇങ്ങനെ അഞ്ചാറ് സ്ഥലത്ത് നിൽക്കുന്നതെന്ന് ചോദിച്ചേനെ. അമ്മയത് പറയില്ല, അമ്മായിയപ്പന് പറയാമല്ലോ. തിരുവനന്തപുരത്ത് നിൽക്കുന്നത് എന്താണെന്ന് മക്കൾ ചോദിക്കാറുണ്ട്. എനിക്ക് അവിടെ വീടുണ്ട് ആരെയെങ്കിലും കാണണമെന്ന് തോന്നിയാൽ അവിടെത്തന്നെ എല്ലാവരുമുണ്ട്. ഇവിടെയാണെങ്കിൽ രണ്ടാളും എവിടെയെങ്കിലുമായിരിക്കും”. മല്ലിക പറയുന്നു.