‘മലൈക്കോട്ടൈ വാലിബനില്‍ കട്ട കലിപ്പില്‍ ‘ചെകുത്താന്‍ ലാസര്‍’; ലുക്ക് വൈറല്‍
1 min read

‘മലൈക്കോട്ടൈ വാലിബനില്‍ കട്ട കലിപ്പില്‍ ‘ചെകുത്താന്‍ ലാസര്‍’; ലുക്ക് വൈറല്‍

ലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതുകൊണ്ടുതന്നെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലായിരുന്നു മലയാളി പ്രേക്ഷകര്‍. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് ആരൊക്കെയാണെന്നതും അങ്ങനെതന്നെ.

ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ ഹരി പ്രശാന്ത് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനിലെ നടന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. വേറിട്ട ഗെറ്റപ്പില്‍ മാസായാണ് പ്രശാന്ത് ചിത്രത്തില്‍ എത്തുന്നതെന്ന് ഫോട്ടോകളില്‍ നിന്നും വ്യക്തമാണ്. മാസ് ആക്ഷന്‍ ചിത്രമാകും ലിജോ ജോസ് ഒരുക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന്റെ ഫാന്‍ പേജുകളിലും വിവിധ ട്വിറ്റര്‍ ഹാന്‍ഡിലുകളിലും ഹരി പ്രശാന്തിന്റെ ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പുരേഗമിക്കുകയാണ്.

മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ്സ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം അവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ക്യാരക്റ്റര്‍ റോളുകളിലൂടെ കൈയടി നേടിയ ഹരീഷ് പേരടിയും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഇത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ നായികയായി എത്തുന്നത് രാധിക ആപ്തെയാണ്.