‘തന്റെ സ്‌റ്റേജ് ഷോ കാണാന്‍ മമ്മൂട്ടി വരുമായിരുന്നു, പിന്നീടാണ് അദ്ദേഹവുമായി പരിചയത്തിലാകുന്നത്’ ; അനുഭവം പറഞ്ഞ് നടന്‍ ലാല്‍
1 min read

‘തന്റെ സ്‌റ്റേജ് ഷോ കാണാന്‍ മമ്മൂട്ടി വരുമായിരുന്നു, പിന്നീടാണ് അദ്ദേഹവുമായി പരിചയത്തിലാകുന്നത്’ ; അനുഭവം പറഞ്ഞ് നടന്‍ ലാല്‍

മലയാള സിനിമയിലെ എക്കാലത്തെയും പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ലാല്‍. എറണാകുളം സ്വദേശിയായ ലാല്‍ മിമിക്രിയിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നോക്കെത്താദൂരത്തു കണ്ണുംനട്ട്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകനായി സിനിമാ രംഗത്ത് തുടക്കം കുറിച്ചു. തുടര്‍ന്ന് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന് കഥയെഴുതി. പിന്നീട് സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രം വന്‍ ഹിറ്റാവുകയും തുടര്‍ന്ന് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബുളിവാല തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ ഒരുങ്ങി.

അതിനുശേഷമാണ് ലാല്‍ അഭിനയരംഗത്ത് എത്തിയത്. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്ന തുടക്കം. ഹാസ്യ രംഗങ്ങളിലും വില്ലന്‍ രംഗങ്ങളിലും അഭിനയിച്ച ലാല്‍ ഒരുകൂട്ടം നല്ല സിനിമകളാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. കന്മദം, ഓര്‍മച്ചെപ്പ്, പഞ്ചാബി ഹൗസ്, ദയ, അരയന്നങ്ങളുടെ വീട്, ചന്ദ്രനുദിക്കുന്ന ദിക്കില്‍, മഴ, രണ്ടാം ഭാവം, തെങ്കാശിപ്പട്ടണം, ഉന്നതങ്ങളില്‍, നക്ഷത്രങ്ങള്‍ പറയാതിരുന്നത് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ലാലിന്റെ തൊമ്മനും മക്കളും എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയും ലാലും കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രം വന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും, മമ്മൂട്ടിയുടെ സിനിമയെ കുറിച്ചും മനസ് തുറക്കുകയാണ് നടന്‍ ലാല്‍. മുന്‍പ് ഞങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടി കാണാന്‍ മമ്മൂട്ടി വരുമായിരുന്നു. അങ്ങനെ പന്ത്രണ്ട് പ്രാവശ്യം ഞങ്ങളുടെ സ്‌റ്റേജ് ഷോ കാണാന്‍ വരികയും, തന്നെ പരിചയപ്പെടുകയും ചെയ്തു. അങ്ങനെയാണ് സംവിധായകന്‍ ഫാസില്‍ സാറിനെ കാണുന്നതും സിനിമ രംഗത്ത് എത്തിയതുമെന്നുമാണ് ലാല്‍ പറയുന്നത്. തൊമ്മനും മക്കളും എന്ന ചിത്രത്തിനു പുറമെ മമ്മൂട്ടിയും ലാലും അഭിനയിച്ച മറ്റൊരു സിനിമയാണ് കോബ്ര. മമ്മൂട്ടിയും ലാലും തങ്ങളുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി ചെയ്തിരുന്നെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ചത്ര നല്ല പടമല്ലായിരുന്നു അത്. അതില്‍ മമ്മൂട്ടി-ലാല്‍ കോമ്പിനേഷന്‍ തന്നെയായിരുന്നു എടുത്ത് പറയേണ്ട കഥാപാത്രം.