‘സൗദി വെള്ളക്ക’യിലെ രസികനായ മജിസ്‌ട്രേറ്റിനെ കണ്ടെത്തി സംവിധായകനും ടീമും!
1 min read

‘സൗദി വെള്ളക്ക’യിലെ രസികനായ മജിസ്‌ട്രേറ്റിനെ കണ്ടെത്തി സംവിധായകനും ടീമും!

‘ഓപ്പറേഷന്‍ ജാവ’ എന്ന ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൗദി വെള്ളക്ക. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്നവും, കോടതിയില്‍ നടക്കുന്ന കേസുമാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റ് ആരെന്ന് പ്രേക്ഷകരോട് തുറന്നു പറയുകയാണ് സൗദി വെള്ളക്ക ടീം. മനു അങ്കിള്‍ എന്ന സിനിമയിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോയാണ് സൗദി വെള്ളക്കയില്‍ മജിസ്‌ട്രേറ്റ് ആയി എത്തുന്നത്. കുറേ നാളുകള്‍ക്ക് ശേഷം സിനിമയില്‍ മികച്ച ഒരു കഥാപാത്രവുമായി എത്തിയിരിക്കുകയാണ് കുര്യന്‍ ചാക്കോ. കുര്യന്‍ ചാക്കോ എങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയത് എന്നതിന്റെ കഥയാണ് ഇവിടെ പറയുന്നത്.

സൗദി വെള്ളക്ക എന്ന് ചിത്രത്തിന് വേണ്ടിയുള്ള കാസ്റ്റിംഗ് നടക്കുന്ന സമയമായിരുന്നു, ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റിന്റെ കഥാപാത്രം അവതരിപ്പിയ്‌ക്കേണ്ട ആളിനു വേണ്ടി സൗദി വെള്ളക്ക ടീം ഒന്നടങ്കം അന്വേഷണം നടത്തി. എന്നാല്‍ കിട്ടിയവരെയൊന്നും സംവിധായകന്‍ തരുണും ടീമും തൃപ്തരായില്ല. തുടര്‍ന്ന് തരുണ്‍ വളരെ അവിചാരിതമായി ഒരു യൂട്യൂബ് വീഡിയോ കാണുവാന്‍ ഇടയായി. ആ വീഡിയോയില്‍ കണ്ട ആള്‍ തന്റെ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് മനസ്സിലാക്കിയ തരുണ്‍ അയാളെ പറ്റി അന്വേഷിക്കാന്‍ തുടങ്ങി. അപ്പോഴാണ് മനസ്സിലായത് ആ വീഡിയോയില്‍ കണ്ട ആള്‍ മനു അങ്കിള്‍ എന്ന സിനിമയില്‍ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോ ആണെന്ന്. കുര്യന്‍ ചാക്കോയെ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടു വരാമെന്ന തീരുമാനത്തില്‍ എത്തിയ സംവിധായകന്‍ നിര്‍മ്മാതാവ് സന്ദിപ് സേനനെ വിവരം അറിയിച്ചു.

തുടര്‍ന്ന് നിര്‍മ്മാതാവിനും കുര്യന്‍ ചാക്കോയെ അങ്ങ് ബോധിച്ചു. ഇയാള്‍ തന്നെയാണ് തന്റെ സിനിമയ്ക്ക് പറ്റിയ ആളെന്ന് മനസ്സിലാക്കി സൗദി വെള്ളക്കയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചു. പക്ഷേ കുര്യന്‍ ചാക്കോയുടെ കോണ്‍ടാക്ട് നമ്പറോ മറ്റു വിവരങ്ങളോ ലഭ്യമായിരുന്നില്ല. ഒടുവില്‍ കുര്യന്‍ ചാക്കോയുടെ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച ചാനലിനെ ബന്ധപ്പെടുകയും അതുവഴി ഒരു ദിവസം കുര്യന്‍ ചാക്കോയുടെ ഓഫീസിലേക്ക് രണ്ടും കല്പിച്ചു കയറി ചെല്ലുകയായിരുന്നു. കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ കുര്യന്‍ ചാക്കോയുടെ മറുപടി ‘അയ്യോാ.. ഞാന്‍ ഇല്ല എന്നായിരുന്നു. അതൊക്കെ അന്ന് ഡെന്നിസ് സര്‍ പറഞ്ഞത് പോലെ ചെയ്തത് ആണ്. അതില്‍ നിന്നൊക്കെ സിനിമ ഒരുപാട് മാറി, നിങ്ങള്‍ വേറെ അളിനെ നോക്കൂ’ എന്നാല്‍ സംവിധായകന്‍ സിനിമ യുടെ കഥ പറയുകയും, കഥ കേട്ടതോടെ അദ്ദേഹത്തിന്റെ മനസ് മാറുകയുമായിരുന്നു. പിന്നാലെ സൗദി വെള്ളക്കയിലെ മജിസ്‌ട്രേറ്റ് ആവാമെന്ന് സമ്മതം മൂളുകയും ചെയ്തു. കൃത്യമായ തയ്യാറെടുപ്പോടു കൂടിയാണ് കുര്യന്‍ ചാക്കോ ലൊക്കേഷനില്‍ എത്തിയത്. വളരെ അനായാസമായാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ സൗദി വെള്ളക്ക ടീമിന് ഒന്നുറപ്പാണ് മലയാള സിനിമയില്‍ ഇനിയും കുര്യന്‍ ചാക്കോ ഉണ്ടാവും എന്നത് തന്നെ…