കുഞ്ചാക്കോ ബോബന്‍ – രതീഷ് പൊതുവാള്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി!
1 min read

കുഞ്ചാക്കോ ബോബന്‍ – രതീഷ് പൊതുവാള്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി!

മലയാള സിനിമയില്‍ സജീവമായ നടനാണ് കുഞ്ചോക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത ധന്യ എന്ന സിനിമയില്‍ ബാലതാരമായി എത്തി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. അതുപോലെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി എത്തി. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ വിജങ്ങളിലൊന്നായിരുന്നു അനിയത്തിപ്രാവ്. അനിയത്തിപ്രാവ് എന്ന ചിത്രം അതി മനോഹരമായ ഒരു പ്രണയ കഥയാണ്. സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചോക്കോ ബോബന്‍ അവതരിപ്പിച്ചത്. ശാലിനി ആയിരുന്നു ചിത്രത്തിലെ നായിക. പിന്നീട് അന്‍പതില്‍ അധികം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്ത മലയാളികളുടെ ഇഷ്ടതാരമായി കുഞ്ചോക്കോ ബോബന്‍ മാറി. സിനിമ രംഗത്തുള്ളവരും ആരാധകരും ചാക്കോച്ചന്‍ എന്നായിരുന്നു കുഞ്ചോക്കോ ബോബനെ വിളിക്കാറുള്ളത്.

കമല്‍ സംവിധാനം ചെയ്ത നക്ഷത്രതാരാട്ട് ആയിരുന്നു ചാക്കോച്ചന്റെ രണ്ടാമത്തെ ചിത്രം. പിന്നീട് ശാലിനി- കുഞ്ചോക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ ചിത്രമായിരുന്നു നിറം. നിറം വന്‍ ഹിറ്റാവുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത ചിത്രമായിരുന്നു അത്. ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട് തുടങ്ങിയവയായിരുന്നു ചാക്കോച്ചന്റെ മറ്റ് ചിത്രങ്ങള്‍. അതുപോലെ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തു. കിലുക്കം കിലു കിലുക്കം, ലോലിപോപ്പ് എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങി ചാക്കോച്ചന്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്‌സ്, ത്രീ കിംഗ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, മല്ലൂസിംഗ് തുടങ്ങിയ ചിത്രങ്ങള്‍ സാമ്പത്തിക വിജയം നേടികൊടുത്തു.

അങ്ങനെ നിരവധി സിനിമയില്‍ നായകനായി എത്തിയ ചാക്കോച്ചന്‍ എല്ലാവരുടേയും പ്രിയ നടനായി മാറി. ഇപ്പോഴിതാ, ചാക്കോച്ചന്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ചീമേനി മാന്വല്‍ എന്ന ദിനപ്പത്രത്തില്‍ വന്ന ഫുള്‍ പേജ് വാര്‍ത്തയുടെ മാതൃകയിലുള്ള ഒഫീഷ്യല്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരുക്കുന്നത്. പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. എംഎല്‍എയുടെ വീട്ടില്‍ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിച്ചു’ എന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തയ്ക്കൊപ്പമുള്ള ചാക്കോച്ചന്റെ നില്‍പ്പ് ആരിലും ചിരി ഉണര്‍ത്തുമെന്നുറപ്പാണ്. അതേസമയം, ചിത്രത്തിന്റെ റീലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിച്ചു. ആഗസ്റ്റ് 12ന് ചിത്രം തിയേറ്ററില്‍ എത്തും.

സന്തോഷ്. ടി. കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ഒരു ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസര്‍ഗോഡന്‍ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നിരവധി കലാകാരന്‍മാരെ ഈ പ്രദേശങ്ങളില്‍ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരന്‍മാരെ വെച്ച് മാത്രം യഥാര്‍ത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുന്‍പേ തന്നെ നടത്തിയിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകള്‍ ചിത്രത്തിനായി ഉപയോഗിച്ചിരുന്നു. അറുപത് ദിവസത്തോളം ഷൂട്ടിങ് നീണ്ടു നിന്നു.