‘പ്രായമായാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു’; സഹായിച്ചില്ലെങ്കിലും ഉപദേശം കൊണ്ട് ഉപദ്രവിക്കരുതെന്ന് കുഞ്ചാക്കോ ബോബന്‍
1 min read

‘പ്രായമായാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു’; സഹായിച്ചില്ലെങ്കിലും ഉപദേശം കൊണ്ട് ഉപദ്രവിക്കരുതെന്ന് കുഞ്ചാക്കോ ബോബന്‍

ലയാള സിനിമയുടെ എക്കാലത്തെയും പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിന്റെ 25-ാം വാര്‍ഷികമാണ് ഇക്കഴിഞ്ഞത്. ചടുലമായ യുവത്വത്തെ രസകരമായി അവതരിപ്പിച്ച ചിത്രമാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍-ശാലിനി താര ജോഡി മലയാളത്തില്‍ അക്കാലത്ത് വലിയ ഓളമാണ് സൃഷ്ടിച്ചത്. നീണ്ട കാലഘട്ടത്തിലെ സിനിമാ ജീവിതവും സ്വന്തം ജീവിതത്തിലെ പുതിയ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് ആരാധകരുടെ സ്വന്തം ചാക്കോച്ചന്‍. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും ഭാര്യ പ്രിയക്കും കുഞ്ഞുണ്ടാകുന്നത്. ‘അവന്‍ നിറയെ പുഞ്ചിരി വിരിയിക്കും’ എന്ന് അര്‍ത്ഥം വരുന്ന ഇസ്ഹാക്ക് എന്ന പേരാണ് മകന് നല്‍കിയിരിക്കുന്നത്. വീടുമുഴുവന്‍ ഇസ്ഹാക്ക് പുഞ്ചിരി നിറയ്ക്കുകയാണ്.

സിനിമാ ജീവിതം തന്ന അനുഭവങ്ങളേക്കാളും സന്തോഷങ്ങളെക്കാളും ഒക്കെ വലുതാണ് ഇസഹാക്കിനായുള്ള കാത്തിരിപ്പും അവനെ കിട്ടിയ നിമിഷങ്ങളും എന്ന് കുഞ്ചാക്കോ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബനും പ്രിയയും ഇക്കാര്യങ്ങളെല്ലാം പങ്കുവെയ്ക്കുന്നത്. വിശക്കുന്നതു വരെ തന്നെപ്പോലെ തന്നെ വളരെ മാന്യനാണ് ഇസഹാക്ക് എന്ന് കുഞ്ചാക്കോ പറയുന്നു. മകന്റെ ചിത്രമാണ് ഫോണിലും ലാപ്‌ടോപ്പിലും എല്ലാം വാള്‍പേപ്പര്‍. അവന്റെ വീഡിയോ കാണുമ്പോള്‍ കുഞ്ഞുങ്ങളുടെ കൗതുകമാണ് കുഞ്ചാക്കോ ബോബന്. ചാക്കോച്ചന്റെ ലോകം ഇസഹാക്കിനെ ചുറ്റിയാണെന്ന് പ്രിയയും പറയുന്നു. 14 വര്‍ഷം കുഞ്ഞുണ്ടാകാതിരുന്ന കാലഘട്ടം അതികഠിനമായിരുന്നു എന്ന് ഇരുവരും പറയുന്നു. മുതിര്‍ന്ന ആളുകളുടെ സഹതാപം, കുത്തുവാക്കുകള്‍ എല്ലാം അസഹനീയമായിരുന്നു. കുട്ടികളുടെ പിറന്നാള്‍ പാര്‍ട്ടികള്‍ക്കും മറ്റും പോയി തിരികെ വന്നാല്‍ താന്‍ കരയുമായിരുന്നു എന്ന് പ്രിയയും സമ്മതിക്കുന്നു. എന്നാല്‍ ഇന്ന് തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പോള്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും എല്ലാം നന്ദി പറയുകയാണ് രണ്ട് പേരും.

എങ്ങനെ കഴിഞ്ഞ കാലത്തെ നേരിട്ടു എന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ അത്ഭുതം തോന്നുകയാണ്, ഓരോ തവണ റിസള്‍ട്ട് നെഗറ്റീവ് ആകുമ്പോഴും തന്നെ ആശ്വസിപ്പിച്ചത് ചാക്കോച്ചനാണ്. എന്നാല്‍ ഇപ്പോഴത്തെ ചാക്കോച്ചന്റെ സന്തോഷവും എക്‌സൈറ്റ്‌മെന്റും കാണുമ്പോള്‍ തന്നേക്കാള്‍ കുഞ്ഞിനായി കാത്തിരുന്നത് ചാക്കോച്ചനാണെന്ന് തോന്നുമെന്നും പ്രിയ പറയുന്നു. പലപ്പോഴും രാത്രികളില്‍ കുഞ്ഞു കരയുന്നത് താന്‍ അറിയാതെ ചാക്കോച്ചന്‍ തന്നെ എല്ലാ കാര്യങ്ങളും നോക്കാറുണ്ടെന്നും പ്രിയ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളില്‍ ചാക്കോച്ചനുമുണ്ട് മറുപടി. താന്‍ നിരവധി വീഴ്ചകളും താഴ്ചകളും എല്ലാം കണ്ടു വന്നിട്ടുള്ള ആളാണ്. എന്നാല്‍ പ്രിയ അങ്ങനെയല്ല. അതിനാല്‍ പ്രിയയെ വിഷമിപ്പിക്കാതെ പരമാവധി നോക്കിയിട്ടുണ്ട്. ഡിപ്രഷനിലേയ്ക്ക് പോകാതിരിക്കാന്‍ യാത്രകള്‍ പോവുകയും ഡാന്‍സും മ്യൂസിക്കും ഒക്കെയായി ബിസിയായി ഇരിക്കുകയുമായിരുന്നു രീതികളെന്നും ചാക്കോച്ചന്‍ പറയുന്നു. ബൈബിളിലെ സാറയ്ക്കും അബ്രഹാമിനും തൊണ്ണൂറാം വയസ്സിലാണ് കുഞ്ഞു ജനിക്കുന്നത്. ആ കുഞ്ഞിന്റെ പേരാണ് ഇസഹാക്ക്. തങ്ങള്‍ക്കും വൈകി ജനിച്ച കുഞ്ഞായത് കൊണ്ടാണ് ഈ പേര് സ്വീകരിച്ചതെന്ന് കുഞ്ചാക്കോ വ്യക്തമാക്കി.

12-ാം ദിവസം മുതല്‍ പ്രിയ കുഞ്ഞിനെ കുളിപ്പിക്കാന്‍ തുടങ്ങിയതായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ്. അത് മാത്രമല്ല, വീട്ടിലെ എല്ലാ കാര്യങ്ങളും ഓടി നടന്ന് നോക്കുന്നതും തന്റെ കോസ്റ്റിയും സെലക്ട് ചെയ്യുന്നതും പ്രോഗ്രാമുകള്‍ ഓര്‍മിപ്പിക്കുന്നതും എല്ലാം പ്രിയയാണെന്നും ചാക്കോച്ചന്‍ പറയുന്നു. പണ്ട് ഡോക്ടറാകാനായിരുന്നു ആഗ്രഹം, വൈറസ് സിനിമയിലൂടെ അത് സാധ്യമായെന്നും കുഞ്ചാക്കോ പറയുന്നു. താന്‍ സഹായം ചോദിച്ചിട്ട് മനപ്പൂര്‍വ്വം സഹായിക്കാതിരുന്ന പലരും പിന്നീട് തന്നോട് തിരിച്ച് സഹായം ചോദിച്ചിട്ടുണ്ട്, കൊടുത്തിട്ടുമുണ്ട്. ദ്രോഹിച്ചവരുടെ മുന്നില്‍ ജീവിച്ചു കാണിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ അഭിമുഖം അവസാനിപ്പിക്കുന്നത്.