“മമ്മൂക്ക വികാരമല്ലേ… എന്ത് ചെയ്യാന്‍ കഴിയും..?” ; കെ.എസ്.ആര്‍.ടി.സിയുടെ മറുപടി ഏറ്റെടുത്ത് ആരാധകര്‍
1 min read

“മമ്മൂക്ക വികാരമല്ലേ… എന്ത് ചെയ്യാന്‍ കഴിയും..?” ; കെ.എസ്.ആര്‍.ടി.സിയുടെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

ലയാളികളുടെ പ്രിയതാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അമ്പത് വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ് താരം. മമ്മൂക്ക പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാവാറുള്ളത്. അദ്ദേഹം പങ്കെടുക്കാറുള്ള പരിപാടികളിലെല്ലാം താരത്തെ കാണാനായി ആയിരങ്ങളാണ് തടിച്ചുകൂടാറുള്ളത്. അത്തരത്തില്‍ താരത്തെ കാണാന്‍ തടിച്ചു കൂടിയ ജനങ്ങളെയും റോഡ് ബ്ലൊക്കായപ്പോള്‍ അതില്‍ ഇടപെട്ട മമ്മൂട്ടിയുടെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. ആലപ്പുഴ എം.പി എ.എം ആരിഫ്, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലല എന്നിവരും ചടങ്ങില്‍ സന്നിഹിതരയിരുന്നു. മമ്മൂട്ടിയെ കാണാന്‍ കെഎസ്ആര്‍ടിസി ബസിന്റെ മുകളിലും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലും വലിഞ്ഞുകയറിയാണ് താരത്തെ കണ്ട്ത്. ഇപ്പോഴിതാ മമ്മൂട്ടിയെ കാണാന്‍ കെഎസ്ആര്‍ടിസിയുടെ മുകളില്‍ വരെ ആളുകള്‍ കയറിയതിനെക്കുറിച്ചുള്ള കമന്റിന് താഴെ ഹരിപ്പാട് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. ഫേസ്ബുക്ക് പേജ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാന്‍ പറ്റും, സ്റ്റാന്റിന് മുകളില്‍ വരെ ആളുകള്‍ കയറി’ എന്നാണ് ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് പേജ് മറുപടി പറഞ്ഞത്. റോഡില്‍ ട്രാഫിക്ക് ബ്ലോക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മമ്മൂട്ടി തന്നെ ഇടപെട്ട് പരിപാടി പെട്ടന്ന് തന്നെ അവസാനിപ്പിക്കുകയായിരുന്നു. ‘എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. മലയാള സിനിമയിലെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തല പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു. കേരളത്തിലെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച നടനാണ് താരമെന്ന് എ.എം ആരിഫും കൂട്ടിച്ചേര്‍ത്തു.

അതേസമയം മമ്മൂട്ടി നിലവില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍. അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്നുണ്ട്.