‘കാളിയന്‍’ സിനിമയിലേക്ക് കെ.ജി.എഫ്. സംഗീത സംവിധായകന്‍ ; രവി ബസ്‌റൂറിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്
1 min read

‘കാളിയന്‍’ സിനിമയിലേക്ക് കെ.ജി.എഫ്. സംഗീത സംവിധായകന്‍ ; രവി ബസ്‌റൂറിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് കണ്ടത്മുതല്‍ രാജ്യമെമ്പാടും ശ്രദ്ധിച്ച പേരായിരുന്നു രവി ബസ്‌റൂര്‍. ‘കെജിഎഫി’ന്റെ തകര്‍പ്പന്‍ സംഗീതം ഒരുക്കിയത് രവി ബസ്‌റൂറാണ്. വൈകാരികതയും ആക്ഷനും ഇടകലര്‍ന്ന ചിത്രത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചത് ഇദ്ദേഹത്തിന്റെ മികവുകൊണ്ടാണ്. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് സിനിമാസംഗീതലോകത്തേക്ക് എത്തിയതാണ് രവി ബസൂര്‍. ഇപ്പോഴിതാ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീത സംവിധായകനാകാന്‍ ഒരുങ്ങുകയാണ് രവി ബസ്‌റൂര്‍ എന്നാണ് റിപ്പോര്‍ട്ട്.

പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കാളിയനി’ലാണ് രവി ബസൂര്‍ സംഗീതം ഒരുക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷോടെ കാത്തിരിക്കുന്ന ചിത്ര കാളിയനിലേക്ക് രവി ബസ്‌റൂറിനെ സ്വാഗതം ചെയ്തുകൊണ്ട് പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സിനിമയില്‍ എട്ടുവര്‍ഷത്തെ പരിചയസമ്പത്തുള്ളയാളാണ് രവി. കെ.ജി.എഫ്. ചാപ്റ്റര്‍ 1, ചാപ്റ്റര്‍ 2 സിനിമകള്‍ക്കും ‘സലാര്‍’ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയതും രവിയാണ്. ഉറുമിക്ക് ശേഷം വീണ്ടും പൃഥ്വിരാജ് ആദ്യമായി ചരിത്ര കഥാപാത്രമാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ എസ്. മഹേഷ് ആണ്. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനാ’യി എത്തുന്ന ചിത്രമാണ് ഇത്. 1700കളിലെ വേണാട്ടില്‍ നിന്നുള്ള ഉഗ്ര യോദ്ധാക്കളുടെ കഥയാണ് ‘കാളിയന്‍’ പറയുന്നത്.

കാളിയന്‍ ഒരു ഇതിഹാസ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കന്‍ നാടോടിക്കഥകളെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമാണിതെന്നും സംവിധായകന്‍ മഹോഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമാപ്രേമികള്‍ ആകംാഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബിടി അനില്‍ കുമാര്‍ ആണ്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് കാളിയന്‍ നിര്‍മിക്കുന്നത്. കാളിയന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുജിത്ത് വാസുദേവ് ആണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു കാളിയന്‍. പല കാരണങ്ങളാല്‍ ചിത്രം നീണ്ട് പോവുകയായിരുന്നു.

ഈ വര്‍ഷം നവംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ പൃഥ്വിരാജ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘കൊട്ട മധു’ എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ‘കാപ്പ’യിലെ ലുക്ക് പൃഥ്വിരാജ് തന്നെ പുറത്തുവിട്ടിരുന്നു. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതമാണ് പൃഥിയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.