ഫൈനൽസിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ലാലേട്ടനുമുണ്ടാകും; ആരാധകർക്കിത് ഇരട്ടിമധുരം
1 min read

ഫൈനൽസിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ലാലേട്ടനുമുണ്ടാകും; ആരാധകർക്കിത് ഇരട്ടിമധുരം

കേരളത്തിൻ്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഒരു തവണ കൂടി ഐഎസ്എല്ലിൻ്റെ ഫൈനലിൽ എത്തിയിരിക്കുകയാണ്. ആരാധകർ ഏറെ ആവേശത്തോടെ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കിരീടം ചൂടാൻ കാത്തിരിക്കുന്നത്. മൂന്നാം തവണയാണ് ഫൈനൽ സ്റ്റേജിൽ താരങ്ങൾ എത്തുന്നത്. ഇതിനു മുൻപുള്ള രണ്ടു പ്രാവശ്യവും അവസാന നിമിഷത്തിൽ നഷ്ടപ്പെട്ട കപ്പ് ഈ വർഷം നേടാൻ കഴിയുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഈ മാസം ഇരുപതാം തീയതി ഗോവയിൽ വെച്ചാണ് ഫൈനൽ നടക്കുന്നത്. ഇന്ത്യ മുഴുവൻ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് ഈ മത്സരത്തെ. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.  മാത്രമല്ല, കൊമ്പന്‍മാരുടെ പാപ്പാന്‍ ഇവാന്‍ വുകോമനൊവിച്ച്, മലയാളികളെ ഗോവയിലേക്ക് മത്സരം കാണാനും മഞ്ഞപ്പടയെ പ്രോത്സാഹിപ്പിക്കാനും മലയാളത്തിൽ തന്നെ ക്ഷണിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അതേസമയം ഐഎസ്എൽ ആരാധകർക്ക് ഒരു പുതിയ സന്തോഷവാർത്ത കൂടിയാണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാളികളുടെ നടന വിസ്മയം മോഹൻലാലും ഈ മത്സരത്തിൽ മഞ്ഞപ്പടയെ പിന്തുണയ്ക്കാൻ കൂടെയുണ്ടാകും. ആരാധകർ ഏറെ ആകാംഷയോടു കൂടിയാണ് ഈ വാർത്ത ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. സുഹൃത്തും സംരംഭകനുമായ സമീര്‍ ഹംസയ്‌ക്കൊപ്പം കേരള ബ്ലാസറ്റേഴ്‌സിന്റെ ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന ലാലേട്ടന്റെ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ബ്ലാസ്റ്റേഴ്സിനെ മഞ്ഞ നിറത്തിലുള്ള ജേഴ്‌സിയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ അണിഞ്ഞിരിക്കുന്നത്. മാത്രമല്ല ജേഴ്‌സിയിൽ ലാൽ എന്ന് പേര് എഴുതുകയും, പത്താം നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്. സമീർ ഹംസയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ലാലേട്ടൻ്റെ പുത്തൻ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ, സമീർ ഹംസയും അതേ നിറത്തിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി അണിഞ്ഞിട്ടുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു ദുഃഖ വാർത്ത കൂടിയുണ്ട്. ഫൈനൽസിൽ മഞ്ഞ നിറത്തിലുള്ള ജേഴ്സി അണിയാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയില്ല. എവേ ജഴ്സിയണിഞ്ഞായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽസ് കളിക്കുക. ലീഗ് മത്സരത്തിൽ കൂടുതൽ പോയിൻ്റ് കരസ്ഥമാക്കിയതിനാൽ ഹൈദരാബാദ് എഫ്.സിക്കായിരിക്കും ഇത്തവണ മഞ്ഞ ജേഴ്സി അണിഞ്ഞ് കളിക്കളത്തിൽ ഇറങ്ങുന്നത്. ലാലേട്ടൻ കൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ എത്തിയതോടെ ആരാധകർ കൂടുതൽ ആവേശത്തിലാണ് ഇത്തവണത്തെ ഐഎസ്എൽ ഫൈനൽ നോക്കികാണുന്നത്.