‘മമ്മൂട്ടി സി ക്ലാസ് നടന്‍, മോഹന്‍ലാല്‍ ഛോട്ടാ ഭീം’ ; അറസ്റ്റിലായ കെ.ആര്‍.കെയുടെ പരിഹാസത്തിനിരയായ മലയാളി താരങ്ങള്‍
1 min read

‘മമ്മൂട്ടി സി ക്ലാസ് നടന്‍, മോഹന്‍ലാല്‍ ഛോട്ടാ ഭീം’ ; അറസ്റ്റിലായ കെ.ആര്‍.കെയുടെ പരിഹാസത്തിനിരയായ മലയാളി താരങ്ങള്‍

ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങളെക്കുറിച്ചും ബോളിവുഡിനെക്കുറിച്ചുമൊക്കെ കെആര്‍കെ നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായി മാറിയിട്ടുണ്ട്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ വായില്‍ തോന്നുന്നത് എല്ലാം വിളിച്ചു പറയുന്ന കെആര്‍കെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതും അതില്‍ ചെന്ന് ചാടുന്നതും സ്ഥിരമാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ കെആര്‍കെയ്ക്കെതിരെ നിയമ നടപടി വരെ സ്വീകരിക്കുകയുണ്ടായിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, കങ്കണ റണാവത്, അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍ഹ, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ക്കൊക്കെ എതിരെ കെആര്‍കെ പരാമര്‍ശങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം താരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. 2020-ല്‍ ട്വിറ്ററിലൂടെ നടത്തിയ വിവാദ പരാമര്‍ശങ്ങളേത്തുടര്‍ന്നാണ് നടപടി.ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍ എന്നിവര്‍ക്കെതിരെ കെ.ആര്‍.കെ മോശം പരാമര്‍ശം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കമാല്‍ ഖാനെതിരെ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തത്. മലയാളികളുടെ അഭിമാന താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ ഇദ്ദേഹത്തിന്റെ വിമര്‍ശനം ആരാധകരെ ചൊടിപ്പിച്ചിരുന്നു. മമ്മൂട്ടിയെ സി ക്ലാസ് നടനാണെന്നായിരുന്നു പരിഹസിച്ചത്. ഇതിനെതിരെ ശക്തമായാണ് ആരാധകര്‍ പ്രതികരിച്ചത്.

മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്നതിനെതിരെ ‘മോഹന്‍ലാല്‍ ഭീം അല്ല ഛോട്ടാ ഭീം’ ആണെന്നായിരുന്നു കമാല്‍ ആര്‍ ഖാന്‍ പരിഹസിച്ചത്. ഇതിനെതിരെ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രൂക്ഷമായി പ്രതികരിക്കുകയും ഫേസ്ബുക്ക് ഹാക്ക് ചെയ്യുന്നതിലേക്ക് വരെ അത് നീളുകയുമുണ്ടായി. ഒടുവില്‍ മോഹന്‍ലാലിനോട് മാപ്പും കെആര്‍കെ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ സര്‍, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിന് മാപ്പ്. കാരണം എനിക്ക് നിങ്ങളെ അത്ര അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നുവെന്നും മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരമാണെന്നും മനസ്സിലാക്കുന്നുവെന്നുമായിരുന്നു കമാല്‍ അന്ന് ട്വിറ്റ് ചെയ്തത്.

തമിഴ് സൂപ്പര്‍ താരം അജിത്തിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അജിത്തിന് വയസ്സായെന്നും അദ്ദേഹത്തിന് പറ്റുന്നത് അച്ഛന്‍ വേഷങ്ങളാണെന്നുമായിരുന്നു വിമര്‍ശനം. വയസ്സന്മാര്‍ ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളാണ് ചെയ്യുന്നത്. അവിടെ അജിത്തിനും അതേ കിട്ടൂ. തമിഴ്നാട്ടുകാര്‍ അജിത്തിനെപ്പോലുള്ളവരെ നായകന്മാരാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു വിമര്‍ശിച്ച് ട്വിറ്റ് ചെയ്തത്.