ഇത് അന്തകാലമല്ല! ; കടുവയിലേത് 90കളിലെ പാലായാണെങ്കിൽ ചിത്രം കണ്ടത് 90കളിലെ പ്രേക്ഷകരല്ല; മാറ്റം തുടങ്ങി കഴിഞ്ഞു! ; കടുവയിലെ വിവാദ പരാമർശത്തിനെതിരെ ദീപാ നിശാന്ത്
1 min read

ഇത് അന്തകാലമല്ല! ; കടുവയിലേത് 90കളിലെ പാലായാണെങ്കിൽ ചിത്രം കണ്ടത് 90കളിലെ പ്രേക്ഷകരല്ല; മാറ്റം തുടങ്ങി കഴിഞ്ഞു! ; കടുവയിലെ വിവാദ പരാമർശത്തിനെതിരെ ദീപാ നിശാന്ത്

എണ്ണം പറഞ്ഞ ഹിറ്റുകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകനാണ് ഷാജി കൈലാസ്.മാസ് എന്ന വാക്ക് സിനിമ ചർച്ചകളിൽ ഇടം പിടിക്കുന്നത് ഒരുപക്ഷേ ഷാജി കൈലാസ് ചിത്രങ്ങളിലൂടെ തന്നെയായിരിക്കും. എട്ട് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകനായി തിരിച്ചെത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനായി വൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന കടുവ എന്ന ചിത്രം. ടൈറ്റിൽ കഥാപാത്രമായി അഭിനയിച്ചതും ചിത്രം നിർമ്മിച്ചിരിക്കുന്നതും പൃഥ്വിരാജ് ആയിരുന്നു എന്നതുകൊണ്ട് തന്നെ മാസ് മസാല സിനിമകൾ അന്യം നിന്നതാണെന്ന് വിലയിരുത്തുകൾക്കിടയിലേക്ക് പുതിയ ഒരു ചുവടായിരുന്നു കടുവ വെച്ചിരുന്നത്.

സിനിമയെപ്പറ്റി തുടക്കം മുതൽ തന്നെ ഒരുപാട് ചർച്ചകളും വാദപ്രതിവാദങ്ങളും വാർത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. 90കളിലെ പാലാ പശ്ചാത്തലമായ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ പ്ലാന്ററും വ്യവസായിയുമായ കടുവാക്കുന്നേൽ കുര്യച്ചനായി പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടപ്പോൾ, ചിത്രം മറ്റൊരു തലത്തിലേക്ക് തന്നെയായിരുന്നു ഉയർന്നത്. അധികാര കേന്ദ്രങ്ങൾക്ക് കീഴ്പ്പെട്ട് ജീവിക്കാൻ കഴിയാത്ത, തനിക്ക് ശരികൾ എന്ന് തോന്നുന്ന എല്ലാം ഉറച്ചുപറയുന്ന, പോലീസും ഇടവകയിൽ ഉള്ളവരും ഒക്കെ വേണ്ടത്ര ശത്രുക്കളായുള്ള നായക കഥാപാത്രം സിനിമ പ്രേമികൾക്കിടയിൽ വൻ വിജയമായി തന്നെ മുന്നേറിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള ഡയലോഗുകൾ ഉൾപ്പെടുത്തി എന്നതുമായി ബന്ധപ്പെട്ട കടുവ എന്ന ചിത്രം പ്രതിക്കൂട്ടിൽ കയറിയത്.

എന്നാൽ ഇത് മനുഷ്യസഹജമായി സംഭവിച്ച ഒരു തെറ്റാണെന്നും അത് ഒരിക്കൽ പോലും മനപ്പൂർവം ചെയ്തതല്ലെന്നും വെളിപ്പെടുത്തി സംവിധായകൻ ഷാജി കൈലാസ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പുറമേ മാപ്പപേക്ഷിച്ചുകൊണ്ട് പൃഥ്വിരാജും രംഗത്തെത്തിയെങ്കിലും കോലാഹലങ്ങൾ ഒന്നും കെട്ടടങ്ങിയില്ല എന്നത് തന്നെയാണ് സത്യം. ആരെയും വേദനിപ്പിക്കാനോ വിമർശിക്കുവാനോ വേണ്ടി ചെയ്തതല്ല ആ സംഭാഷണം എന്നും കടുവയുടെ ചിത്രീകരണ വേളയിൽ പോലും ഇത്തരം ഒരു പ്രശ്നം കണ്ടില്ലെന്നും പല അണിയറ പ്രവർത്തകർ വ്യക്തമാക്കുമ്പോഴും നിരവധി പേരാണ് ചിത്രത്തിലെ ഡയലോഗിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അതിൽ ഇപ്പോൾ എടുത്തു പറയേണ്ട പേരാണ് എഴുത്തുകാരിയായ ദീപാ നിശാന്തിന്റെത്. സമൂഹത്തിൽ വളരെ വലിയ ചലനങ്ങൾ സൃഷ്ടിക്കുവാൻ സിനിമ എന്ന മാധ്യമത്തിന് കഴിയുന്നതുകൊണ്ട് തന്നെ ഇത്തരം ഒരു ഡയലോഗ് കടുവയിൽ നിന്ന് അല്ലെങ്കിൽ സിനിമയിലെ മുഖ്യധാരാ നായകനിൽ നിന്ന് ഉണ്ടായത് വളരെയധികം മോശമായ കാര്യമാണെന്നാണ് ദീപ വ്യക്തമാക്കുന്നത്. എന്നാൽ പണ്ടത്തെ തൊണ്ണൂറുകളുടെ കാലഘട്ടമല്ല ഇന്നത്തെതെന്നും ആളുകൾ മാറ്റത്തിന് വിധേയമായി തുടങ്ങിയെന്നും ചിന്തിക്കുവാൻ ശ്രമിക്കുന്നുണ്ടെന്നതിന്‍റെ തെളിവും ചിത്രത്തിൻറെ പ്രദർശന വേളയിൽ തന്നെ തനിക്ക് ലഭിച്ചു എന്നും എഴുത്തുകാരി വ്യക്തമാക്കുന്നു. താൻ സിനിമ കണ്ട തിയറ്ററിൽ ഉള്ള ഒരാൾ പോലും ആ വിവാദ ഡയലോഗ് കേട്ട് കൈയ്യടിച്ചില്ലെന്നും ഇതൊക്കെ ഒരു മാറ്റത്തിന് തുടക്കം ആണെന്നുമാണ് ദീപ വ്യക്തമാക്കിയിരിക്കുന്നത്.