‘തന്നെ കാണാന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ വന്നില്ല; മകളുടെ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി ജിഷയുടെ അമ്മ രാജേശ്വരി’
1 min read

‘തന്നെ കാണാന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ വന്നില്ല; മകളുടെ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി ജിഷയുടെ അമ്മ രാജേശ്വരി’

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ തുടക്കത്തിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ഇക്ക എന്നും മെഗാസ്റ്റാര്‍ എന്നുമൊക്കെയാണ് ആരാധകര്‍ വിശേഷിപ്പിക്കാറുള്ളതെങ്കില്‍ മോഹന്‍ലാലിനെ താരരാജാവെന്നും ഏട്ടനെന്നുമൊക്കെയാണ് വിശേഷിപ്പിക്കാറ്. ഇപ്പോഴിതാ മമ്മൂട്ടിക്കെതിരെയും മോഹന്‍ലാലിനെതിരെയും രംഗത്ത് വന്നിരിക്കുകയാണ് പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകള്‍ മരിച്ച ശേഷം മമ്മൂട്ടിയോ മോഹന്‍ലാലോ തന്നെ കാണാന്‍ വന്നില്ലെന്നും, അവര്‍ ഒരു ഫോണ്‍ കോള്‍ പോലും ചെയ്തില്ലെന്നുമാണ് ജിഷയുടെ അമ്മയുടെ പരാതി.

തനിക്ക് കിട്ടിയ സാമ്പത്തിക സഹായം എല്ലാം തീര്‍ന്നുവെന്നും നാട്ടുകാരുടെ സഹായത്താലും പിന്നെ ഹോം നേഴ്സായി ജോലി ചെയ്തുമാണ് ഇപ്പോള്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതെന്നുമാണ് രാജേശ്വരി പറയുന്നത്. തന്റെ കൊച്ചിനെ ഇല്ലാതാക്കിയവരെ സിനിമയിലൂടെ പുറംലോകത്തേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് മമ്മൂട്ടിയെ കാണണം എന്ന് പറയുന്നതെന്നും, മകളുടെ കഥ സിനിമയാക്കണമെന്നും അതില്‍ തനിക്കൊരു ചാന്‍സ് തരണമെന്നും ജിഷയുടെ അമ്മ കൂട്ടിച്ചേര്‍ത്തു. താന്‍ ആ ചിത്രത്തില്‍ അഭിനയിച്ചാലെ ആള്‍ക്കാര്‍ ആ സിനിമ കാണുകയുള്ളു. മമ്മൂട്ടി അഭിനയിച്ച സിബിഐ പോലെ തന്റെ മകളുടെ കൊലപാതകവും ആരെങ്കിലും സിനിമയാക്കി തരണമെന്നും, സത്യം പുറത്ത് കൊണ്ട് വരാന്‍ ആണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു. അതേസമയം, മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നീ നടന്മാരെ കാണാന്‍ ആഗ്രഹിച്ച് കാത്തിരിക്കുന്ന ഒരാളാണ് താനെന്നും രാജേശ്വരി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ച ഒരു കൊലപാതകമായിരുന്നു നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷയുടേത്. 2016 ഏപ്രില്‍ 28 നാണ് ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ കൊലയാളി അതി ക്രൂരമായി മര്‍ദ്ദിച്ചും, പീഡനത്തിനിരയാക്കിയുമാണ് ജിഷയെ കൊലപ്പെടുത്തയത്. വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. ജിഷയുടെ ദേഹത്ത് മുപ്പതിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിനൊടുവില്‍ പ്രതിയായ ആസാം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.