“ദൃശ്യം എന്ന സിനിമയുമായി താരതമ്യം ചെയ്ത് ‘ട്വല്‍ത്ത് മാന്‍’ കാണരുത്” ; അഭ്യർത്ഥനയുമായി ജീത്തു ജോസഫ്
1 min read

“ദൃശ്യം എന്ന സിനിമയുമായി താരതമ്യം ചെയ്ത് ‘ട്വല്‍ത്ത് മാന്‍’ കാണരുത്” ; അഭ്യർത്ഥനയുമായി ജീത്തു ജോസഫ്

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. ‘ദൃശ്യം 2’ ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. എന്നാല്‍ ദൃശ്യം എന്ന സിനിമയുമായി താരതമ്യം ചെയ്ത് ‘ട്വല്‍ത്ത് മാന്‍’ കാണരുതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. കൂടാതെ, നല്ല ഒരു മിസ്റ്ററി മര്‍ഡര്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ട്വല്‍ത്ത് മാനെന്നും, എല്ലാവരും സിനിമ കാണണമെന്നും ജീത്തു ജോസഫ് പറയുന്നു. ‘ട്വല്‍ത്ത് മാന്‍’ തികച്ചും വ്യത്യസ്തമായൊരു സിനിമയാണ്, ചിത്രം കണ്ടിട്ട് സത്യസന്ധമായ അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും ജീത്തു ജോസഫ് പറഞ്ഞു.

24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ചിത്രം മെയ് 20ന് റിലീസ് ചെയ്യും. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഏറെ സംശയങ്ങളും നിഗൂഢതയും ജനിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു ത്രില്ലര്‍ ചിത്രമാകും ‘ട്വല്‍ത്ത് മാന്‍’ എന്നാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്ന സൂചന.

ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രം തോക്കില്‍ ഉണ്ട നിറക്കുന്നതായാണ്
സിനിമയുടെ പ്രൊമോഷണല്‍ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ
ഉണ്ണി മുകുന്ദന്‍ ആണോ ചിത്രത്തിലെ കൊലയാളി എന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍. അതേസമയം, ശിവദയുടെ കഥാപാത്രം ഒരു കപ്പ് കാപ്പിയിലേക്ക് ഒരു ദ്രാവകം ഒഴിക്കുന്നതായാണ് പ്രൊമോഷണല്‍ വീഡിയോയില്‍ ഉള്ളത്. ‘ഞങ്ങളില്‍ ഒരാളാണ് അത് ചെയ്തത്, അത് അവള്‍ ആണോ?’ എന്ന തലക്കെട്ടോടെയാണ് നിഗൂഢത നിറച്ച വീഡിയോ പുറത്തിറങ്ങിയിരുക്കുന്നത്. അതേസമയം, ഏറെ നിഗൂഢതകള്‍ നിറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ട്വല്‍ത്ത് മാന്‍. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്. സതീഷ് കുറുപ്പ് ചിത്രത്തിന്റെ ഛായാഗ്രാഹണവും രാജീവ് കോവിലകം ചിത്രത്തിന്റെ കലാസംവിധാനവും നിര്‍വഹിക്കും. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.