“മമ്മൂക്കയുമൊത്തുള്ള ഒരു സിനിമ എന്റെ പ്ലാനിലുണ്ട്.. രണ്ട് മൂന്നു കഥകൾ ആലോചനയിൽ..” : ജീത്തു ജോസഫ്
1 min read

“മമ്മൂക്കയുമൊത്തുള്ള ഒരു സിനിമ എന്റെ പ്ലാനിലുണ്ട്.. രണ്ട് മൂന്നു കഥകൾ ആലോചനയിൽ..” : ജീത്തു ജോസഫ്

ലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജീത്തു ജോസഫ്. ദൃശ്യം എന്ന ചിത്രം തീര്‍ത്ത വിസ്മയകരമായ വിജയത്തിന്റെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ദൃശ്യം ഒന്നും ചിത്രത്തിന്റെ രണ്ടാം ഭാഗവും മലയാള ചരിത്രത്തിന്റെ അവിസ്മരണീയ ഏടുകളാണെന്ന് തന്നെ പറയാം. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. 2007ലെ സുരേഷ് ഗോപി ഇരട്ട വേഷങ്ങളിലെത്തിയ ‘ഡിറ്റക്റ്റീവ്’ എന്ന ചിത്രത്തിലൂടെയാണ് ജീത്തും സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘ദൃശ്യം’ സിനിമയുടെ റീമേക്കായ ‘പാപനാസം’ എന്ന ചിത്രത്തിലൂടെ തമിഴിലില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ദി ബോഡിയിലൂടെ ഹിന്ദിയിലും പ്രവര്‍ത്തിച്ചു.

ഇപ്പോഴിതാ അദ്ദേഹം ഫില്‍മി ബീറ്റ്‌സിന് നല്‍കിയ അഭിമുഖമാണ് വൈറലാവുന്നത്. മമ്മൂട്ടിയുമായി സിനിമ ചെയ്യണമെന്നത് തന്റെ നടക്കാത്ത സ്വപ്‌നമാണെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിയുടെ കൂടെ ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ജീത്തു ജോസഫ് അഭിമുഖത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ : മമ്മൂക്കയുമൊത്തുള്ള ഒരു സിനിമ എന്റെ പ്ലാനില്‍ ഉണ്ട്. ഇപ്പോഴും അത് എന്റെ നടക്കാത്ത സ്വപ്‌നമാണ്. രണ്ട് മൂന്ന് കഥകള്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ അതൊന്നും വര്‍ക്കൗട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ എന്ന് പറയുമ്പോള്‍ തന്നെ എല്ലാവരിലും വലിയ പ്രതീക്ഷകളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കഥ മനസിലുണ്ട്. അത് ആലോചനയിലാണ്. എന്നാല്‍ അതിനെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ലെന്നും ജീത്തു പറയുന്നു. മമ്മൂട്ടിയുടെ ഈ അടുത്ത് ഇറങ്ങിയ പുഴു എന്ന സിനിമ അതില്‍ അദ്ദേഹം ചെയ്തത് മറ്റുള്ള പലരും എടുക്കാന്‍ മടിക്കുന്ന കഥാപാത്രം അദ്ദേഹം ചെയ്തു. അതെല്ലാം ഒരു ആക്ടറിന്റെ ക്രേവിംങ് ആണ്. ഒരു നല്ല അഭിനേതാവിന് എപ്പോഴും ഡിഫ്‌റന്റായിട്ടുള്ള വേഷം ചെയ്യണമെന്നുള്ളതുണ്ടാവും. അതാണ് മമ്മൂക്കയുടെ മഹത്വമെന്നും ജീത്തു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ട്വല്‍ത്ത് മാന്‍ റിലീസ് ചെയ്തത്. ത്രില്ലര്‍ സ്വഭാവത്തിലെത്തിയ ചിത്രം പ്രധാനമായും ഒരു രാത്രിയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ത്രില്ലര്‍ സ്വഭാവത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന സംവിധായകനാണ് താന്‍ എന്ന് ട്വല്‍ത്ത് മാനിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. പ്രേക്ഷകരെല്ലാം തന്നെ മികച്ച പ്രതികരണമാണ് അറിയിക്കുന്നത്. അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, അനു മോഹന്‍, പ്രിയങ്ക, ഉണ്ണി മുകുന്ദന്‍, അനു സിത്താര, അനുശ്രീ, രാഹുല്‍ മാധവ്, സൈജു കുറുപ്പ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.