“വിനായകന് നേരെയുള്ള ചൂണ്ടുവിരൽ ജാതീയതയോ വംശവെറിയോ? ” സോഷ്യൽ മീഡിയ ചോദിക്കുന്നു..
1 min read

“വിനായകന് നേരെയുള്ള ചൂണ്ടുവിരൽ ജാതീയതയോ വംശവെറിയോ? ” സോഷ്യൽ മീഡിയ ചോദിക്കുന്നു..

മീ ടൂവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ കുറച്ചുനാൾ മുമ്പ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയകളിൽ അടക്കം വൻ ചർച്ചയായ വിഷയം ഒന്ന് ആറിത്തണുക്കുമ്പോഴേക്കും സമാനമായ സാഹചര്യം വീണ്ടും ഉണ്ടായിരിക്കുകയാണ്. അന്ന് നടന്നതിന്റെ ബാക്കി എന്നോണം ഉള്ള  സംഭവങ്ങളാണ് കഴിഞ്ഞദിവസം ഉണ്ടായത്. പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വെച്ച് വിനായകനും മാധ്യമപ്രവര്‍ത്തകരും തമ്മിൽ വാക്ക്പോര് നടന്നിരുന്നു.

ഈ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. വിനായകനോടുള്ള മാധ്യമപ്രവർത്തകരുടെ പെരുമാറ്റം വളരെ മോശമായി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വിനായകനെ എടോ എന്നും താനെന്നും അഭിസംബോധന ചെയ്തതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വിനായകന്‍ ഇനി ഓസ്‌കാര്‍ വാങ്ങിച്ചാലും നിങ്ങള്‍ താന്‍/ നീ/ നിന്റെ എന്നൊക്കെ മാത്രമേ വിളിക്കുകയുള്ളു എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത്. അതിന് കാരണം മലയാളിക്ക് തൊലിപ്പുറമേ മാത്രമേ ഉള്ളൂ പുരോഗമന ചിന്താഗതിയൊക്കെയെന്നും ഉള്ളില്‍ ഇപ്പോഴും വൃത്തികെട്ട ജാതി കോമരങ്ങള്‍ ആണെന്നും വിമർശനങ്ങൾ ഉയരുകയാണ്.

‘ഈ ചൂണ്ടുവിരലുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഒരു ആക്രോശമായിട്ട് മാത്രമേ കാണാനാവൂ എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വിനായകനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സംസാര ശൈലിയിലാണ് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന വിമര്‍ശനം ഉന്നയിക്കുന്നവരുമുണ്ട്. മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പൃഥ്വിരാജിനോടും ജയറാമിനോടുമൊക്കെ മാധ്യമ പ്രവർത്തകർ സൗന്ദര്യത്തെ കുറിച്ച് ചോദിക്കുമ്പോൾ  വിനായകനോട് മാത്രം രാഷ്ട്രീയമാണ് ചോദിക്കാന്‍ ധൈര്യപ്പെടുന്നത് എന്നും വിമർശനങ്ങൾ ഉണ്ട്. മലയാള സിനിമയിലെ ഈ താരങ്ങളോടെല്ലാം വളരെ സൗമ്യമായി താഴ്മയോടെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്നും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ്  മാധ്യമങ്ങൾ പെരുമാറുന്നതെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു. വിനായകനോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാനും പൊതു ഇടത്തു വച്ച് തന്നെ വിമർശിക്കാനും ഇതേ മാധ്യമങ്ങൾക്ക് എങ്ങനെ പറ്റുന്നു എന്നും, ജാതി തിരിച്ചും വർണ്ണം തിരിച്ചും എങ്ങനെ പെരുമാറാൻ സാധിക്കുന്നു എന്നും വിമർശനങ്ങൾ നടക്കുകയാണ്.

പന്ത്രണ്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ വിനായകന് നേരിടേണ്ടിവന്നത് മീടു മൂവെമെന്റ്, കഞ്ചാവ് അടിക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു. പ്രസ് മീറ്റില്‍ വന്നത് കഞ്ചാവ് അടിച്ചിട്ടാണോ എന്ന ചോദ്യത്തിന് ‘എന്നാല്‍ നിങ്ങളും കഞ്ചാവടിച്ച് വന്നൂടെ’ എന്നായിരുന്നു വിനായകൻ പ്രതികരിച്ചത്. വിനായകനോട് മാത്രം ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് ജാതീയതയും വംശവെറിയുമാണെന്നാണ് സോഷ്യൽ മീഡിയകളിലൂടെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.