ഒടിടിയൊക്കെ വരുന്നതിന് മുൻപ് ലോകസിനിമകളെ ഓരോ മലയാളിയ്ക്കും പരിചയപ്പെടുത്തിയ  മുതിർന്ന മാധ്യമപ്രവർത്തകൻ ‘എ. സഹദേവൻ’ ഇനി ഓർമകളിൽ
1 min read

ഒടിടിയൊക്കെ വരുന്നതിന് മുൻപ് ലോകസിനിമകളെ ഓരോ മലയാളിയ്ക്കും പരിചയപ്പെടുത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ‘എ. സഹദേവൻ’ ഇനി ഓർമകളിൽ

ആമസോണും , പ്രൈമും, നെറ്റ്ഫ്ളിക്‌സും എന്തിന് ഏറെ പേരേടുത്തു പറയാൻ  ഒരു ഒടിടി പ്ലാറ്റ്‌ഫോമു പോലും ഇല്ലാതിരുന്ന ഒരു കാലത്ത് ഒരിക്കൽ പോലും കാണാനോ, കേൾക്കാനോ കഴിയില്ലെന്ന് കരുതിയ സിനിമകളെക്കുറിച്ച് പറഞ്ഞു മനസിലാക്കി തരാൻ സ്‌ക്രീനിൽ വഴികാട്ടിയായ ഒരു മനുഷ്യൻ.  കാണാൻ കൊതിക്കുന്ന  സിനിമകളിലേയ്ക്കുള്ള ഫസ്റ്റ് ടിക്കറ്റായിരുന്നു ഇന്ത്യ വിഷനിലെ 24 – ഫ്രെയിംസ് എന്ന പ്രോഗ്രം. വ്യത്യസ്തമായ ഭാഷ ശുദ്ധിക്കൊണ്ടും, അവതരണം കൊണ്ടും കൺമുന്നിലെ സ്‌ക്രീനിൽ ലോക സിനിമകളെ അവതരിപ്പിച്ച ഒരു തിയേറ്റർ.

ലോക സിനിമകളെക്കുറിച്ച് കേൾക്കാനും, മനം നിറയെ കാണാനും ഓരോ മലയാളിയും ശീലിച്ചത് ആ മനുഷ്യൻ്റെ ശബ്ദത്തിലൂടെയാണ്.  അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെയായിരുന്നു എണ്ണമറ്റ സിനിമളത്രയും മലയാളികൾ കണ്ടു തീർത്തത്. എ. സഹദേവനെന്ന മാധ്യമപ്രവർത്തകൻ. അനേകായിരം മനുഷ്യർക്ക് മാതൃകയായ ആ മനുഷ്യനെ ഹൃദയത്തോട് ചേർത്ത് ആദ്യം തന്നെ പറയട്ടെ ആദരാഞ്ജലികൾ.

എ. സഹദേവനിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം

കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എ. സഹദേവൻ (72) വിട പറഞ്ഞു.  കോട്ടയത്ത് വെച്ചായിരുന്നു അന്ത്യം. കുറച്ചു കാലങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകളെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  അച്ചടി,ടെലിവിഷൻ മാധ്യമ രംഗത്തെ മികച്ച സംഭാവനയ്ക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി കോട്ടയം മനോരമ സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ ജേർണലിസം പ്രൊഫസറായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.

കോഴിക്കോട് ജില്ലയിലെ കരുവശ്ശേരി സ്വദേശിയാണ് സഹദേവൻ.  സഹദേവൻ തൻ്റെ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് 1982 – ൽ മാതൃഭൂമി പത്രത്തിലൂടെയായിരുന്നു.  മാതൃഭൂമിയിൽ നിർണായക പദവികൾ വഹിച്ച അദ്ദേഹം 2003 – ൽ ടെലിവിഷൻ ജേർണലിസത്തിലേയ്ക്ക് കാലെടുത്തു വെക്കുകയായിരുന്നു.  പിന്നീട് ഇന്ത്യവിഷൻ ചാനലിൻ്റെ പ്രോഗാം കൺ സാൾട്ടന്റായി പ്രവർത്തിക്കുകയും ചെയ്‌തു.  ഇന്ത്യവിഷനിലെ ക്ലാസിക് – വിദേശ സിനിമകളെ പരിചയപ്പെടുത്തിക്കൊടുക്കുന്ന ’24 ഫ്രെയിംസ്’ എന്ന വളരെ പ്രശസ്‌തമായ പരിപാടി നിർമിക്കുകയും അതിൻ്റെ അവതാരകനായി മാറുകയും ചെയ്‌തു. 2010 – ൽ മികച്ച പത്രപ്രവർത്തനത്തിലുള്ള പാമ്പൻ മാധവൻ അവാർഡും, സംസ്ഥാന ടെലിവിഷൻ അവാർഡും അദ്ദേഹത്തെ തേടിയെത്തി. ‘കാണാത്ത കഥകൾ’ എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പ , മകൾ : ചാരുലേഖ