ഇന്ത്യന്‍ ഫിലിം ഇന്‍സ്ടിട്യൂട്ടിന്റെ സര്‍വേയില്‍ 2022 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍
1 min read

ഇന്ത്യന്‍ ഫിലിം ഇന്‍സ്ടിട്യൂട്ടിന്റെ സര്‍വേയില്‍ 2022 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍ കുഞ്ചാക്കോ ബോബന്‍

ലയാളത്തില്‍ ഏറെ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. മലയാളത്തിന്റെ എവര്‍ ഗ്രീന്‍ റൊമാന്റിക് ഹീറോ ആയി കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ അതിവേഗമാണ് പ്രേക്ഷക മനസില്‍ തന്റെ ഇടം കണ്ടെത്തിയത്ത്. കുഞ്ചാക്കോ ബോബന്റെ ആദ്യകാല സിനിമകളായ അനിയത്തിപ്രാവും കസ്തുരിമനുമെല്ലാം ഇന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളാണ്. റൊമാന്റിക് ഹീറോ ആയി തിളങ്ങി ഇത്രയും അധികം ബ്ലോക്ക്ബസ്റ്ററുകള്‍ സൃഷ്ടിച്ച മറ്റൊരു നടനും മലയാള സിനിമയില്‍ ഉണ്ടാവില്ല. അത്രയേറെ സൂപ്പര്‍ ഹിറ്റുകളാണ് ചാക്കോച്ചന്റെ പേരിലുള്ളത്. കരിയറില്‍ തിരിച്ചടികളും ഒരുപാട് നേരിട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. ഇടക്കാലത്ത് സിനിമകളില്‍ നിന്നും കുഞ്ചാക്കോ ബോബന്‍ പൂര്‍ണമായും വിട്ടു നിന്നു. പിന്നീട് സിനിമകളിലേക്ക് തിരിച്ചെത്തിയ നടന്‍ പതിയെ പഴയ താരമൂല്യം തിരിച്ച് പിടിച്ചു.

കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് 2022 വളരെ മികച്ച വര്‍ഷമായിരുന്നു. നടന്റേതായി തിയറ്ററുകളില്‍ എത്തിയ ഭൂരിഭാഗം ചിത്രങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. പദ്മിനിയാണ് അണിയറയില്‍ ഒരുങ്ങുന്ന നടന്റെ പുതിയ ചിത്രം. ഇപ്പോഴിതാ ഇന്ത്യന്‍ ഫിലിം ഇന്‍സ്ടിട്യൂട്ടിന്റെ ടോപ് ക്രിട്ടിക്‌സ് സര്‍വേ വഴി തിരഞ്ഞെടുത്ത 2022 ലെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍ കുഞ്ചാക്കോ ബോബനാണ്. ഭരദ്വാജ് രംഗന്‍ അടക്കമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 6 ക്രിട്ടിക്‌സിന്റെ അടുത്ത് നടത്തിയ IFI യുടെ സര്‍വ്വേയിലാണ് മികച്ച നടനായി ചാക്കോച്ചന്‍ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ഉള്ളത് റിഷഭ് ഷെട്ടിയാണ്. മികച്ച നടിമാര്‍ ആയി തിരഞ്ഞെടുത്തത് ആലിയ ഭട്ടിനേയും സായി പല്ലവിയെയും. അത് പോലെ ഇന്ത്യയിലെ മികച്ച 10 സിനിമകളില്‍ 2 എണ്ണം ചാക്കോച്ചന്‍ പടങ്ങളും, അതില്‍ ഒരെണ്ണം സ്വയം പ്രൊഡ്യൂസ് ചെയ്തതുമാണ്.

താരമായും നടനായും കഴിഞ്ഞ 25 കൊല്ലമായി മലയാള സിനിമയില്‍ ഉണ്ട്, ഒരുപാട് മികച്ച പെര്‍ഫോമന്‍സുകളും സിനിമകളും ഉണ്ടായിട്ടും അംഗീകാരങ്ങളും നേട്ടങ്ങളും നോക്കുമ്പോ ഏകദേശം ഒരു ശൂന്യത ആയിരുന്നു. അത് കൊണ്ട് തന്നെ പലരുടെയും കണ്ണില്‍ ഇദ്ദേഹം ഒരു ആവറേജ് നടന്‍ മാത്രമായി ഒതുങ്ങി. ഇപ്പോള്‍ മലയാള സിനിമയുടെ റീച്ച് അതിര്‍ത്തികള്‍ താണ്ടി പോയപ്പോള്‍ കരിയറില്‍ നേടാതെ പോയ അംഗീകാരങ്ങള്‍ ഓരോന്നായി നേടാന്‍ തുടങ്ങിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ എന്ന് കുറിച്ചുകൊണ്ടാണ് സിനിമാ നിരൂപകന്‍ ജോണി ഫിലിപ്പ് സിനിഫൈല്‍ ഗ്രൂപ്പിലൂടെ ഇക്കാര്യം പങ്കുവെച്ചത്.