കീരവാണിക്കും ആർ ആർ ആറിനും അഭിനന്ദനങ്ങൾ, ഗോൾഡൻ ഗ്ലോബ് നേടിയ ചരിത്ര നിമിഷത്തിൽ ഇളയരാജ
1 min read

കീരവാണിക്കും ആർ ആർ ആറിനും അഭിനന്ദനങ്ങൾ, ഗോൾഡൻ ഗ്ലോബ് നേടിയ ചരിത്ര നിമിഷത്തിൽ ഇളയരാജ


മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ എന്ന ചിത്രത്തിലെ “നാട്ടു നാട്ടു ” എന്ന ഗാനം. ചിത്രത്തിന്റെ സംവിധായകനായ രാജമൗലിയും ഗാന രചയിതാവ് കീരവാണിയും അഭിനേതാക്കളായ ജൂനിയർ എൻ.ടി.ആർ, രാം ചരൺ, എന്നിവർക്കൊപ്പം ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. പുരസ്കാരം നേടിയതിനു പിന്നാലെ നാട്ടു നാട്ടു പാട്ടു പാടി കീരവാണിയും രാജമൗലിയും നൃത്തം ചെയ്തു കൊണ്ട് വിജയം ആഘോഷമാക്കിയിരുന്നു.

ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത് മികച്ച ഒറിജിനൽ ഗാന വിഭാഗത്തിലാണ്. പ്രശസ്ത ഗായകരായ ഗില്ലെർ മോഡെൽ ടോറോയുടെ സിയാവോ പാപ്പാ, ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലിന ക്രോഡാഡ്‌സ്, മാവെറിക്ക് റിഹാനയുടെ ലിഫ്റ്റ് മി അപ്പ് ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്,  എന്നീ നോമിനേഷനുകളെ പിന്തള്ളിയാണ് ഇന്ത്യയുടെ അഭിമാനമായ ‘നാട്ടു നാട്ടു’ ഗാനം ഗോൾഡൻ ഗ്ലോബ് നേടിയത്. സിനിമ ആസ്വാദകർ ഏറെ സന്തോഷത്തോടെയാണ് ഈ ഒരു വിജയം ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് നേടിയതിൽ തന്റെ ആശംസകൾ അറിയിച്ചിരിക്കുകയാണ് മുതിർന്ന സംഗീത സംവിധായകനായ ഇളയരാജ.

ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ആർ ആർ ആറിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും സംഗീത സംവിധായകനായ കീരവാണിക്കും ഇളയരാജ ആശംസകൾ അറിയിച്ചു. ചന്ദ്രബോസ് വരികൾ എഴുതിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് രാഹുൽ സിപ്ലിഗഞ്ചും, കാലഭൈരവയും ചേർന്നാണ്. ഇന്ത്യയിലേക്ക് പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം വീണ്ടും ലഭിക്കുന്നത്.

ഡാനി ബോയില്ലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സ്ലം ഡോഗ് മില്ല്യണര്‍’ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന ഗാനത്തിനാണ്  മുന്‍പ്  പുരസ്‌കാരം ലഭിച്ചത് . 2009ല്‍ എ ആര്‍ റഹ്മാനാണ് ‘സ്ലം ഡോഗ് മില്ല്യണര്‍’ എന്ന ചിത്രത്തിലൂടെ ഗോൾഡൻ ഗ്ലോബ് നേടിയത്. ഇന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ ആണ് നാട്ടു നാട്ടു ഗാനത്തിന്റെ വിജയത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയത് . ആർ ആർ ആർ എന്ന സിനിമ വീണ്ടും ചരിത്രത്തിൽ ഇടം നേടി എന്നു തന്നെ പറയാം.