Artist, Latest News

“ഒരു പ്രധാനമന്ത്രി ഒക്കെ വരുമ്പോഴുള്ള സെക്യൂരിറ്റി ആണ് അദ്ദേഹത്തിന്”; ഹണി റോസ്

പ്രശസ്ത നടി എന്ന നിലയിൽ അല്ല കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തുന്ന നടി എന്ന പേരിലാണ് ഹണി റോസ് ഇന്ന് അറിയപ്പെടുന്നത്. സിനിമകളിൽ സജീവമായി അഭിനയിക്കുന്നതിന് പുറമേ പലയിടങ്ങളിലും ഉദ്ഘാടനത്തിന് പോയി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുവാൻ താരം ശ്രമിക്കാറുണ്ട്. ഇതോടെ ട്രോളുകളും താരത്തിനെതിരെ നിരവധി ഉയർന്ന് വന്നിരുന്നു. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത താരം തനിക്ക് അതിനോട് താല്പര്യം ഇല്ല എന്ന നിലപാട് ഉറപ്പിച്ചു പറയുകയാണ്. പങ്കാളി ഉണ്ടാവുന്നതിനോട് വിരോധമില്ല എന്നിരുന്നാലും താൻ വിവാഹം കഴിക്കുന്നില്ലെന്നും മറ്റുള്ള വിവാഹങ്ങളിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഹണി വ്യക്തമാക്കിയിരുന്നു.

“കല്യാണം കഴിക്കണമെന്ന് ഒരു ആഗ്രഹം തനിക്കില്ല. ഇതുവരെയുള്ള എൻറെ ജീവിതം നോക്കുകയാണെങ്കിൽ ചെറുപ്പം തൊട്ടേ എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല. ഇനിയിപ്പോൾ എൻറെ എന്തെങ്കിലും കുഴപ്പമാണോ എന്നറിയില്ല. ജീവിതത്തിൽ ഒരു പങ്കാളി ഉണ്ടാകുന്നത് നല്ലതാണ്. ഇഷ്ടവുമാണ്. പക്ഷേ കല്യാണം എന്ന് പറയുന്ന ആ ദിവസവും അതിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹളവും എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല. വേറൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും എനിക്കിഷ്ടമല്ല. എന്തോ ഒരു ഇഷ്ടക്കേടാണ്. ക്യാമറയും ആളുകളും ബഹളവും ഒക്കെ ആയിട്ട് അവർക്ക് പോലും അത് ആസ്വദിക്കാൻ പറ്റാറില്ല. കുറെ പൈസ ഉണ്ടെന്ന് കാണിക്കാൻ വേണ്ടി ആളുകളെ വിളിക്കുന്നു. കുറെ ഭക്ഷണം കൊടുക്കുന്നു.

Actress Honey Rose Photos @ Veera Simha Reddy Movie Pre Release

ചിലർ പെണ്ണിന് നിറമില്ല. ആഭരണം കുറവാണ്, ചെക്കനെ കാണാൻ കൊള്ളില്ല അങ്ങനെ കുറ്റം പറയുന്നുണ്ടാകും. ഇതിനിടയിൽ ചെക്കനും പെണ്ണും വിയർത്തു കുളിച്ച് നിൽക്കുകയായിരിക്കും. അവരത് എൻജോയ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടുതന്നെ വിവാഹമെന്ന സങ്കൽപ്പത്തോടെ തനിക്ക് ഒട്ടും യോജിക്കാൻ സാധിക്കി”ല്ലെന്ന് ഹണി പറയുന്നു. “നമ്മളെ മനസ്സിലാക്കുന്ന നല്ലൊരു വരികയാണെങ്കിൽ ജീവിതപങ്കാളിയായി കൂട്ടാം. എൻറെ പാഷൻ എന്ന് പറയുന്നത് മൂവിയാണ്. അത് മനസ്സിലാക്കുന്ന ആളായിരിക്കണം. എന്നെ സ്നേഹിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഞാൻ ചെയ്യുന്ന കാര്യത്തിൽ നോ പറയില്ല. അതിൽ ഏറ്റവും ഉദാഹരണം അച്ഛനും അമ്മയുമാണ്. വർക്ക് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടികൾ വിവാഹം കഴിക്കുന്നതോടെ ജോലിയോട് താൽപര്യമില്ലെന്ന് പറയുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്ന്” ഹണി പറയുന്നു.

കഴിഞ്ഞ 15 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ഹണി. ഇതിനകം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം നിറഞ്ഞ കൈയ്യടി നേടിയിരുന്നു. ഹണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു അത്. അതിനുശേഷം തെലുങ്ക് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടു. തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണന്റെ വീരസിംഹ റെഡി എന്ന ചിത്രത്തിലാണ് ഹണി അഭിനയിച്ചത്. അടുത്തിടെ തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്കിൽ നിന്ന് കൂടുതൽ അവസരങ്ങൾ ഇപ്പോൾ ഹണിയെ തേടി എത്തുകയാണ്

അതേസമയം നന്ദമൂരി ബാലകൃഷ്ണയെപ്പറ്റി ഹണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. “വിമർശനങ്ങൾ ഒന്നും എന്നെ ബാധിക്കാറില്ല. ഒന്ന്, രണ്ട് ദിവസം എന്തുകൊണ്ട് ഇങ്ങനെ വന്നെന്ന് ആലോചിക്കുമായിരിക്കും. അതിനപ്പുറം ഒന്നുമില്ല. തെലുങ്കിൽ ഞാൻ ബാലകൃഷ്ണ സാറിൻറെ കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് വേഷം കൈകാര്യം ചെയ്തത്. ഞാനും അദ്ദേഹത്തെ ആദ്യം അറിയുന്നത് ട്രോളുകളിലൂടെയാണ്. പിന്നീട് സിനിമകളൊക്കെ കണ്ടു. ഒരു പ്രധാനമന്ത്രി ഒക്കെ വരുമ്പോഴുള്ള സെക്യൂരിറ്റി ആണ് അദ്ദേഹത്തിന്. ആയിരക്കണക്കിന് ആളുകൾക്കിടയിലൂടെ ആണ് വണ്ടിയൊക്കെ പോവുക. അത്ര ആരാധകരാണ്. അദ്ദേഹത്തിന് നമ്മളോട് പ്രത്യേക ഒരു സ്നേഹമാണ്. തെലുങ്കിൽ നിന്ന് കൂടുതൽ അവസരങ്ങൾ വരുന്നുണ്ട്. കൂടാതെ തെലുങ്കിൽ ഒരു ഉദ്ഘാടനവും ചെയ്യാൻ പോകുന്നുണ്ടെന്നാണ്” താരം പറഞ്ഞത്.