ദൃശ്യത്തിന്റെ തേരോട്ടം അവസാനിക്കുന്നില്ല ; ബോളിവുഡിന്റെ തലവര മാറ്റി ദൃശ്യം രണ്ടാം ഭാഗം
1 min read

ദൃശ്യത്തിന്റെ തേരോട്ടം അവസാനിക്കുന്നില്ല ; ബോളിവുഡിന്റെ തലവര മാറ്റി ദൃശ്യം രണ്ടാം ഭാഗം

ലയാളത്തിലെ ദൃശ്യം 2 പുറത്തിറങ്ങിയപ്പോള്‍ ഭൂരിഭാഗം മലയാളി സിനിമാ പ്രേമികളും ചിത്രത്തിന്റെ തീയറ്റര്‍ അനുഭവം നഷ്ടമായതില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ മലയാളികള്‍ക്ക് ലഭിക്കാതെ പോയ ഭാഗ്യം ബോളിവുഡ് സിനിമാ പ്രേമികള്‍ക്കാണ് ലഭിച്ചത്. നവംബര്‍ 18 നാണ് അജയ് ദേവ്ഗണിനെ നായകനാക്കി മലയാളത്തിലെ ദൃശ്യം 2 ന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങിയത്. ജീത്തു ജോസഫ് – മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പാഠക് ആണ്. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ദൃശ്യം 2 അതിന്റെ ആദ്യ വാരാന്ത്യത്തില്‍ 64.14 കോടിയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായിത്തന്നെ പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് റിലീസിന്റെ 26-ാം ദിനം മാത്രം ചിത്രം നേടിയിരിക്കുന്നത് 1.57 കോടിയാണ്. നാലാം വാരത്തിലെ ഇതുവരെയുള്ള കളക്ഷന്‍ 16.53 കോടി. ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയ നെറ്റ് കളക്ഷന്‍ 212.92 കോടിയും.

മലയാളത്തില്‍ വരുണ്‍ പ്രഭാകര്‍ എന്നപോലെ കാണാതായ യുവാവിനെ ചുറ്റിപ്പറ്റിയുള്ള കേസില്‍ അജയ് ദേവ്ഗണിന്റെ കഥാപാത്രമായ വിജയ് സല്‍ഗോങ്കറിന് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് ശേഷം ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യം 2 ഉണ്ടാവുന്നത്. അജയ് ദേവ്ഗണിന് പുറമേ ശ്രേയാ ശരണ്‍, തബു, അക്ഷയ് ഖന്ന എന്നിവരാണ് മുഖ്യവേഷങ്ങളില്‍. 50 കോടി മുതല്‍മുടക്കില്‍ പനോരമ സ്റ്റുഡിയോസ്, വിയാകോം 18 സ്റ്റുഡിയോസ്, ടി സീരീസ് എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കോവിഡിന് ശേഷം റിലീസ് ചെയ്ത ബോളിവുഡ് സിനിമകളില്‍ ഭൂരിഭാഗവും പരാജയമായിരുന്നു. ദൃശ്യത്തിന്റെ വിജയം പുത്തനുര്‍ണവ് നല്‍കിയിരിക്കുകയാണ് ബോളിവുഡിന്.

മലയാളത്തില്‍ രണ്ട് തവണ എത്തിയപ്പോഴും വന്‍ ചര്‍ച്ചാവിഷയമായ ചിത്രമായിരുന്നു ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ദൃശ്യം. ആദ്യഭാഗം തിയേറ്ററില്‍ ബ്ലോക്ക് ബസ്റ്ററായി പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധികളേത്തുടര്‍ന്ന് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തതെങ്കിലും വലിയ ചര്‍ച്ചയായിരുന്നു. സംവിധായകനും ആമില്‍ കീയന്‍ ഖാനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം. സുധീര്‍ കുമാര്‍ ചൗധരി ഛായാഗ്രഹണവും സന്ദീപ് ഫ്രാന്‍സിസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.