സംവിധാനത്തിൽ വീണ്ടും ഒരുകൈ നോക്കാൻ ഹരിശ്രീ അശോകൻ; നിർമിച്ച് നായകനാവാൻ ദിലീപും
1 min read

സംവിധാനത്തിൽ വീണ്ടും ഒരുകൈ നോക്കാൻ ഹരിശ്രീ അശോകൻ; നിർമിച്ച് നായകനാവാൻ ദിലീപും

മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ടതാണ്  ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് എത്തിയ  മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന്റെതായി വലിയ വിജയം നേടിയ സിനിമകളാണ്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും അധിക  ചിത്രങ്ങളിലും എത്തിയത്. അതിൽ പല സിനിമകളും ഇന്നും ആളുകൾ ആസ്വദിക്കുന്നതാണ്. ഹരിശ്രീ അശോകന്റെ രമണനും സുന്ദരനുമെല്ലാം ഇന്നും സോഷ്യൽ മീഡിയ ട്രോൾ മീമുകളിൽ സജീവമാണ്.

ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നറിയുമ്പോൾ സിനിമാപ്രേക്ഷകർക്ക് അത് ഏറെ സന്തോഷം തരുന്ന വാർത്തയാണ്. എന്നാൽ ഇത്തവണ വലിയൊരു പ്രത്യേകത കൂടി ഉണ്ട്. ഇത്രയും വർഷത്തെ സിനിമ ജീവിതത്തിനിടയിൽ ഹരിശ്രീ അശോകൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി എത്തുന്നതോടൊപ്പം ദിലീപ് തന്നെയാണ് ചിത്രം നിർമ്മിക്കുക. ഒരു വില്ലേജ് ഓഫീസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമോക്കെയായി ഒരു എൻ്റർടെയ്നർ സിനിമയാണ് ഈ കൂട്ടുകെട്ടിൽ വരാൻ പോകുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും തന്നെ ഔദ്യോഗികമായി ഇതുവരെയും പുറത്തുവന്നിട്ടില്ല.

ആന്‍ ഇന്റ്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി എന്ന ചിത്രമായിരുന്നു ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്തത്. കോമഡി എന്റ്റര്‍ടൈനര്‍ വിഭാഗത്തിലെ ചിത്രമായിരുന്നു അത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ നടനായ ഹരിശ്രീ അശോകന്റെ കയ്യിൽ നിന്നും അത്തരത്തിൽ ഒരു കോമഡി എന്റർട്രൈനർ ആണ് പ്രേക്ഷകർ വീണ്ടും പ്രതീക്ഷിക്കുന്നത്. അത് തന്നെയായിരിക്കും സിനിമയിൽ ഉണ്ടാവുക എന്നാൽ പോലും ചിലപ്പോൾ അതിനൊക്കെ വിപരീതമായി ഒരു സീരിയസ് ചിത്രമോ, ത്രില്ലറോ വരെ പ്രതീക്ഷിക്കാം. മിമിക്രി ലോകത്തുനിന്നും കൂട്ടു കൂടിയ രണ്ട് കലാകാരന്മാരാണ് ഇരുവരും. ഒരുമിച്ച് ഹരിശ്രീയില്‍ തുടങ്ങിയപ്പോഴുളള ബന്ധം. അതുകൊണ്ടുതന്നെ ഇരുവരും  തമ്മിലുളള കെമിസ്ട്രി അത്രത്തോളം മികച്ചതാണ്. ആ ഒരു കെമിസ്ട്രി സംവിധായകനും നടനും എന്ന നിലയിലും ഉണ്ടായാൽ അത് ഈ സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ വിജയത്തിന് കാരണമാകും.

ഏത് കാര്യത്തിലും പെര്‍ഫക്ഷന്‍ ആഗ്രഹിക്കുന്ന ആളാണ് ദിലീപെന്ന് മുമ്പ്  ഹരിശ്രീ അശോകന്‍ തുറന്നുപറഞ്ഞിരുന്നു. ആ പെർഫെക്ഷൻ ഇവിടെയും ലഭിച്ചാൽ  ദിലീപ് ഹരിശ്രീ അശോകൻ എന്ന കോമ്പോ മറ്റൊരു ഹിറ്റ് അടിക്കും എന്ന് ഉറപ്പാണ്.  സുഹൃത്തായ നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയാണ് ദിലീപിന്റെതായി അവസാനം ഇറങ്ങിയത്. ദിലീപ് പുതിയ ഒരു മേക്കോവറിൽ എത്തിയ സിനിമ അത്ര വലിയ വിജയം ആയില്ല. സമ്മിശ്ര പ്രതികരണമാണ് കേശുവിന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ദിലീപിന്റെ ഏറ്റവും വലിയ കൂട്ടുകാരനായ നാദിർഷ സംവിധാനം ചെയ്യുന്നു എന്നതു കൊണ്ടു തന്നെ ആ ചിത്രത്തിലും ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ അവിടെ നിരാശയായിരുന്നു ഫലം. ഇപ്പോൾ മറ്റൊരു കൂട്ടുകാരനായ ഹരിശ്രീ അശോകനുമായി ദിലീപ് ഒന്നിക്കുന്നു എന്നറിയുമ്പോൾ അതും ഏറെ പ്രതീക്ഷ നൽകുന്നു.