‘പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി’; ബ്രഹ്മപുരം വിഷയത്തില്‍ ഗ്രേസ് ആന്റണി
1 min read

‘പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി’; ബ്രഹ്മപുരം വിഷയത്തില്‍ ഗ്രേസ് ആന്റണി

ബ്രഹ്മപുരത്തെ മാലിന്യക്കൂനക്ക് മേല്‍ വീണ തീപ്പൊരി ഇപ്പോഴും അണഞ്ഞിട്ടില്ല. 110 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വര്‍ഷങ്ങളായി തള്ളിയ മാലിന്യമലകള്‍ക്കിടയില്‍ പലയിടത്ത് നിന്നും ഒരേ സമയമുണ്ടായ തീപ്പിടിത്തം ഒരു നാടിനെയാകെ ഇപ്പോഴും പൊള്ളിച്ചുകൊണ്ടേയിരിക്കുകയാണ്. നാല് ദിവസം മാലിന്യക്കൂമ്പാരം തുടച്ചയായി ആളിക്കത്തി. ശക്തമായ ചൂടും കാറ്റും തീയണക്കുന്നതിന് എല്ലായ്‌പ്പോഴും വെല്ലുവിളിയായി. ബ്രഹ്മപുരം തീപിടിത്തത്തില്‍ ജനരോഷം ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സിനിമാ താരങ്ങളും തങ്ങളുടെ ദുരവസ്ഥകള്‍ പറഞ്ഞു കൊണ്ട് രംഗത്തെത്തുകയാണ്. ഇപ്പോഴിതാ തീപിടിത്തത്തെ തുടര്‍ന്നുള്ള മലിനീകരണത്തില്‍ തനിക്കും കുടുംബത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് പറയുകയാണ് നടി ഗ്രേസ് ആന്റണി. പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങള്‍ അനുഭവിക്കുന്നതാണ്. അപ്പോള്‍ തീയണയ്ക്കാന്‍ പാടുപെടുന്ന അഗ്‌നിശമന സേനയുടെയും ബ്രഹ്മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുതെന്നാണ് ഗ്രേസ് കുറിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങള്‍. ഒന്ന് ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മളെ ഈ നിലയില്‍ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലെ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലതു ഞാന്‍ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങള്‍ അനുഭവിക്കുന്നതാണ്. അപ്പോള്‍ തീയണയ്ക്കാന്‍ പാടുപെടുന്ന അഗ്‌നിശമന സേനയുടെയും ബ്രഹ്മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ. ലോകത്തു എന്ത് പ്രശ്‌നം ഉണ്ടായാലും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാന്‍ ഇല്ലേ, അതോ പുകയടിച്ചു ബോധം കെട്ടിരിക്കുയാണോ’ ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോള്‍ അതും പോയിക്കിട്ടി.