“പാട്ടുകൾ കൂടുതൽ യേശുദാസ് ആയിരിക്കും, പക്ഷേ കാണാൻ സുന്ദരൻ ജയചന്ദ്രനാണ്” : ജി വേണുഗോപാൽ
1 min read

“പാട്ടുകൾ കൂടുതൽ യേശുദാസ് ആയിരിക്കും, പക്ഷേ കാണാൻ സുന്ദരൻ ജയചന്ദ്രനാണ്” : ജി വേണുഗോപാൽ

മലയാള സംഗീത ലോകത്ത് എന്നും മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ഗായകനാണ് ജി വേണുഗോപാൽ. മലയാളത്തിൻറെ മാണിക്യക്കുയിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം സംഗീത പ്രേമികളുടെ മനസ്സിൽ തന്റെ മധുരഗാനങ്ങളാൽ മായാത്ത മുദ്ര പതിപ്പിച്ചുകഴിഞ്ഞു. മനോഹരമായ ശബ്ദവും വരികളുടെ അർത്ഥവും ആഴം അറിഞ്ഞു പാടാനുള്ള കഴിവ് ഉള്ളതുകൊണ്ട് തന്നെ ചുരുക്കം ഗാനങ്ങളിലൂടെ ആരാധകരെ നേടിയെടുക്കുവാൻ ജി വേണുഗോപാലിന് സാധിച്ചിട്ടുണ്ട്. ജി ദേവരാജൻ, കെ രാഘവൻ എന്നിവരോടൊപ്പം നാടകരംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രൊഫഷണൽ നാടകങ്ങളിൽ പാടിയ അദ്ദേഹത്തിന് രണ്ടായിരത്തിലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭ്യമായി.

1984ൽ പുറത്തിറങ്ങിയ ഓടരുതമ്മവാ ആളറിയാം എന്ന ചിത്രത്തിലെ ഗാനത്തിന് ഒരു ചെറിയ ഹിന്ദി ഭാഗം പാടി കൊണ്ടാണ് വേണുഗോപാൽ ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കടന്നുവന്നത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ നിറക്കൂട് എന്ന ചിത്രത്തിൽ പൂമാനമേ ഒരു രാഗമേഘം എന്ന ഗാനം പാടിയെങ്കിലും അത് അദ്ദേഹത്തിൻറെ പേരിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടില്ല. 84ൽ തന്നെ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലെ ഗാനവും വേണ്ട രീതിയിൽ അദ്ദേഹത്തിന് ശ്രദ്ധ നേടി കൊടുത്തില്ല. എന്നാൽ 86ൽ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ തിങ്കൾ പോറ്റും മാനേ, രാരീരാരീരം രാരോ എന്നി പാട്ടുകളിലൂടെയാണ് അദ്ദേഹം സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങിയത്.

പ്രസിദ്ധ കവികളുടെ കവിതകൾ ഈണമിട്ട് പാടിയ കാവ്യരാഗം എന്ന ആൽബം അദ്ദേഹം പുറത്തിറക്കി. ഒന്നാം രാഗം പാടി, ചന്ദനമണിവാതിൽ പാതിചാരി, താനെ പൂവിട്ട മോഹം, കൈനിറയെ വെണ്ണ തരാം, പൂത്താലം വലംകൈയിൽ, കാണാനഴകുള്ള മാണിക്യക്കുയിലെ, ആടെടി ആടാടെടീ, എന്തിത്ര വൈകി സന്ധ്യയെ, ശ്യാമവാനിലേതോ കണിക്കൊന്ന തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ അടക്കം 300 ഓളം ചലച്ചിത്ര ഗാനങ്ങളും 250ലേറെ സിനിമേതര ഗാനങ്ങളും വേണുഗോപാലിൻറെ ശബ്ദത്തിൽ പുറത്തിറങ്ങുകയുണ്ടായി. ഇപ്പോൾ താരം പല പ്രശസ്ത ചാനലുകളിലെയും സംഗീത റിയാലിറ്റി ഷോയിൽ വിധി കർത്താവായി പ്രത്യക്ഷപ്പെടുന്നു. ഈ സാഹചര്യത്തിൽ വേണുഗോപാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മലയാളത്തിൻറെ പ്രിയ ഗായകനായ ജി വേണുഗോപാൽ മലയാളസംഗീത ലോകത്തെ ഭാവഗായകൻ എന്നറിയപ്പെടുന്ന പി ജയചന്ദ്രനെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് അത്. “തികഞ്ഞ ഒരു റേഡിയോ യുഗമായിരുന്നു എന്റെ കുട്ടിക്കാലം. റേഡിയോയും പിന്നെ അപൂർവമായി സിനിമ തിയേറ്ററിൽ പോയി കണ്ട സിനിമകളും ഒക്കെയാണ് അക്കാലത്തെ തിളക്കമുള്ള ഓർമ്മകൾ. ഒരിക്കലും മരിക്കാത്ത ഗൃഹാതുരത്വവും കാല്പനികതയും ആണ് സിനിമാഗാനങ്ങൾ മലയാളികൾക്ക് പ്രധാനം ചെയ്യുന്നത്. ഗായകരെ അതുകൊണ്ട് തന്നെ പലരും ദൈവതുല്യനായി കരുതുകയും ചെയ്യുന്നുണ്ട്. അവർ അത് അർഹിക്കുന്നില്ല എങ്കിൽ പോലും!! പക്ഷേ ഒരു കാര്യം സംശയം പറയാം രാഷ്ട്രീയക്കാർ ചെയ്യുമ്പോലെ ദ്രോഹങ്ങൾ ഒരിക്കലും ഞങ്ങൾ ചെയ്തിട്ടില്ല.

റേഡിയോയുഗത്തിലെ ഗായകരിൽ ഉള്ളിൽ നിറഞ്ഞുപോയ ഉള്ളിൽ തറച്ചു പോയ രണ്ട് ശബ്ദവും രൂപവും ഉള്ള ഗായകർ ഒന്ന് ദാസേട്ടനും മറ്റേത് ജയേട്ടനും തന്നെയാണ്. വിണ്ണിലെ രണ്ട് സംഗീത താരകങ്ങൾ. ഹിന്ദി ഗായകരിൽ റാഫി, മന്നാടെ, മുകേഷ് എന്നിവരെയൊക്കെ ഇഷ്ടമാണെങ്കിലും ദാസേട്ടനും ജയേട്ടനും പകർന്നു നൽകിയ സംഗീത പരമാനന്ദരസം അത്ര എളുപ്പം എഴുതി ഫലിപ്പിക്കുവാൻ കഴിയില്ല. പണ്ട് ആറാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ജയേട്ടന്റെ ഗാനമേള വീടിന് തൊട്ടടുത്തുള്ള വിമൻസ് കോളേജിൽ നടക്കുന്നുണ്ടെന്നറിഞ്ഞ് ഞാൻ ഒരുപാട് വഴക്കുണ്ടാക്കി അവിടെ പോയി. അങ്ങ് ദൂരെ കെട്ടിപ്പൊക്കിയ ഒരു സ്റ്റേജിൽ വർണ്ണശബളമായ അരകയ്യൻ ഷർട്ടും പാൻറും അണിഞ്ഞ് ചെത്തി ഭംഗിയുള്ള താടിയുമായി ജയേട്ടൻ പാടി തുടങ്ങുന്നു.

എന്റെ ഇഷ്ടഗാനങ്ങൾ പലതും ജയേട്ടൻ ഓരോന്നായി പാടുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി, ഹർഷഭാവം തൂകി, സന്ധ്യയ്ക്ക് എന്തിന് സിന്ദൂരം ഞാൻ അതുവരെ കേൾക്കാത്ത ചില തമിഴ് ഗാനങ്ങളും. തൊട്ടടുത്ത് അടക്കിപ്പിടിച്ച ഒരു സംഭാഷണത്തിന്റെ നുറുങ്ങു മാത്രം എൻറെ ചെവിയിൽ എത്തി. ‘പാട്ടുകൾ കൂടുതൽ യേശുദാസിന് ആയിരിക്കും. പക്ഷേ കാണാൻ സുന്ദരൻ ജയചന്ദ്രൻ തന്നെ’. സംഗീതം എന്ന ജോലിയോട് അന്ന് എനിക്ക് വളരെ താൽപര്യം തോന്നിപ്പോയി. ഒന്നിനും അല്ലാതെ വെറുമൊരു അഭിനിവേശത്തിൽ പാട്ടുകൾ വീണ്ടും വീണ്ടും കേട്ടിരുന്ന ഞാൻ ഒരു സിനിമ പാട്ട് പോലും പാടാൻ സാധിക്കുമെന്ന് സ്വപ്നം കണ്ടിട്ടില്ലാത്ത ഞാൻ ഒരു പ്രായത്തിൽ പെട്ടെന്ന് പാടി തുടങ്ങി. അറിയപ്പെടാനും. കുറേശെ, കുറേശ്ശെയായി”…