Latest News

തൊണ്ണൂറുകളില്‍ യുവാക്കളുടെ ഹരമായി മാറിയ ആക്ഷൻ കിംഗ് ബാബു ആന്റണി വീണ്ടും അതേ ലുക്കില്‍ തിരിച്ചുവരുന്നു ; ‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയിരുന്നു ബാബു ആന്റണി. മുടി നീട്ടി വളര്‍ത്തിയ അദ്ദേഹം യുവാക്കളുടെ ഇഷ്ടതാരമായിരുന്നു എന്ന് തന്നെ പറയാം. ഇപ്പോഴിതാ അതേ സ്‌റ്റെലില്‍ വീണ്ടും എത്തുകയാണ് ബാബു ആന്റണി. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ സ്‌റ്റെല്‍ ഓര്‍മ്മിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി വീണ്ടും എത്തുന്നത്. ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ വേഷത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ ആദ്യം മുതലേ വലിയ ശ്രദ്ധ നേടിയിരുന്നു. ഡെന്നിസ് ജോസഫിന്റേതാണ് കഥയും, തിരക്കഥയും. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

 

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മുടി നീട്ടി വളര്‍ത്തി നില്‍ക്കുന്ന താരത്തെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. കൂടാതെ, ബാബു ആന്റണിക്കൊപ്പം അബു സലിമും പോസ്റ്ററിലുണ്ട്. ‘നഷ്ടപ്പെട്ടു പോയതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാര്‍ത്ഥ ഹീറോ,’ എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. അതേസമയം, ‘തൊണ്ണൂറുകളിലെ സ്‌റ്റൈല്‍ 2022’ ല്‍ എന്ന് എഴുതിയാണ് ബാബു ആന്റണി പവര്‍ സ്റ്റാറിലെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഒന്നും തന്നെ ഇല്ലാത്ത, ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും പവര്‍ സ്റ്റാര്‍. റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

 

പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് ഒമര്‍ ലുലു പറഞ്ഞതിങ്ങനെ… ‘ ഒരുപാട് നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാന്‍ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തില്‍ നിന്നുള്ള നന്ദി. ഒരുപാട് പ്രതീക്ഷയോടെ നിങ്ങളുടെ മുന്നില്‍ ഞങ്ങള്‍ ഇതാ പവര്‍സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമര്‍പ്പിക്കുന്നു’ എന്നാണ്.

ഡി.ഓ.പി: സിനു സിദ്ധാര്‍ഥ്, ആക്ഷന്‍ മാസ്റ്റര്‍ ദിനേശ് കാശി
എഡിറ്റിംഗ്: ജോണ്‍ കുട്ടി
സ്പോട് എഡിറ്റര്‍ : രതിന്‍ രാധാകൃഷ്ണന്‍
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സ്വപ്‌നേഷ് കെ. നായര്‍
ആര്‍ട്ട്: ജിത്തു സെബാസ്റ്റ്യന്‍
മേക്കപ്പ്: ലിബിന്‍ മോഹനന്‍
കോസ്റ്റ്യും: ജിഷാദ് ഷംസുദ്ധീന്‍
പ്രൊഡക്ഷന്‍ എക്സികുട്ടീവ്: ഗിരീഷ് കറുവാന്തല
മാനേജര്‍: മുഹമ്മദ് ബിലാല്‍
ലൊക്കേഷന്‍ മാനേജര്‍: സുദീപ് കുമാര്‍
സ്‌ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ്: ഹൃഷികേശ്,സയ്യിദ്
സ്റ്റില്‍സ്: അജ്മല്‍
അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ദിയ സന, റൊമാരിയോ പോള്‍സണ്‍, ഷിഫാസ്, ഷിയാസ് ടൈറ്റില്‍ ഡിസൈന്‍: ജിതിന്‍ ദേവ്
പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.