‘ആദ്യ സിനിമ കണ്ട മുതല്‍ കട്ട ഫാന്‍’; നടി ഹണി റോസിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിഞ്ഞ് ആരാധകന്‍
1 min read

‘ആദ്യ സിനിമ കണ്ട മുതല്‍ കട്ട ഫാന്‍’; നടി ഹണി റോസിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിഞ്ഞ് ആരാധകന്‍

മലയാള സിനിമയിലെ മികച്ച നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച് ഹണി അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, നടി ഹണി റോസിനായി ക്ഷേത്രം പണിതിരിക്കുകയാണ് തമിഴ് ആരാധകന്‍. ഒരു സ്വകാര്യ ചാനലിന്റെ ഗെയിം ഷോയിലാണ് ഹണി റോസ് തന്റെ പേരില്‍ അമ്പലം പണിത കാര്യം തുറന്നു പറഞ്ഞത്.

തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതല്‍ സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകന്‍ എല്ലാ സിനിമയും കണ്ട് അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹമാണ് ക്ഷേത്രം പണിതതെന്നും ഹണി റോസ് പറയുന്നു. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലാണ് ആ ആരാധകന്‍ താമസിക്കുന്നത്. ആ ആരാധകനെ പാണ്ടിയെന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും ഹണി റോസ് വെളിപ്പെടുത്തി. അദ്ദേഹം പത്ത് പതിനഞ്ച് വര്‍ഷങ്ങളായി, സ്ഥിരമായി കൂടെ നില്‍ക്കുകയെന്നത് അത്ഭുതമാണെന്നും താരം പറയുന്നു.

കൂടാതെ, പത്രത്തിലോ മറ്റോ തന്റെ ഒരു കുഞ്ഞുഫോട്ടോ കണ്ടാലും അദ്ദേഹം വിളിക്കാറുണ്ട്. തന്നോടുള്ള ആരാധനയില്‍ അമ്പലം നിര്‍മിച്ചതായും അതിലെ പ്രതിഷ്ഠ താനാണെന്നും അദ്ദേഹം പറഞ്ഞതായും ഹണി റോസ് വെളിപ്പെടുത്തി. എന്നാല്‍ ആ ആരാധകന്‍ വിളിച്ചു പറഞ്ഞെങ്കിലും അമ്പലം നേരിട്ടോ ചിത്രത്തിലോ കണ്ടിട്ടില്ലെന്നും ഹണി പറഞ്ഞു. അതുപോലെ, അദ്ദേഹം തന്റെ എല്ലാ പിറന്നാളിനും കൃത്യമായി വിളിക്കും, നാട്ടിലെ ആളുകള്‍ക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹണി റോസ് സിനിമ കൂടാതെ, സ്റ്റേജ് ഷോകളിലും സജീവമാണ്. ബോയ്ഫ്രണ്ട് എന്ന് സിനിമയില്‍ അഭിനയിച്ച താരം പിന്നീട് ‘മുതല്‍ കനവെ’ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ഹണിയുടേത്. പിന്നീട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.