“ഇവനൊക്കെ ഒരു നടനാണോ?” എന്ന് ചോദിച്ചവരെ കൊണ്ട് “ഇവനെന്തൊരു നടനാണ്!” എന്ന് പറയിച്ച ഫഹദ് ഫാസിലിന്റെ   ത്രസിപ്പിക്കുന്ന തിരിച്ചുവരവ്
1 min read

“ഇവനൊക്കെ ഒരു നടനാണോ?” എന്ന് ചോദിച്ചവരെ കൊണ്ട് “ഇവനെന്തൊരു നടനാണ്!” എന്ന് പറയിച്ച ഫഹദ് ഫാസിലിന്റെ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്

സിനിമാ കഥകളെ പോലും അമ്പരിപ്പിക്കുന്ന തരത്തിൽ സ്ക്രീനിന് ഇപ്പുറത്ത് നിന്ന് സ്വന്തം ജീവിതത്തെ മാറ്റി മറച്ചവരാണ് മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും . അഭിനയ മോഹവും , നടനെന്ന ആഗ്രഹവും ഉള്ളിൽ പതിയുമ്പോൾ ലഭിച്ച കഥാപാത്രങ്ങളെയും , തേടി പോയ വേഷങ്ങളെയും കുറിച്ച് ഓർത്ത് അൽപ്പം കയ്‌പ്പേറിയ അനുഭവങ്ങൾ നുണയാത്തവരായി ആരും തന്നെ കാണില്ല. സിനിമയെന്ന വിസ്‌മയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുന്നതിനും , ഇരുകാലുകളും ഉറപ്പിച്ച് നിർത്തുന്നതിനും ആഹോരാത്രം പ്രയത്നിക്കുകയും , പ്രയത്നങ്ങളെല്ലാം ഫലം കാണാതെ വന്നപ്പോൾ വിധിയെ പഴി ചാരതെ വിജയം പൊരുതി നേടിയ ഒരു ചെറുപ്പക്കാരൻ്റെ കഥയുണ്ട്. അല്ല … അങ്ങനെയല്ല … ഇച്ചിരി കൂടെ ആലങ്കാരികമായി പറഞ്ഞാൽ മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ ….

അയാൾ അഭിനയിക്കുന്ന സിനിമകൾക്കും, അയാൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങളോടും തിയേറ്ററുകാർക്കും ,സിനിമ പ്രേമികൾക്കും വലിയ വിവേചനമായിരുന്നു. സിനിമകളൊന്നും വിജയിക്കാതെയായി , കഥാപാത്രങ്ങളെ പൂർണതയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥ… തൻ്റെ മേഖല സിനിമ തന്നെ ആണോ എന്ന് ആത്മ പരിശോധന നടത്തേണ്ട ഘട്ടം വരെ എത്തി. സിനിമയിൽ നിന്ന് ഒളിച്ചോടാൻ പോലും അയാൾ മനസിനെ പാകപ്പെടുത്തിയെടുത്തു. നീണ്ട അവഗണനയ്‌ക്കും , മുഖം തിരിവിനും ശേഷം ഏഴു വർഷങ്ങൾ പിന്നിട്ട് അയാൾ സിനിമയിലേയ്ക്ക് തിരിച്ചെത്തി. കൃത്യമായി പറയുമ്പോൾ 2003 – ൽ . അവസരങ്ങൾക്ക് വേണ്ടി കാത്ത് നിന്ന ആ ചെറുപ്പക്കാരൻ പിന്നീട് കുഞ്ഞു കുഞ്ഞു വാണിജ്യ സിനിമകളുടെ ഭാഗമായി മാറി.

ഇന്ന് അയാൾ കേവലം മലയാള സിനിമയിൽ മാത്രമല്ല , തെലുങ്ക് സിനിമ ഇൻഡ്രസ്ട്രിയിൽ വരെ തൻ്റെ കയ്യൊപ്പ് പതിപ്പിച്ചു. ഇത്രമാത്രം ഹൈപ്പ് കൊടുത്ത് പറഞ്ഞു വരുന്നത് ആരെക്കുറിച്ചയിരിക്കുമെന്ന് വായനക്കാരിലെ ചിലരെങ്കിലും മനസ് കൊണ്ട് പിറു പിറുത്തേക്കാം. ഇനിയും ആ നടനെക്കുറിച്ച് നീട്ടി വലിച്ച് പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പറഞ്ഞു വന്നത് മറ്റാരെക്കുറിച്ചുമല്ല. മലയാള സിനിമയുടെ അഭിമാനമായി മാറികൊണ്ടിരിക്കുന്ന യുവ പ്രതിഭ .അതെ അയാൾ തന്നെ.. “ഫഹദ് ഫാസിൽ”. മലയാള സിനിമയിലെ അഭിനയത്തിനപ്പുറത്ത് തെലുങ്ക് ചിത്രങ്ങളിലും തൻ്റെ കഴിവ് അയാൾ ബോധ്യപ്പെടുത്തിയത് നിമിഷ സമയങ്ങൾക്കുള്ളിലായിരുന്നു. തെലുങ്കിലെ സൂപ്പർ താരം അല്ലു അർജുവിനെ നായകനാക്കി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം “പുഷ്പ യിലെ ” വില്ലൻ കഥാപാത്രത്തിലൂടെ ഫഹദ് വല്ലാതെ അതിശയിപ്പിച്ചു കളഞ്ഞു.

അവഗണനകളിൽ തല കുനിയ്ക്കാതെ “ഫഹദ് ഫാസിൽ ” എന്ന 39 – കാരൻ പ്രതികാരം ചെയ്യുകയായിരുന്നു. വെറും പ്രതികരമല്ല മധുര പ്രതികാരം. സ്വന്തം കഴിവിൽ പൂർണമായി പരിശ്രമിക്കുകയും തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടു കൂടി പ്രവർത്തിക്കുവാനും അയാൾ ഉത്സാഹിച്ചു. നഷ്ടപെടുമെന്ന് കരുതിയതെല്ലാം വീറും, വാശിയും ചോർന്നു പോകാതെ അയാൾ നേടിയെടുത്തു. ഇതിനേക്കാൾ വലിയ പ്രോത്സാഹനവും , പ്രചോദനവും ഒന്നും അയാൾ വേഷമിട്ട കഥാപാത്രങ്ങൾക്കോ , അയാളെ ആകർഷിച്ച തിരക്കഥകൾക്കോ പറയാനുണ്ടാകില്ലെന്ന് ഉറപ്പാണ്.

 

ഫഹദ് ഫാസിൽ എന്ന നടനിലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം 

2003 – ൽ “കൈയ്യെത്തും ദൂരത്ത് ” എന്ന സിനിമയിലൂടെ തനിയ്ക്ക് മാത്രമായി ഒരു മേൽവിലാസം സൃഷ്ടിക്കാൻ അയാളെത്തുന്നു. പിതാവ് ഫാസിലിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ ഏറെ പ്രതീക്ഷ മനസ്സിലൊളിപിച്ച ചിത്രം. രമേശൻ നായരുടെയും ഔസേപ്പച്ചൻ്റെയും കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനങ്ങൾ. കാതിനും മനസിനും ഒരു പോലെ കുളിർമയേകുന്ന ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പടെ ഗസ്റ്റ് റോളിൽ എത്തിയ സർപ്രൈസ്‌ പടം. നിർഭാഗ്യ വശാൽ പടം വിജയിച്ചില്ലെന്ന് മാത്രമല്ല . സിനിമ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ചിത്രത്തിന് ഉയരാനും സാധിച്ചില്ല.

സിനിമയുടെ പരാജയം കുത്തു വാക്കുകളിലൂടെയും , അടക്കം പറയലുകളിലൂടെയും 21 വയസ് മാത്രം പ്രായമുള്ള ആ ചെറുപ്പകാരനിലേയ്ക്ക് അടിച്ചേൽപ്പിക്കുകയായിരുന്നു. പരിഹാസ വാക്കുകളാലും, അഭിനയിക്കാൻ അറിയാത്ത പാൽക്കുപ്പി പയ്യനെന്ന രൂക്ഷ വിമർശനത്താലും സിനിമ പ്രേമികൾ ഒന്നടങ്കം അയാളെ വേട്ടയാടി. അന്ന് സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത ആ ചെറുപ്പക്കാരൻ പിന്നീട് മടങ്ങി വന്നത് 2009 – ൽ പുറത്തിറങ്ങിയ ചിത്രം ” കേരള കഫേ ” – യിലൂടെ പിന്നീട് അങ്ങോട്ട് അയാൾ അഭിനയ മുഹൂർത്തങ്ങളിൽ നിറഞ്ഞാടുകയായിരുന്നു. കൂക്കു വിളികളാൽ അഭിഷേകം നടത്തിയവരെക്കൊണ്ട് തന്നെ അയാൾ ഇരുകൈകളും കൂട്ടി അടിപ്പിച്ചു. പിന്നീട് അങ്ങോട്ട് അയാളുടെ കാലമായിരുന്നു.

2017 – ൽ “തൊണ്ടി മുതലും ദൃക്‌സാക്ഷിയും ” എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഫഹദിനെ തേടിയെത്തി. അഭിനയിക്കാൻ അറിയാത്തവനെന്ന് തള്ളി പറഞ്ഞവർക്ക് മുൻപിൽ നെഞ്ചും വിരിച്ച് അയാൾ നേടിയ മികവിൻ്റെ അംഗീകാരം. തീർന്നില്ല … ആർട്ടിസ്റ്റിലെയും , നോർത്ത് 24 കാതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും അയാളെ തേടി എത്തിയപ്പോൾ തൻ്റെ അഭിനയ ജീവിതത്തിലെ മുന്നോട്ടുള്ള വഴികളിൽ ഫഹദ് എന്ന നടന് ലഭിച്ച പൊൻ തൂവലുകളായിരുന്നു അവയെല്ലാം.
ഏറ്റവും ഒടുവിലായി ഫഹദ് അഭിനയിച്ച സൂപ്പർ ഹിറ്റ് മൂവി ” പുഷ്പ ” യിലെ വില്ലൻ കഥാപാത്രത്തിന് അയാൾ വാങ്ങിയ പ്രതിഫലം 3 .5 0 കോടി രൂപ . നിരവധി വമ്പൻ പ്രൊജക്റ്റുകളുടെ ഭാഗമാവാൻ താരം ഇപ്പോൾ തയ്യാറെടുക്കുകയാണ്. അവയിൽ പ്രധാനപ്പെട്ടവ ഉലകനായകൻ കമലഹാസനും , മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർക്കൊപ്പമുള്ളവയാണ്.

അയ്യേ എന്ന് മുഖം ചുളിച്ച പ്രേക്ഷകരെക്കൊണ്ട് തന്നെ ആഹാ എന്ന് ഉരുവിടാൻ പഠിപ്പിച്ച അയാളുടെ ആത്മധൈര്യം മലയാള സിനിമയിൽ മറ്റാർക്കെങ്കിലും ഇന്ന് അവകാശപ്പെടാനുണ്ടോ ? അയാളുടെ ജീവിത അനുഭവങ്ങളും , അഭിനയ പാഠവും തനിയ്ക്ക് നേരേ മുഖം തിരിച്ച പ്രേക്ഷരോടുള്ള വീര്യം കൂടിയ മറുപടി തന്നെ ആയിരുന്നു . ജീവിത യാത്രയിൽ തോറ്റുപോയെന്ന് തോന്നിയവർക്ക് മുൻപിൽ അയാളൊരു തുറന്ന പാഠപുസ്തകമായി മാറുകയായിരുന്നു.