ലോകേഷ് – വിജയ് ചിത്രത്തില്‍ ഫഹദ് ഫാസിലും ; ആവേശത്തോടെ ആരാധകര്‍
1 min read

ലോകേഷ് – വിജയ് ചിത്രത്തില്‍ ഫഹദ് ഫാസിലും ; ആവേശത്തോടെ ആരാധകര്‍

ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 67. മാസ്റ്റര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദിന് തമിഴില്‍ ഗംഭീര അഭിപ്രായം നേടിക്കൊടുത്ത ചിത്രമാണ് ‘വിക്രം’. കമല്‍ഹാസന്‍ നായകനായ ഹിറ്റ് ചിത്രം സംവിധാനം ചെയ്തതാകട്ടെ ലോകേഷ് കനകരാജും. ലോകേഷ് കനകരാജും ഫഹദും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ വന്‍ ആകാംഷയിലാണ് പ്രേക്ഷകര്‍.

തൃഷ ആണ് ചിത്രത്തില്‍ നായികയാകുക. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയിയുടെ നായികയായി തൃഷ എത്തുന്നു എന്നത് ദളപതി 67ന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ‘കുരുവി’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട് എന്ന് അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരുന്നു. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, അര്‍ജുന്‍, മാത്യു തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ് നിര്‍വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. രാംകുമാര്‍ ബാലസുബ്രഹ്മണ്യമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമായ ‘വാരിസാ’ണ് വിജയ്‌യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം ഇതിനോടകം 300 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വംശി പൈഡിപ്പള്ളി തന്നെ തിരക്കഥയുമെഴുതിയ ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്‌ചേഴ്‌സ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എയ്‌സ് എന്നിവര്‍ ചേര്‍ന്നാണ് കേരളത്തില്‍ വിജയ്‌യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.