”മാറി കൊണ്ടിരിക്കുന്ന സിനിമലോകം, അവിടെ കാഴ്ച്ചക്കാരനായി ഇരിക്കാന്‍ മമ്മൂട്ടിയെപോലെ ഒരു നടന് എങ്ങനെ സാധിക്കും…..”

ലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറുകയായിരുന്നു. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ അഭിനയിക്കുകയും ഒപ്പം നിര്‍മ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകര്‍ പ്രശംസകള്‍ കൊണ്ട് മൂടി. ഇതിനിടയില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാതലിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. സിനിമയോടും അഭിനയത്തോടുമുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനിവേശത്തേും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തേയും അഭിനന്ദിച്ച് നിരവധി പേരായിരുന്നു രംഗത്ത് വന്നത്. കാതല്‍ ചിത്രത്തിന്റെ തന്റെ രംഗങ്ങള്‍ ഷൂട്ടിംഗ് തീര്‍ന്നുവെന്ന് മമ്മൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി എന്ന നടന്‍ അടുത്ത കാലത്തായി ഒരു പാട് നല്ല സിനിമകളുടെ ഭാഗമാവുന്നുവെന്ന് പറഞ്ഞാമ് കുറിപ്പ് തുടങ്ങുന്നത്. അല്ലെങ്കില്‍ അദേഹത്തിന്റെ മിക്ക സിനിമകളും ജന ശ്രദ്ധ ആകര്‍ഷിക്കുന്നു.സ്വാഭാവികമായ ഒരു മാറ്റം മാത്രമായി ഇതിനെ കാണാന്‍ പ്രയാസമാണ്. ഒരു പാട് തുടര്‍ പരാജയങ്ങള്‍ നേരിട്ട ഒരു നടന്‍ തന്നെയാണ് ശ്രീ മമ്മൂട്ടി. അതില്‍ മികച്ച സിനിമകളും ഉണ്ടായിട്ടുണ്ട്. കൈയ്യൊപ്പും പാലേരി മാണിക്യവും ലൗഡ് സ്പീക്കറുമൊക്കെ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. മമ്മൂട്ടി എന്ന നടന്റെ കരിയറിന് ന്യൂഡല്‍ഹിക്ക് മുന്‍പും പിന്‍പും എന്നൊരു പ്രയോഗം തന്നെ ഉണ്ട്. പക്ഷെ ആടിയുലഞ്ഞപ്പോഴും മറുകര കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ ഇന്നും മലയാള സിനിമയില്‍ നെഞ്ച് വിരിച്ചു നില്‍ക്കാന്‍ പ്രാപ്തനാക്കുന്നത്. സിനിമയോടുള്ള അടങ്ങാത്ത ഒരു അഭിനിവേശം അദ്ദേഹത്തിനുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

എല്ലാ ചിത്രത്തിലും തന്റേതായ ഒരു വ്യത്യസ്തത പുലര്‍ത്താന്‍ അദ്ദേഹം പരമാവധി ശ്രദ്ധിക്കാറുണ്ട് അതിപ്പോള്‍ ഡയലോഗ് ഡെലിവറി ആവട്ടെ നടത്തം ആവട്ടെ മുഖത്തെ ഭാവങ്ങള്‍ അങ്ങനെ പറയാനേറെയുണ്ട്. ഈ വര്‍ഷം മമ്മൂട്ടിയുടെ ആയിരുന്നു എന്ന് തന്നെ പറയാം. ഭീഷ്മപര്‍വ്വവും പുഴുവും റോഷാക്കുമൊക്കെ അതി ഗംഭീര സിനിമകള്‍ എന്ന് പറയാന്‍ കഴിയില്ലെങ്കിലും(എന്റെ അഭിപ്രായമാണ്) മികച്ച രീതിയില്‍ അതിനെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി എന്ന നടന്റെ അഭിനയ സിദ്ധി തന്നെയാണ് ഈ സിനിമകളിലൊക്കെ പ്രകടമായതും. അത് അദ്ദേഹത്തിന്റെ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ തന്നെയാണ് അതില്‍ യാതൊരു സംശയവുമില്ല. മാറി കൊണ്ടിരിക്കുകയാണ് സിനിമ അവിടെ വെറും കാഴ്ച്ചക്കാരനായി ഇരിക്കാന്‍ മമ്മൂട്ടിയെ പോലെ ഒരു നടന് എങ്ങനെ സാധിക്കും. അയാള്‍ ഇനിയും വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും, അഭിനയത്തിന്റെ കൊടുമുടികള്‍ കയറാനുള്ള താങ്ങും തണലും കൊടുക്കാന്‍ പുതിയ ചെറുപ്പക്കാര്‍ ഉള്ളയിടത്തോളം കാലമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Related Posts