‘മോഹന്‍ലാലിന്റെ മികച്ച പത്തു വേഷങ്ങളില്‍ ഒന്നാണ് സദയത്തിലെ സത്യനാഥന്റേത്’; കുറിപ്പ്

മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. സദയത്തിലെ മോഹന്‍ലാലിന്റെ അഭിനയം ഞാന്‍ എഴുതിയതിനും മേലെയാണ് എന്ന് സാക്ഷാല്‍ എംടി പറയുകയുണ്ടായി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പ് വായിക്കാം.

ചെയ്തതില്‍ ഇപ്പോള്‍ എങ്കിലും കുറ്റബോധം തോന്നുന്നുണ്ടോ എന്ന് ചോദിക്കുമ്പോള്‍ ഇല്ല എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ട് ശാന്തനായി നില്‍ക്കുന്ന സത്യനാഥനെ ഓര്‍ക്കുന്നില്ലേ. മനുഷ്യ മനസ്സിന്റെ സങ്കീര്‍ണതകളെ അതി തീവ്രമായി എംടി സാര്‍ എഴുതിയപ്പോള്‍ അതിനു സിബി മലയില്‍ ഏറ്റവും മികച്ച രീതിയില്‍ ദൃശ്യആവിഷ്‌കാരം നടത്തിയ സിനിമയാണ് സദയമെന്ന് കുറിപ്പില്‍ പറയുന്നു. പെട്ടന്ന് വായിച്ചെടുക്കാന്‍ പറ്റാത്ത മനുഷ്യ മനസ്സ് അതിലെ നൊമ്പരങ്ങള്‍ പൊട്ടിത്തെറികള്‍ ആകുലതകള്‍ ഇതെല്ലാം ഈ സിനിമയുടെ തിരക്കഥയില്‍ ഉണ്ട്. പെട്ടന്ന് വായിച്ചെടുക്കാന്‍ സാധിക്കാത്ത ഒന്നു. ചെറുപ്പകാലം മുതല്‍ രൂപപ്പെട്ടു വരുന്ന സ്വഭാവ വ്യതിയാനങ്ങള്‍, ചുറ്റുപാടും കാണുന്ന കാഴ്ചകളുമായി കൂടി ചേരുമ്പോള്‍ അവന്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഇവിടെ സത്യനാഥന്‍ എന്നയാളും അതുപോലെയാണ്. അനാഥ ബാല്യത്തില്‍ നേരിട്ട അവഗണന പീഡനം കണ്ട ഇഷ്ടപ്പെടാത്ത കാഴ്ചകള്‍ ഇതെല്ലാം അവന്റെയുള്ളില്‍ ഉറങ്ങി കിടന്നിരുന്നു. പൊതുവെ ശാന്ത സ്വഭാവക്കാരനായ കുട്ടി ചിത്രകലയിലുള്ള അവന്റെ കഴിവ് മനസിലാക്കി അവനെ എടുത്തു വളര്‍ത്തുന്ന ഫാദര്‍ ഡോമിനിക്. വലുതായപ്പോഴും അവനിഷ്ടം ആ തൊഴില്‍ തന്നെയായിരുന്നു. എങ്കിലും അവന്‍ ഇഷ്ടപ്പെടാത്ത ചുറ്റുപാടുകളില്‍ നിന്നും മാറി നില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു.

സൈന്‍ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും പെയിന്റ് ചെയ്ത് ഉപജീവനം നടത്തുന്ന ഒരു ചിത്രകാരനായി സത്യന്‍ മാറുന്നു. തന്റെ ജോലിയുടെ ഭാഗമായി അയാള്‍ ഒരു വാടക വീട്ടിലേക്കു താമസം മാറുന്നു. അവിടെയാണ് ജയയും (മാതു) അവളുടെ രണ്ട് സഹോദരിമാരും അമ്മായിമാരോടൊപ്പം താമസിക്കുന്നത്.സത്യനെ സംബന്ധിച്ചു അവിടം ഒരു ദുഷിച്ച സ്ഥലം ആയിരുന്നു. ചെന്നായുടനെ അയാള്‍ക്ക് അത് മനസിലാകുന്നു.കാരണം അയാളുടെ അയല്‍ക്കാര്‍ വേശ്യാ വൃത്തിയുമായി നടക്കുന്ന രണ്ടുസ്ത്രീകള്‍ ആയിരുന്നു അവര്‍ക്കൊപ്പമാണ് ജയയും സഹോദരിമാരും കഴിഞ്ഞിരുന്നത്. ജീവിതത്തില്‍ അവര്‍ക്ക് പ്രതീക്ഷിക്കാന്‍ ഒന്നുമില്ല എന്ന് അയാള്‍ തിരിച്ചറിയുന്നു അമ്മായിമാര്‍ അവരെ വേശ്യാവൃത്തി നടത്താന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്ന സമയത്താണ് സത്യന്റെ അങ്ങോട്ടുള്ള വരവ്..
അവന്‍ കുട്ടികളെ അവരുടെ വിദ്യാഭ്യാസത്തില്‍ സഹായിക്കുന്നു, അവന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ജയയ്ക്ക് ജോലി ലഭിക്കുന്നു. സത്യന് ജയയെ ഇഷ്ടപ്പെടുകയും അവളെ വിവാഹം കഴിക്കാനും ജീവിതത്തില്‍ സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്നു, പക്ഷേ വിധി കരുതി വെച്ചത് മറ്റു ചിലതായിരുന്നു.സത്യന്‍ ജോലി ചെയുന്ന സ്ഥാപനത്തിലെ മുതലാളി വിജയന്‍ (മഹേഷിന്റെ കഥാപാത്രം )യുമായുള്ള ജയയുടെ ബന്ധം അതില്‍ അവള്‍ ഗര്‍ഭിണി ആകുന്നു, വിജയന്‍ അവളെ സ്വീകരിക്കാന്‍ തയാറാകാതെ വരുന്നത്തോടെ ജയയെ അവളുടെ അമ്മായിമാര്‍ വേശ്യാ വൃത്തിക്കു നിര്‍ബന്ധിക്കുന്നു.

സാഹചര്യങ്ങള്‍ അവളെ ഒരു വേശ്യയാകാന്‍ പ്രേരിപ്പിക്കുന്നു. അവളുടെ സഹോദരിമാര്‍ പിന്നീട് അതേ ചതുപ്പുനിലത്തില്‍ മുങ്ങുമെന്ന സൂചനകള്‍ സത്യനു ലഭിക്കുന്നത്തോടെ അങ്ങേയറ്റത്തെ വിഭ്രാന്തിയുടെ ഒരു നിമിഷത്തില്‍ വേശ്യാവൃത്തിയില്‍ നിന്ന് അവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സത്യന്‍ രണ്ട് പെണ്‍കുട്ടികളെയും ഒടുവില്‍ ജയയെ വേശ്യയാക്കിയ തന്റെ മുതലാളി വിജയനെയും സഹായിയെയും കൊല്ലുന്നു. കാര്യം ആ കുട്ടികള്‍ അങ്ങനെ ആകാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല. ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത അഴുക്കു കുഴിയിലേക്ക് ഒന്നുമറിയാത്ത ആ കുട്ടികള്‍ വീഴുന്നത് അയാളെ ആസ്വസ്ഥനാക്കിയിരുന്നിരിക്കണം അയാളുടെ ഭാഷയില്‍ അയാള്‍ അവരെ രക്ഷപെടുത്തി. പക്ഷെ അയാള്‍ ജയയെ കൊല്ലുന്നില്ല. അവള്‍ അത് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്തോ സത്യനു അതിനു കഴിയുന്നില്ല. ഒരുപക്ഷെ ഉള്ളിലെവിടെയോ ഒരു ഇഷ്ടം ഇപ്പോഴും അവളോട് ഉള്ളത് കൊണ്ടായിരിക്കും. വേശ്യവൃത്തി എന്ന സാമൂഹിക തിന്മക്കെതിരെ അത് ഒരു സമൂഹത്തില്‍ ഉണ്ടാക്കുന്ന ആസ്വസ്ഥതക്കെതിരെ അയാള്‍ തന്റെതായ രീതിയില്‍ അയാള്‍ പ്രതികരിക്കുന്നു.അവന്‍ തന്റെ പ്രവൃത്തിയില്‍ ഖേദിക്കുന്നില്ല എന്നാല്‍ പിന്നീട് ധ്യാനത്തിന്റെയും ഏകാന്തതയുടെയും നിമിഷങ്ങള്‍ ഉള്ള സന്ദര്‍ഭത്തിലേക്ക് അയാള്‍ എത്തുമ്പോള്‍ ചിലപ്പോള്‍ ഒക്കെ അയാള്‍ ഒന്നു സംശയിക്കുന്നു. അത് താനാണോ ചെയ്തത് എങ്ങനെ ചെയ്തു എന്നൊക്കെ.


സിനിമ തുടങ്ങുന്നത് തന്നെ സത്യനാഥ് വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലിലേക്ക് വരുന്നിടത്തു നിന്നാണ്. അയാളുടെ ജീവിതം ഫ്‌ലാഷ് ബാക്കിലൂടെ കാണിക്കുന്നത് അവിടെ നിന്നാണ് ശാന്തനായ അയാള്‍ ഒരു ഭാവ വ്യത്യാസങ്ങളും ഇല്ലാതെ ശിക്ഷ പൂര്‍ണമായും ഏല്‍ക്കാന്‍ തയാറായി ജയിലിനുള്ളില്‍. അവിടെയുള്ളവര്‍ക്ക് പോലും അയാളോട് അനുകമ്പ തോന്നുന്നുണ്ട്. ഒരാള്‍ ഒഴികെ. Dr.നമ്പ്യാര്‍ (തിലകന്റെ വേഷം ). കാരണം സത്യന്‍ കൊന്നതില്‍ ഒരാള്‍ നമ്പ്യാരുടെ മക്കന്‍ ആയിരുന്നു. വിജയന്‍. അവിടേക്കു ചോദിച്ചു വാങ്ങിയ ട്രാന്‍സ്ഫര്‍. ജയിലിനുള്ളില്‍ സത്യന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടറിയാന്‍ അയാളില്‍ നിന്നു സത്യം അറിയാന്‍ കൊലമരത്തിലേക്കു പോകുമ്പോള്‍ ഉള്ള അയാളുടെ പിടച്ചില്‍ കാണാന്‍ വേണ്ടി. പക്ഷെ സത്യം അറിയുമ്പോള്‍ എല്ലാവരെയും പോലെ നമ്പ്യാരും തകര്‍ന്നു പോകുകയാണ്. അയാളും ഒരുവേള പ്രാര്‍ത്ഥിക്കുന്നുണ്ട് ശിക്ഷ ഇളവ് കിട്ടാനായി. സത്യേട്ടന് പകരം താനായിരുന്നു വിജയനെ കൊല്ലേണ്ടിയിരുന്നത് എന്ന് ജയ പറയുമ്പോള്‍ അയാള്‍ സത്യനെ പൂര്‍ണമായും ഉള്‍കൊള്ളുന്നു. അവസാനം നിര്‍വാഹമില്ലാതെ അയാള്‍ക്ക് അവിടെ തുടരേണ്ടി വരുന്ന സാഹചര്യം. കീഴ് ക്കോടതികളില്‍ അപ്പീലുകള്‍ പതിവ് കാര്യമെന്ന നിലയില്‍ നല്‍കുന്നുണ്ട്. പോലീസുകാരും മാപ്പുനല്‍കണമെന്ന അപേക്ഷകളും കൊടുക്കാന്‍ ആവശ്യപ്പെടുന്നെങ്കിലും , സത്യന് ജീവിക്കാന്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നീട് ഒരുവേള ജീവിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് മനസ്സിനോട് പറഞ്ഞു തുടങ്ങുമ്പോഴേക്കും വൈകിപോകുകയും ചെയുന്നു. അന്തിമ വിധിയായി വധശിക്ഷ തന്നെ. നാല് കൊലപാതകങ്ങള്‍ അത് കാണിക്കുന്നത് ഒരു വല്ലാത്ത അനുഭവം ആണ് സിനിമയില്‍.ഒരുപക്ഷെ ഒന്നു ഭയപ്പെടുത്തുന്ന അനുഭവം തന്നെ പ്രത്യേകിച്ച് ആ കുട്ടികളെ കൊല്ലുന്നതൊക്ക. അയാളുടെ സ്വഭാവം പൂര്‍ണമായും വന്യമായി പുറത്തു വന്ന നിമിഷങ്ങള്‍.പെട്ടന്ന് വായിച്ചെടുക്കാന്‍ പ്രയാസമുള്ള സീനുകള്‍. അഭിനയിച്ചു പൊളിച്ചടുക്കി ലാലേട്ടന്‍ ആ സീനുകളില്‍ എല്ലാം. (സിബി സാറിന്റെ ഇന്റര്‍വ്യൂ കാണുക അദ്ദേഹം ആ സീനുകളെ കുറിച്ച് പറഞ്ഞതും കേള്‍ക്കുക ).

ആസ്വസ്തമായ വളരെ ടെന്‍സ് ആയ അന്തരീക്ഷത്തെ കൂടുതല്‍ ടെന്‍സ് ആക്കാന്‍ ബിജിഎം വളരെ സഹായിച്ചിട്ടുണ്ട്. ഒപ്പം ആ കൊലപാതക സീനുകളില്‍ ഉപയോഗിച്ചിരിക്കുന്ന റെഡ് കളര്‍ ടോണ്‍ സീനിന്റെ ഉദ്ദേശ്യം വളരെ വന്യമാക്കുന്നതിനു സഹായിച്ചിരിക്കുന്നു.കാവേരി ഓടി വരുന്ന സീന്‍ പിന്നെ കാവേരിയോട് കഥ പറയുന്ന സീന്‍ പിന്നെ താന്‍ ഇത് ചെയ്തില്ലെങ്കില്‍ ആ കുട്ടികളുടെ ജീവിതം വേശ്യ ആയി തീരുമെന്ന തിരിച്ചറിവ് അവരെ കൊല്ലുക എന്നത് അനിവാര്യമാണെന്ന് തിരിച്ചറിയുന്ന സീനുകള്‍ ഒക്കെ മാസ്റ്റര്‍പീസ് ആണെന്ന് നിസംശയം പറയാന്‍ സാധിക്കും. അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു. ഒരിക്കലും അവരെ കൊല്ലണം എന്ന് വിചാരിച്ചു കാണില്ല സത്യന്‍. പക്ഷെ സാഹചര്യം അയാളെ പ്രേരിപ്പിക്കുകയാണ്. അവരുടെ സമൂഹം അവരെ മാന്യമായി ജീവിക്കാന്‍ വിടില്ല എന്ന തിരിച്ചറിവില്‍ ആരുമില്ലാത്ത അവരെ രക്ഷിക്കുകയായിരുന്നു അയാള്‍ എന്ന് വേണമെങ്കില്‍ പറയാം.പക്ഷെ അവസാനം അയാളും…..

എടുത്തു പറയേണ്ടത് അഭിനയിച്ചവരുടെ പ്രകടനം തന്നെയാണ്. ചെറിയ വേഷങ്ങളില്‍ വന്നവര്‍ പോലും നന്നായി പെര്‍ഫോം ചെയ്തു. എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല ഡെപ്ത് ഉള്ള പോലെ തോന്നി. ആരും മോശമാക്കിയില്ല. ജയിലിലെ ഓരോ സീനുകളും മികച്ചതായിരുന്നു. കൃത്യമായി ഓരോരുത്തരുടെയും മാനസികാവസ്ഥ നമുക്ക കിട്ടി. ശ്രീനിവാസന്‍, ടി ജി രവി, മുരളി ഇവരുടെയൊക്കെ വേഷങ്ങള്‍ ശ്രെദ്ധേയമായി. വളരെ സങ്കീര്‍ണമായ സ്‌ക്രിപ്റ്റ് ആയിരുന്നു ഈ സിനിമയുടെ. മോഹന്‍ലാലിന്റെ മികച്ച പത്തു വേഷങ്ങളില്‍ ഒന്നാണിത്. ഇറങ്ങിയപ്പോള്‍ ഈ ചിത്രവും പരാജയം ആയിരുന്നു. പിന്നീട് വാഴ്ത്തിപ്പെട്ടു. എം ടി സാറിനു സ്‌ക്രിപ്റ്റ് നു ദേശീയ അവാര്‍ഡ് നേടികൊടുത്ത സിനിമ. ഇത്രക്കും ഇമോഷണല്‍ ആയ വിഷയങ്ങള്‍ സ്‌ക്രീനില്‍ എത്തിക്കാന്‍ സിബി സാറിനു ഒരു അസാധ്യ കഴിവ് തന്നെയുണ്ട്. ആകാശദൂത്, ഭാരതം, തനിയാവര്‍ത്തനം, സദയം ഇതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.. ക്യാമറ കൈകാര്യം ചെയ്തത് ആനന്ദകുട്ടനും സംഗീതം ജോണ്‍സന്‍ മാഷും ആണ്. മോഹന്‍ലാല്‍- സത്യനാഥ്, തിലകന്‍- ഡോ. നമ്പ്യാര്‍, മാതു- ജയ, നെടുമുടി വേണു- Fr ഡോമീനിക്, ജനാര്‍ദ്ദനന്‍- ജയില്‍ സൂപ്രണ്ട്, മുരളി- ജയിലര്‍ മാധവന്‍, മഹേഷ്- വിജയന്‍, ടി ജി രവി- കണാരന്‍, ശ്രീനിവാസന്‍- കുഞ്ഞാലി, കെ പി എ സി ലളിത-ദേവകിയമ്മ, കാവേരി- ജയയുടെ സഹോദരി, ആഗസ്റ്റിന്‍- ചന്ദ്രന്‍. ഒരുപാട് നൊമ്പരപ്പെടുത്തുന്ന ആത്മ സങ്കര്‍ഷങ്ങളുടെ സദയം.

 

 

Related Posts