”പ്രായമാകാത്തത് മമ്മൂട്ടിക്കല്ല, അദ്ദേഹത്തിന്റെ സിനിമ സ്വപ്നങ്ങള്‍ക്കാണ്” ; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

”പ്രായമാകാത്തത് മമ്മൂട്ടിക്കല്ല, അദ്ദേഹത്തിന്റെ സിനിമ സ്വപ്നങ്ങള്‍ക്കാണ്” ; കുറിപ്പ് ശ്രദ്ധ നേടുന്നു

ലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് മമ്മൂട്ടി നടത്തിയ വര്‍ഷമായിരുന്നു 2022. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി തന്റേതാക്കി മാറ്റിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. 2023 ന്റെ തുടക്കവും മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ മറ്റൊരു നാഴികക്കല്ല് ആകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. നന്‍പകല്‍ നേരത്തൊരു പരകായപ്രവേശമായിരുന്നു ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പ്രകടനം. നടിപ്പ് കൊണ്ട് മലയാളത്തിന്റെ മഹാനടന്‍ അദ്ഭുതകരമായ കാഴ്ചയാണ് നന്‍പകല്‍ നേരത്ത് മയക്കം വഴി വെള്ളിത്തിരയില്‍ ഒരുക്കുന്നത്. താരമായും നടനായും ഒരേ സമയം അത്ഭുതപ്പെടുത്താന്‍ കഴിയുന്ന പ്രതിഭയായാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ എന്നും കാണാറുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തെ മമ്മൂട്ടിയുടെ അഭിനയ ജീവിതം വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

അര്‍ഹിക്കുന്ന രീതിയില്‍ ചര്‍ച്ച ചെയ്യപെടാതെ പോയ നടനാണ് മമ്മൂട്ടിയെന്ന് പലപ്പോഴും തോന്നിയിട്ട് ഉണ്ട്. ഈ വര്‍ത്തമാനകാലത്തില്‍ പോലും മമ്മൂട്ടിയുടെ എഴുപത്തിയൊന്നിലെ സൗന്ദര്യത്തെ കുറിച്ചുള്ള വര്‍ണ്ണനകള്‍ എഴുതിപിടിപ്പിച്ച ആവശ്യവും അനാവശ്യവുമായ പല കുറിപ്പുകളും സമീപകാലങ്ങളില്‍ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ഈ എഴുപത്തിയൊന്നിലും ഒരു കുറവും വരാത്ത പുതുമകള്‍ തേടി പോകുന്ന ഒട്ടും പ്രായമാകാത്ത അയാളിലെ അഭിനേതാവിനെ അര്‍ഹിക്കുന്ന രീതിയില്‍ വിശകലനം ചെയ്ത കുറിപ്പുകള്‍ എണ്ണത്തില്‍ കുറവേ കണ്ടിട്ടുള്ളൂ. മമ്മൂട്ടി എന്ന മനുഷ്യ ശരീരത്തിന് എഴുപത്തിയൊന്നു വയസ്സായി എന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസമില്ല, പക്ഷെ എന്നെ സംബന്ധിച്ച് മമ്മൂട്ടി എന്ന നടന് പ്രായമായിട്ടില്ല,

ഇപ്പോഴും കൂടെ അഭിനയിച്ചവരേക്കാളും ശേഷം വന്നവരേക്കാളും പുതുതലമുറയിലുള്ളവരെക്കാളും ഏറെ മുകളിലാണ് അദ്ദേഹം. സംശയമുള്ളവര്‍ക്ക് ഒരു എഴുപത്തിയൊന്ന് വയസ്സ് കഴിഞ്ഞ നടന്റെ കഴിഞ്ഞ വര്‍ഷത്തെ കഥാപാത്രങ്ങളാണ് താഴെ, ഭീഷ്മയിലെ കാരണവര്‍ മൈക്കിളപ്പന്‍ പുഴുവിലെ ടോക്‌സിക് പാരന്റ് കുട്ടന്‍ റൊഷാക്കിലെ പ്രതികാരദാഹിയായ ലൂക്ക് ആന്റണി നന്‍പകല്‍ നേരത്ത് മയക്കത്തിലെ നാടകക്കാരന്‍ ജെയിംസും ഉള്‍നാടന്‍ തമിഴ് ഗ്രാമത്തിലെ കര്‍ഷകന്‍ സുന്ദരവും എന്തൊരു കഥാപാത്രവൈവിദ്ധ്യമാണ് അയാള്‍ ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നത്.

മറ്റേത് നടന്‍ ആയിരുന്നാലും ഒരുപാട് പ്രശംസകള്‍ കൊണ്ട് മൂടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ സിനിമകള്‍ ഒന്നും ഇഷ്ടപെടാത്തവര്‍ പോലും മമ്മൂട്ടിയെ കുറിച്ച് മറിച്ചു പറയും എന്ന് വിചാരിക്കുന്നില്ല. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു പ്രായമാകാത്തത് മമ്മൂട്ടിക്കല്ല അദ്ദേഹത്തിന്റെ സിനിമ സ്വപ്നങ്ങള്‍ക്കാണ് ഇനിയും കൊതി തീരാതെ അഭിനയിക്കാന്‍ ഉള്ള അയാളിലെ സിനിമാആവേശത്തിനാണ് അയാളിലെ നടനാണ്.