‘മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം’; കുറിപ്പ് വൈറല്‍
1 min read

‘മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം’; കുറിപ്പ് വൈറല്‍

ലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ജയറാം. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. പത്മരാജന്‍ സംവിധാനം ചെയ്ത അപരനിലൂടെയായാണ് ജയറാം തുടക്കം കുറിച്ചത്. മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച് വരികയാണ് ജയറാം. കരിയറിലെ തന്നെ മികച്ച വേഷമായിരിക്കും ചിത്രത്തിലേതെന്നാണ് താന്‍ കരുതുന്നതെന്ന് ജയറാം പറഞ്ഞത്. ഇപ്പോഴിതാ ഒരു കുറിപ്പാണ് വൈറലാവുന്നത്. മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാമിനേയും ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തെയും കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്.

ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന്റെ രണ്ടാം പകുതി സംവിധായകന്‍ ഇപ്പോള്‍ കാണുന്നത് പോലെ ആയിരുന്നില്ല ഉദ്ദേശിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. നയന്‍താരയുടെ ആദ്യ ഭര്‍ത്താവയി ജയറാം വരുന്നതും, മമ്മൂട്ടി നയന്‍ താര, ജയറാം ഇവര്‍ക്കിടയില്‍ നടക്കുന്ന ഇമോഷണല്‍ ഡ്രാമയും ആയിരുന്നു സംവിധായകന്‍ ആദ്യം എഴുതിയ സ്‌ക്രിപ്റ്റില്‍. പക്ഷെ ജയറാമിനെ ആ വേഷം ചെയ്യാന്‍ സമീപിച്ചപ്പോള്‍ ഒരു നെഗറ്റീവ് ഷെയിഡ് തന്റെ കഥാപാത്രത്തിനു വരും എന്ന് കരുതി ജയറാം ആ ഓഫര്‍ നിരസിച്ചു. ജയറാം നിരസിച്ചപ്പോള്‍ ആദ്യ ഭര്‍ത്താവിനെ ഒരു അധോലോക നായകനാക്കി പടത്തിന്റെ രണ്ടാം പകുതി വെടിയും പുകയുമാക്കി നല്ല രീതിയില്‍ പ്രേക്ഷകനെ മുഷിപ്പിച്ചു.

ഒരുപക്ഷെ ‘ഇന്നലെ’ യില്‍ സുരേഷ് ഗോപി കൈയ്യടി നേടിയത് പോലെ ഭാര്യയെ വിട്ട് കൊടുക്കുന്ന രീതിയിലുള്ള കഥ ആയിരുന്നു സിദ്ദിക്ക് പ്ലാന്‍ ചെയ്തിരുന്നത്. തമിഴ് / തെലുഗു ചിത്രങ്ങളില്‍ വില്ലനും സഹനടനും അപ്രധാന വേഷങ്ങളും ചെയ്യാന്‍ താല്പര്യം കാണിക്കുന്ന ജയറാം ഭാസ്‌കര്‍ ദി റാസ്‌കല്‍ ചെയ്യാതെയിരുന്നത് ചിത്രത്തിന് ദോഷമായി ഭവിച്ചു എന്ന് പറഞ്ഞാലും തെറ്റില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

സിദ്ദിഖ് സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍. മമ്മൂട്ടി, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. സനൂപ് സന്തോഷ്, ബേബി അനിഘ, ജനാര്‍ദ്ദനന്‍, ജെ.ഡി. ചക്രവര്‍ത്തി, ഇഷ തല്‍വാര്‍, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് വിചാരിച്ചത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല.