‘മലയാള സിനിമ നിലനിര്‍ത്തുന്നത് ബുദ്ധിജീവികള്‍ അല്ല, കച്ചവട സിനിമാ താരങ്ങള്‍ തന്നെയാണ്’; കുറിപ്പ്
1 min read

‘മലയാള സിനിമ നിലനിര്‍ത്തുന്നത് ബുദ്ധിജീവികള്‍ അല്ല, കച്ചവട സിനിമാ താരങ്ങള്‍ തന്നെയാണ്’; കുറിപ്പ്

ലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. രണ്ട് പേരും കരിയറില്‍ ഇതിനകം നേടിയെടുത്ത നേട്ടങ്ങള്‍ നിരവധി ആണ്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹന്‍ലാലും മമ്മൂട്ടിയും ആദ്യ കാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2022ല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെ കഴിഞ്ഞ വര്‍ഷം നിരാശരാക്കിയ താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ മലയാളത്തിലെ രണ്ട് പ്രിയ താരങ്ങളുടെയും പുതിയ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇതിനിടയില്‍ താരങ്ങളെയെല്ലാം പരിഹസിച്ചും പുച്ഛിച്ചും ചില പരാമര്‍ശങ്ങള്‍ നടത്തുകയും വിവാദമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

പത്തു മുപ്പതു കൊല്ലക്കാലമായി, മലയാള സിനിമയുടെ കച്ചവട സാധ്യതകളെ അതിന്റെ പരമാവധിയില്‍ എത്തിക്കാന്‍ കഴിഞ്ഞ രണ്ട് താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴും ഇവര്‍, മലയാള സിനിമാ കച്ചവടത്തിന്റെ ആദ്യ സാദ്ധ്യതകളുടെ ശക്തമായ ആദ്യ പേരുകാര്‍ തന്നെയാണ്. സുരേഷ് ഗോപിയും, ജയറാമും ദിലീപും ബിജു മേനോനും പ്രിത്വി രാജും തുടങ്ങി ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനും ദുല്‍കര്‍ സല്‍മാനും ടോവിനോ തോമസും ഉണ്ണി മുകുന്ദനും ആസിഫ് അലിയും നിവിന്‍ പോളിയും എല്ലാം, മലയാള സിനിമയെ കച്ചവടം നടത്തി ലാഭം നേടിക്കൊടുക്കുന്ന താരങ്ങളാണ്. മലയാള സിനിമ എന്നല്ല ഏത് സിനിമയും നന്നായി വിറ്റു പോകാനും ലാഭം ഉണ്ടാക്കാനുമാണ് നിര്‍മ്മിക്കുന്നത്. ‘കല’ക്കപ്പുറം ലാഭം കൊയ്യാന്‍ കഴിയുന്ന ഒരു നല്ല വ്യവസായമാണ് സിനിമ. ഇവരൊക്കെ കൂടി മലയാള സിനിമയെയും അതുകൊണ്ട് ജീവിക്കുന്ന സിനിമാ മേഖലയിലെ മറ്റ് പതിനായിരക്കണക്കിന് പേരുടെ ജീവിതങ്ങളെയും പ്രകാശപൂരിതമാക്കുന്നു.

ഇതിനിടയില്‍ പഴയ ചിലര്‍, ആര്‍ക്കും അവനവനും മനസ്സിലാകാത്ത, ‘മഹാ ക്ലാസ്സിക്കുകള്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സിനിമ എന്ന പേരില്‍ ബുദ്ധി ജീവി അഭ്യാസങ്ങള്‍ നടത്തുന്നു. ഇവിടെ ആരും കാണില്ല എന്നുറപ്പുള്ളത് കൊണ്ട്, സ്വാധീനം ഉപയോഗിച്ച് യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നടത്തുന്ന ചെറിയ ചെറിയ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നു. എന്നിട്ട്, എന്റെ മലയാള സിനിമ ആ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ഈ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു എന്നൊക്കെ ഊറ്റം പറഞ്ഞു ‘മഹാ ചലച്ചിത്രകാരന്‍’ എന്ന ലേബല്‍ സ്വയം ചാര്‍ത്തി നടക്കുന്നു. ഇക്കൂട്ടരേ കൊണ്ട് ഇവര്‍ക്കല്ലാതെ, മലയാള സിനിമാ വ്യവസായത്തിന് ഒരു എള്ളു മണിയുടെ ഉപയോഗം പോലുമില്ല.

എന്നാലും തങ്ങളാണ് മലയാള സിനിമയെ രാജ്യാന്തര തലത്തില്‍ പ്രസിദ്ധി നേടിക്കൊടുക്കുന്ന മഹാന്മാര്‍ എന്ന് നടിച്ചു കൊണ്ടേയിരിക്കുന്നു. എന്നിട്ട് മലയാള സിനിമാ വ്യവസായത്തെ നില നിര്‍ത്തി പോരുന്ന താരങ്ങളെ പുച്ഛിക്കുന്നു. പരിഹസിക്കുന്നു… ‘പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല…’ എന്നതാണ് ഇവരുടെയൊക്കെ സ്ഥിതി…. എങ്കിലും ഇവര്‍ അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇത്തരക്കാരോട് ഒന്നേ പറയാനുള്ളൂ. മലയാള സിനിമ നിലനിര്‍ത്തുന്നത് ബുദ്ധിജീവികള്‍ അല്ല. കച്ചവട സിനിമാ താരങ്ങള്‍ തന്നെയാണ്. അവര്‍ നന്നായി പണവും സമ്പാദിക്കുന്നു. അവരോട് കെറുവ് തോന്നിയിട്ടെന്തു കാര്യം ഹേ…!

നിങ്ങള്‍ നിങ്ങളുടെ പണി ചെയ്യൂ. അവര്‍ അവരുടെയും ചെയ്യട്ടെ….. സിനിമ ആത്യന്തികമായി ഒരു കച്ചവടം ആണ്. അതിനപ്പുറം കോടികള്‍ മുടക്കുന്ന ചൂതാട്ടവും. അതിന് ഇത്തരം ‘നല്ല റൗഡികള്‍’ സിനിമക്ക് ആവശ്യമാണ്. സിനിമ എന്ന വ്യവസായം നില നില്‍ക്കേണ്ടേ സര്‍. സിനിമ നിലനിന്നാലല്ലേ ഇതിനിടയില്‍ നിങ്ങളുടെ ‘ബുദ്ധിജീവി അഭ്യാസങ്ങളും’ നടക്കൂ….